രോഗമുക്തി നാലായിരം കടന്നു
text_fieldsദോഹ: കുത്തനെ ഉയർന്ന പ്രതിദിന കോവിഡ് കണക്കുകൾ താഴ്ന്നപ്പോൾ, രോഗമുക്തരുടെ എണ്ണം നാലായിരം കടന്നു. 3204 പേർക്കാണ് വെള്ളിയാഴ്ച രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം, 4072 പേർ രോഗ മുക്തരായി. രണ്ടാഴ്ച മുമ്പുവരെ കോവിഡിൽ പനിച്ചുവിറച്ച ഖത്തറിന് ആശ്വാസമായാണ് കഴിഞ്ഞ ഓരോ ദിനങ്ങളിലെയും റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
2772 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. 432 പേർ വിദേശങ്ങളിൽ നിന്നും തിരിച്ചെത്തിയവരാണ്. നിലവിലെ രോഗികളുടെ എണ്ണം 40,832 ആയി. 29,014 പേർക്കാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. ആശുപത്രിയിൽ 522 പേർ ചികിത്സയിലുണ്ട്. ഇതിൽ 51 പേരെ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചതാണ്. 106 പേർ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്നുണ്ട്. 24 മണിക്കൂറിനിടെ 39,808 ഡോസ് വാക്സിൻ നൽകി. ഇതുവരെ ആകെ 55.83 ലക്ഷം ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് ലംഘനം: 1507 പേർക്കെതിരെ നടപടി
ദോഹ: കോവിഡ് വ്യാപനത്തിനിടയിലും മാസ്കണിയാതെയും സാമൂഹ്യ അകലം പാലിക്കാതെയും പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയുമായി ആഭ്യന്തര മന്ത്രാലയം. വെള്ളിയാഴ്ച 1507 പേർക്കെതിരെയാണ് കേസ് ചുമത്തിയത്. 973 പേർക്കെതിരെയും മാസ്ക് ഇല്ലാത്തതിനാലാണ് നടപടി. 501 പേർക്കെതിരെ സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് നടപടി സ്വീകരിച്ചു. 33 പേർ ഇഹ്തിറാസ് ആപ്ലിക്കേഷൻ ഇല്ലാത്തതിനും നടപടിക്ക് വിധേയരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.