മെസ്സിയെ കൺ നിറയെ കണ്ടദിനം
text_fieldsകഴിഞ്ഞ ലോകകപ്പിൽ റഷ്യയിൽ കാണാൻ കഴിയാതെ പോയ അർജൻറീനയുടെ മത്സരങ്ങളും ഖത്തറിൽ കാണാനുള്ള ഭാഗ്യവുമായാണ് ഇത്തവണ ഞാൻ ലോകകപ്പിനെത്തിയത്. ഒന്നല്ല, ഗ്രൂപ്പിലെ എല്ലാ മത്സരങ്ങൾക്കുമുള്ള ടിക്കറ്റുമായി ചൊവ്വാഴ്ച രാവിലെ ഖത്തറിൽ വിമാനമിറങ്ങി. അൽ ഖോറിലെ താമസ സ്ഥലത്തെത്തി ഫ്രഷായി, കൂട്ടുകാർക്കൊപ്പം നേരെ ലുസൈൽ സ്റ്റേഡിയത്തിലേക്ക്.
നീലക്കടൽ പോലെ മെട്രോയിൽ ഒഴുകിയ അർജൻറീന ആരാധക കൂട്ടത്തിനൊപ്പം ചേർന്ന് അവരിൽ ഒരാളായി കളിമുറ്റത്തേക്ക്. നാട്ടിൽ നിന്നും നേരത്തെ എത്തിയ വിജയേട്ടനും (ഐ.എം വിജയൻ) കൂടെയുണ്ടായിരുന്നു. ഫുട്ബാളിനെ സ്നേഹിച്ചു തുടങ്ങിയ നാൾ മുതൽ ഹൃദയത്തിൽ താലോലിക്കുന്ന അർജൻറീനയുടെയും, ഇഷ്ട താരമായ ലയണൽ മെസ്സിയുടെയും മത്സരം ഗാലറിയിലിരുന്ന് നേരിട്ട് കാണുന്നതിൻെറ ത്രില്ലിലായിരുന്നു ഞങ്ങൾ.
ലുസൈലിലെ കൂറ്റൻ സ്റ്റേഡിയത്തിൽ നിറഞ്ഞു കവിഞ്ഞ ഗാലറിയും, നീലക്കടലുമെല്ലാം അതിശയിപ്പിക്കുന്നതായിരുന്നു. ആ ആരവങ്ങൾക്കിടയിലേക്കാണ് കാലിൽ ഇന്ദ്രജാലമൊളിപ്പിച്ച, എളിമയും വിനയവും ആദരവുമെല്ലാം വാരിപ്പുണരുന്ന ആ മനുഷ്യൻ എത്തിയത്. ഏറെക്കാലമായി മോഹിച്ച കാഴ്ചയായിരുന്നു അത്. എന്നാൽ, ഒരു അർജൻറീന ആരാധകൻ എന്ന നിലയിൽ മത്സര ഫലം നിരാശപ്പെടുത്തി. അതേസമയം, ഏഷ്യയിൽ നിന്നുള്ള ഒരു മികച്ച ടീമിൻെറ വിജയം എന്ന നിലയിൽ സൗദിയുടെ പ്രകടനം അഭിമാനം നൽകുന്നതാണ്.
കഴിഞ്ഞ 36 മത്സരങ്ങളിൽ തോൽവിയറിയാതെ കുതിച്ചെത്തിയതിൻെറ മികവൊന്നും സൗദിക്കെതിരെ കണ്ടില്ല. അടിമുടി അർജൻറീനക്ക് പിഴച്ച ദിവസമായിരുന്നു ചൊവ്വാഴ്ച. പ്രതിരോധവും, മധ്യനിരയും മുേന്നറ്റവുമെല്ലാം പാളി. അതേസമയം, ഒന്നും നഷ്ടപ്പെടാനില്ലാത്തവരുടെ മനോഭാവത്തിലായിരുന്നു സൗദിയുടെ പോരാട്ടം. ആദ്യ പകുതിയിൽ ഗോൾ വഴങ്ങിയെങ്കിലും ശക്തമായി തിരിച്ചടിക്കാനും, അതിവേഗ നീക്കങ്ങൾ നടത്താനും തയ്യാറായതോടെ സൗദി കളിയിൽ മേധാവിത്വം സ്ഥാപിച്ചു. എതിരാളിയുടെ വലിപ്പത്തിനു മുന്നിൽ ഭയക്കാതെ സൗദി കളിക്കുകയും അതിൻെറ ഫലം നേടുകയും ചെയ്തുവെന്നാണ് എൻെറ വിലയിരുത്തൽ.
ഇഷ്ട ടീമിൻെറ ആദ്യ മത്സരം തോൽവിയോടെ കണ്ടു തീർത്തതിൻെറ നിരാശയുണ്ടെങ്കിലും അടുത്ത കളിയോടെ അർജൻറീന തിരിച്ചെത്തുമെന്ന വിശ്വാസമുണ്ട്. അർജൻറീന -മെക്സികോ, അർജൻറീന -പോളണ്ട് മത്സരങ്ങളുടെ വേദിയിലും ഞാനുണ്ടാവും. ഇതിനു പുറമെ, സെർബിയ-ബ്രസീൽ, ജർമനിയുടെ മത്സരങ്ങൾ തുടങ്ങി ഗ്രൂപ്പ് റൗണ്ടിൽ ഏതാനും കളികൾ കൂടി കാണാനുണ്ടാവും. ചൊവ്വാഴ്ചരാത്രിയിൽ ഫ്രാൻസ്-ആസ്ട്രേലിയ മത്സരത്തിനും സാക്ഷിയായിരുന്നു. കിലിയൻ എംബാപ്പെയുടെ നേതൃത്വത്തിൽ ഫ്രാൻസ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചതിന് സാക്ഷിയാവാൻ കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.