ഹമദ് വിമാനത്താവള വികസനം 2022 സെപ്റ്റംബറിൽ പൂർത്തിയാകും –അൽ ബാകിർ
text_fieldsദോഹ: ഹമദ് രാജ്യാന്തര വിമാനത്താവള വികസന പദ്ധതി 2022 സെപ്റ്റംബറോടെ പൂർത്തിയാകുമെന്ന് ഖത്തർ എയർവേയ്സ് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ. കോവിഡ് മഹാമാരിയടക്കമുള്ള വെല്ലുവിളികൾക്കിടയിലും ഖത്തർ എയർവേയ്സ് ആഗോള തലത്തിൽ സർവിസുകൾ വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ 130 ഇടങ്ങളിലേക്ക് ഖത്തർ എയർവേയ്സ് സർവിസ് നടത്തുന്നുണ്ട്. ഇത് 180 ആക്കി വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും അക്ബർ അൽ ബാകിർ വ്യക്തമാക്കി.
ഖത്തർ എയർവേയ്സ് സർവിസുകൾ കൂടുതൽ നഗരങ്ങളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കുന്നത് തുടരും. ദോഹയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അക്ബർ അൽ ബാകിർ. അറബ് എയർ കാരിയേഴ്സ് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. നേരത്തെയുണ്ടായിരുന്ന 180 ഡെസ്റ്റിനേഷനുകൾ എന്നതിലേക്ക് സമീപ ഭാവിയിൽതന്നെ എത്തും. കോവിഡ് മഹാമാരിയെ തുടർന്ന് സർവിസുകൾ നിർത്തിവെക്കാത്ത ഏക വിമാന കമ്പനിയാണ് ഖത്തർ എയർവേയ്സ്.
ആളുകളെ സുരക്ഷിതമായി കുടുംബങ്ങളിലേക്കും സ്വദേശങ്ങളിലേക്കും എത്തിക്കുന്നതിലും കോവിഡ് വാക്സിൻ, മരുന്നുകൾ, മറ്റു മെഡിക്കൽ സഹായങ്ങൾ എന്നിവ വിവിധ രാജ്യങ്ങളിലേക്ക് എത്തിക്കുന്നതിലും ഖത്തർ എയർവേയ്സ് വലിയ പങ്കുവഹിച്ചു -അദ്ദേഹം ചൂണ്ടിക്കാട്ടി. ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ വികസന പദ്ധതികളുടെ ഭാഗമായുള്ള നിർമാണ പ്രവൃത്തികൾ യഥാർഥ പാതയിലാണ്. സമയബന്ധിതമായി പൂർത്തിയാക്കും. രാജ്യത്തിെൻറ സാമ്പത്തിക വൈവിധ്യവത്കരണത്തിൽ ഹമദ് വിമാനത്താവളം വലിയ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.