ഹമദ് വിമാനത്താവള വികസനം ദ്രുതഗതിയിൽ
text_fieldsദോഹ: ഹമദ് രാജ്യാന്തര വിമാനത്താവള വികസനം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും 2022ഓടെ പ്രതിവർഷം 58 മില്യൻ യാത്രക്കാരെ ഉൾക്കൊള്ളാൻ വിമാനത്താവളത്തിനാകുമെന്നും ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ. 2022ൽ ലോകകപ്പ് കഴിയുന്നതോടെ വിമാനത്താവള വിപുലീകരണം അന്തിമഘട്ടത്തിലേക്ക് പ്രവേശിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ പ്രതിവർഷം 70 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ വിമാനത്താവളത്തിനാകും.
സ്കൈ ട്രാക്സിെൻറ കോവിഡ്-19 സുരക്ഷാ മാനദണ്ഡങ്ങൾ പൂർത്തിയാക്കിയ ലോകത്തിലെ ആദ്യ വിമാനത്താവളമായി ഹമദ് തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ട്. ഈ രംഗത്തെ പ്രഥമ എയർലൈനെന്ന ഖ്യാതി ഖത്തർ എയർവേസിനാണെന്നത് സന്തോഷമുളവാക്കുന്നതാണെന്നും അൽ ബാകിർ വ്യക്തമാക്കി. അധിക വിമാനത്താവളങ്ങളും നടപ്പാക്കാത്ത രീതിയിലുള്ള സുരക്ഷാ മുൻകരുതലുകളാണ് ഹമദിൽ നടപ്പാക്കിയത്. ചില വിമാനത്താവളങ്ങൾ ഇതുസംബന്ധിച്ച് പരസ്യങ്ങൾ പുറത്തുവിട്ടെങ്കിലും നടപ്പാക്കുന്നതിൽ പരാജയപ്പെടുകയാണുണ്ടായത്.
സാങ്കേതിക വിദ്യയിൽ ഹമദ് രാജ്യാന്തര വിമാനത്താവളവും ഖത്തർ എയർവേസും വലിയ നിക്ഷേപമാണിറക്കുന്നത്. അണുവിമുക്തമാക്കുന്നതിലടക്കം അത്തരം സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇതിലൂടെ വിമാനത്താവളത്തിലെ അപകട സാധ്യത 0.0001 ശതമാനമായി കുറക്കാൻ സാധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിരോധ മേഖലയിൽ സ്കൈ ട്രാക്സിെൻറ പഞ്ചനക്ഷത്ര പദവിയാണ് ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിന് ഇൗയടുത്ത് ലഭിച്ചത്. ഇതോടെ മിഡിലീസ്റ്റിലും ഏഷ്യയിലും ഈ പദവി ലഭിക്കുന്ന ആദ്യ വിമാനത്താവളമായി ഹമദ് മാറി. ആഗോള തലത്തിൽതന്നെ ചുരുക്കം വിമാനത്താവളങ്ങൾക്ക് മാത്രമാണ് ഈ പദവി ലഭിച്ചിരിക്കുന്നത്.
പഴുതടച്ച കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളാണ് ഹമദിന് തുണയായത്. കോവിഡ്-19 സുരക്ഷാ മാനദണ്ഡങ്ങൾ വിമാനത്താവളത്തിൽ നടപ്പാക്കിയെന്ന് സ്കൈ ട്രാക്സ് വിലയിരുത്തി. വിമാനത്താവളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഒക്ടോബർ മാസത്തിലാണ് സ്കൈ ട്രാക്സ് അധികൃതർ പരിശോധിച്ചത്. പരിശോധനകളിലെ കാര്യക്ഷമത, വിഷ്വൽ ഒബ്സർവേഷൻ അനലൈസിസ്, എ.ടി.പി സാംപ്ലിങ് ടെസ്റ്റ് എന്നിവയെ ആധാരമാക്കിയായിരുന്നു പരിശോധന. സാമൂഹിക അകലം പാലിക്കുന്നതിലെ പ്രായോഗികതയും പ്രയോജനവും, ഹാൻഡ് സാനിെറ്റെസർ സംവിധാനങ്ങളുടെ ലഭ്യതയും ഗുണമേന്മയും, ശുചിത്വം എന്നിവയും പരിശോധനയിൽ നിർണായകമായി.
വിമാനത്താവള ജീവനക്കാരുടെ വ്യക്തിശുചിത്വവും പി.പി.ഇ കിറ്റ് ഉപയോഗവും തെർമൽ പരിശോധന നടപടിയും മാസ്ക്, ശുചിത്വം, വൃത്തി എന്നിവയും സ്കൈ ട്രാക്സ് പരിശോധിച്ചിരുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിെൻറ ഭാഗമായി ഈയടുത്ത് 15 പി.പി.ഇ വെൻഡിങ് മെഷീനുകൾ സ്ഥാപിച്ചിരുന്നു. ഒപ്പം മാസ്ക്, കൈയുറ, സാനിറ്റൈസറുകൾ, ഫേസ് ഷീൽഡ് സംവിധാനങ്ങളും യാത്രക്കാർക്ക് അധികൃതർ ഉറപ്പുവരുത്തുന്നുണ്ട്. യാത്രക്കാരുടെ ശരീരതാപനില ദൂരെ നിന്നുതന്നെ അളക്കാനുള്ള പ്രത്യേക തെർമൽ ഹെൽമറ്റ് ധരിച്ച ജീവനക്കാരെയും നിയോഗിച്ചിരുന്നു. വികസനം പൂർത്തിയാകുന്നതോടെ യാത്രക്കാരുടെയും വിമാനങ്ങളുെടയും എണ്ണത്തിൽ വിമാനത്താവളം വൻകുതിച്ചുചാട്ടം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.