ഡിജിറ്റൽ പാസ്പോർട്ട് വരുന്നു, ഖത്തർ എയർവേസിൽനേരിട്ടുള്ള സമ്പർക്കം
text_fieldsദോഹ: അയാട്ടയുടെ പുതിയ ട്രാവൽ പാസായ ഡിജിറ്റൽ പാസ്പോർട്ട് മൊബൈൽ ആപ് പരീക്ഷിക്കാനൊരുങ്ങി ഖത്തർ എയർവേസ്. അയാട്ട (ഇൻറർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ)യുമായി സഹകരിച്ച് മാർച്ച് 2021 മുതൽ ഡിജിറ്റൽ പാസ്പോർട്ട് നടപ്പാക്കാനാണ് ഖത്തർ എയർവേസ് തീരുമാനിച്ചിരിക്കുന്നത്. ഇതു പ്രാബല്യത്തിൽ വരുന്നതോടെ ഡിജിറ്റൽ പാസ്പോർട്ട് നടപ്പാക്കുന്ന മിഡിലീസ്റ്റിലെ പ്രഥമ എയർലൈനായി ഖത്തർ എയർവേസ് മാറും.
ഖത്തർ എയർവേസിെൻറ ദോഹ- ഇസ്തംബൂൾ സെക്ടറിലായിരിക്കും ആദ്യഘട്ടത്തിൽ ഡിജിറ്റൽ പാസ്പോർട്ട് നടപ്പാക്കുന്നത്. നേരിട്ടുള്ള സമ്പർക്കം കൂടുതൽ കുറക്കുന്നതിലൂടെ യാത്രക്കാർക്കും സുരക്ഷിതവും തടസ്സവുമില്ലാതെ മികച്ച യാതാനുഭവം നൽകുകയാണ് ഖത്തർ എയർവേസ് ലക്ഷ്യമിടുന്നത്.ഡിജിറ്റൽ പാസ്പോർട്ടിലൂടെ യാത്രക്കാരന് കോവിഡ്-19 പരിശോധന ഫലം ലഭിക്കാനും അതുവഴി യാത്രക്ക് യോഗ്യനാണോ എന്ന് അറിയാനും സാധിക്കും.
കൂടാതെ, ഒകെ ടു ട്രാവൽ (യാത്ര ചെയ്യുന്നതിന് യോഗ്യൻ) എന്ന സ്റ്റാറ്റസ് യാത്രക്കാരൻ വിമാനത്താവളത്തിലെത്തുന്നതിനു മുമ്പുതന്നെ വിമാനക്കമ്പനിയുമായും മറ്റ് അധികൃതരുമായും ആപ് പങ്ക് വെക്കുകയും ചെയ്യും. ഇതിലൂടെ കൂടുതൽ പ്രതിബന്ധങ്ങളില്ലാതെ സുരക്ഷിതമായ യാത്ര ഉറപ്പുവരുത്താൻ യാത്രക്കാരന് സാധിക്കുന്നു.
യാത്ര ചെയ്യാനുദ്ദേശിക്കുന്ന രാജ്യത്തെ ഏറ്റവും പുതിയ കോവിഡ്-19 വിവരങ്ങളും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും മറ്റു നിർദേശങ്ങളും ആപ് വഴി യാത്രക്കാരന് ലഭ്യമാകുന്നതോടെ ലക്ഷ്യസ്ഥാനത്തെക്കുറിച്ച ആശങ്കകൾക്കും വിരാമമാകും.അയാട്ടയുമായി സഹകരിച്ച് പുതിയ കോവിഡ്-19 സുരക്ഷാ പരിപാടിയായ ഡിജിറ്റൽ പാസ്പോർട്ട് നടപ്പാക്കുന്നതോടെ യാത്രക്കാരുടെ സുരക്ഷ കൂടുതൽ ഉറപ്പുവരുത്താനാകുമെന്നും തടസ്സങ്ങളില്ലാതെ മികച്ച യാത്രാനുഭവം നൽകാൻ സാധിക്കുമെന്നും ഖത്തർ എയർവേസ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു.
നൂതന സംവിധാനം നടപ്പാക്കുന്നതോടെ മിഡിലീസ്റ്റിലെ ആദ്യ എയർലൈനെന്ന പദവിയും ഖത്തർ എയർവേസിന് ലഭിക്കുമെന്ന് അൽ ബാകിർ കൂട്ടിച്ചേർത്തു.യാത്രക്കാരുടെ വാക്സിനേഷൻ സംബന്ധമായ എല്ലാ വിവരങ്ങളും ആപ് വഴി ലഭ്യമാകുമെന്ന് അയാട്ട ഡയറക്ടർ ജനറൽ അലക്സാേന്ദ്ര ഡി. ജൂനിയാക് പറഞ്ഞു.
വാക്സിനേഷൻ രേഖകൾ ക്വാറൻറീനില്ലാതെ യാത്ര ചെയ്യുന്നതിന് ആവശ്യമായി വരുമെന്നും യാത്രക്കാരെൻറ ഐഡൻറിറ്റിയും ഡിജിറ്റൽ യാത്രാ വിവരങ്ങളും സുരക്ഷിതമായി ലിങ്ക് ചെയ്യാൻ സാധിക്കുമെന്ന ആത്മവിശ്വാസം യാത്രക്കാർക്കും സർക്കാറിനും ഉണ്ടാക്കാൻ ഡിജിറ്റൽ പാസ്പോർട്ട് പരീക്ഷണം സഹായിക്കുമെന്നും ഡി. ജൂനിയാക് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.