'ഡോണ്ട് ലൂസ് ഹോപ്പ്' മാനസികാരോഗ്യ കാമ്പയിന്‍ സമാപനം നാളെ
text_fieldsദോഹ: വർത്തമാനകാല സമൂഹത്തെ മാനസികമായി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായി യുവജന സംഘടനയായ ഫോക്കസ് ഇന്റർനാഷണല്‍ ഖത്തര്‍ റീജ്യന്‍ സംഘടിപ്പിച്ച മാനസികാരോഗ്യ കാമ്പയിന്‍ വ്യാഴാഴ്ച സമാപിക്കും. ഡോണ്ട് ലൂസ് ഹോപ്പ് എന്ന പ്രമേയത്തോടെ ജനുവരി മുതല്‍ മെയ് വരെ നീണ്ട് നിന്ന കാമ്പയിനില്‍ വ്യത്യസ്തവും ജനോപകാരപ്രദവുമായ നിരവധി ബോധവത്കരണ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
സമാപന പരിപാടിയില്‍ പ്രമുഖ വിദ്യാഭ്യാസ വിവക്ഷകനും യുവ വാഗ്മിയുമായ റാഷിദ് ഗസാലി മുഖ്യാതിഥിയായി പങ്കെടുക്കും. നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളേജ് മാനേജിങ് ഡയറക്ടർ ആന്‍റ് സെക്രട്ടറി, കൈസാൻ എജ്യൂ വെൻച്വർ ചെയർമാൻ, സൈന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ലീഡർഷിപ് എക്സിക്യൂട്ടീവ് ഡയറക്ടർ എന്നീ പദവികൾ വഹിക്കുന്ന അദ്ദേഹം കോർപ്പറേറ്റ് ട്രൈനർ കൂടിയാണ്. വ്യാഴാഴ്ച വൈകിട്ട് 6.30 ന് അബൂഹമൂറിലെ ഐഡിയല്‍ സ്കൂളുല്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ഖത്തറിലെ സാമൂഹ്യ സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ പങ്കെടുക്കും.
മാനസികാരോഗ്യ രംഗത്ത് കടുത്ത വെല്ലുവിളി നേരിടുന്ന സമകാലിക ലോകത്ത് ആരോഗ്യകരവുമായ ജീവിതം നയിക്കുന്നതിനാവശ്യമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുവാനും ബോധവത്കരിക്കുവാനും ക്യാമ്പയിന് സാധിച്ചിട്ടുണ്ടെന്ന് കൺവീനര്‍ ഡോ. റസീല്‍, സി.ഇ.ഒ ഹാരിസ് പി.ടി എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. സാഹിത്യ രചനാ മത്സരങ്ങള്‍, ഷോർട്ട് ഫിലിം മത്സരം, തൊഴിലാളികൾക്കും, സ്ത്രീകൾക്കും, യുവാക്കൾക്കും പ്രത്യേകമായുള്ള പരിപാടികള്‍ കൂടാതെ റമദാനില്‍ പതിനായിരത്തിലധികം സ്മൈലീസ് (ഭക്ഷണപ്പൊതി), തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികൾ നടത്താന്‍ സാധിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
സമാപന പരിപാടിയില്‍ സ്ത്രീകളും കുട്ടികളുമടക്കും എല്ലാവർക്കും പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കും. കൂടുതല്‍ വിവരങ്ങൾക്ക് 74718707, 30256335, 30702347 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.