തെരഞ്ഞെടുപ്പ് ചൂടിലേക്ക്; സ്ഥാനാർഥി നാമനിർദേശം തുടങ്ങി
text_fieldsദോഹ: ഇടവേളക്കു ശേഷം ഖത്തറിലെ സ്വദേശികൾക്ക് തെരഞ്ഞെടുപ്പ് കാലം. സെൻട്രൽ മുനിസിപ്പൽ കൗൺസിലിന്റെ (സി.എം.സി) ഏഴാമത് സെഷനിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് രജിസ്ട്രേഷൻ പൂർത്തിയായതിനു പിന്നാലെ സ്ഥാനാർഥി നാമനിർദേശം ആരംഭിച്ചു. മേയ് 25 വരെ എല്ലാ ഇലക്ടറൽ ഡിസ്ട്രിക്ട് ആസ്ഥാനങ്ങളിലും വൈകുന്നേരം നാല് മുതൽ ഏഴ് വരെ നാമനിർദേശം നൽകാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന പൗരന്മാർ ആവശ്യമായ വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം ആഹ്വാനം ചെയ്തു. സ്വദേശികൾക്ക് മാത്രമായിരിക്കും സ്ഥാനാർഥി ആകാൻ കഴിയൂ. സ്ഥാനാർഥിയാവുന്നവർ ഖത്തർ പൗരനും അവരുടെ പിതാവ് ഖത്തറിൽ ജനിച്ചവരും ആയിരിക്കണം.
2023 മേയ് 25ന് 30 വയസ്സ് പൂർത്തിയായവർക്ക് മാത്രമേ നാമനിർദേശം നൽകാൻ സാധിക്കുകയുള്ളൂ. കൂടാതെ എഴുതാനും വായിക്കാനും കഴിവുള്ള വ്യക്തിയായിരിക്കണം. നേരത്തെ കുറ്റകൃത്യങ്ങളിൽ പങ്കെടുക്കുകയോ ശിക്ഷിക്കപ്പെട്ടതോ ആയ വ്യക്തികളായിരിക്കാൻ പാടുള്ളതല്ല.
സ്ഥാനാർഥി മത്സരിക്കുന്ന ഇലക്ടറൽ ഡിസ്ട്രിക്ടിലെ വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്തിരിക്കുകയും അതിന്റെ അതിർത്തി പരിധിക്കുള്ളിൽ താമസിക്കുന്നയാളുമായിരിക്കണം. പ്രതിരോധ മന്ത്രാലയത്തിലോ ആഭ്യന്തര മന്ത്രാലയത്തിലോ മറ്റേതെങ്കിലും സൈനിക സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നവരായിരിക്കരുത്.
സ്ഥാനാർഥിത്വത്തിനായുള്ള നാമനിർദേശം നൽകുന്നതിനായി ഇലക്ടറൽ ഡിസ്ട്രിക്ട് ആസ്ഥാനത്ത് എത്തുകയും ഖത്തരി ഐ.ഡി കാർഡ് ഹാജരാക്കുകയും ചെയ്യണം. നാമനിർദേശം നൽകുന്നതിനായുള്ള പ്രത്യേക ഫോം പൂരിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മുമ്പാകെ ഒപ്പുവെച്ചാണ് സമർപ്പിക്കേണ്ടത്. അന്തിമ സ്ഥാനാർഥി പട്ടിക ജൂൺ 11ന് പ്രസിദ്ധീകരിക്കും. ജൂൺ 22നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.