ഗസ്സയുടെ വേദനയും സ്വപ്നവുമായി കലാപ്രദർശനം വരുന്നു
text_fieldsദോഹ: ഗസ്സക്ക് പിന്തുണയുമായി അറബ് കലാകാരന്മാരുടെ പ്രദർശനവുമായി അൽ മർഖിയ ഗാലറി. ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുമായി സഹകരിച്ച് സെപ്റ്റംബർ 17നാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
ഖത്തർ, ഫലസ്തീൻ ഉൾപ്പെടെ വിവിധ അറബ് രാജ്യങ്ങളിൽനിന്നായി 54 കലാകാരന്മാർ പങ്കെടുക്കുന്ന പ്രദർശനത്തിന് അൽ മർഖിയ ഫയർ സ്റ്റേഷൻ ആർട്ടിസ്റ്റ് ഇൻ റെസിഡൻസ് വേദിയാകും.
ഫലസ്തീൻ ലക്ഷ്യം, ഗസ്സയുടെ നിശ്ചയദാർഢ്യം, ആക്രമണങ്ങൾക്കും കുടിയൊഴിപ്പിക്കലിനുമെതിരായ ജനങ്ങളുടെ ചെറുത്ത് നിൽപ് തുടങ്ങിയ വിഷയങ്ങളിലെ സൃഷ്ടികളായിരിക്കും പ്രദർശനത്തിനെത്തുക.
അറബ് പ്രതിഭകളെ ഒരുമിപ്പിക്കുകയും അറബ് ലക്ഷ്യങ്ങൾക്കായി അവരുടെ ശ്രമങ്ങൾ നേതൃത്വം നൽകുകയും ചെയ്യുന്ന സംരംഭത്തിലൂടെ ഫലസ്തീനെ പിന്തുണക്കുകയാണ് പ്രദർശനത്തിന്റെ ലക്ഷ്യമെന്ന് അൽ മർഖിയ ഗാലറി ആർട്ടിസ്റ്റിക് കോഓഡിനേറ്റർ അനസ് കുട്ടിറ്റ് ഖത്തർ വാർത്താ ഏജൻസിയോട് പറഞ്ഞു. പ്രദർശനത്തിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം ഗസ്സയിലെ ജനങ്ങളെ പിന്തുണക്കാൻ വിനിയോഗിക്കും.
ചിത്രരചന, കളറിങ്, ഇൻസ്റ്റലേഷൻ ആർട്ട്, ശിൽപം എന്നിവ ഉൾപ്പെടെയുള്ള വ്യത്യസ്തമായ സൃഷ്ടികളായിരിക്കും പ്രദർശനത്തിൽ ഉണ്ടായിരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.