ദുർഭരണത്തിനെതിരെ സമരം ശക്തമാക്കും -പി.കെ. ഫിറോസ്
text_fieldsദോഹ: ജനങ്ങളുടെ മേൽ നികുതി അടിച്ചേൽപ്പിച്ചും പൊലീസ് രാജ് നടപ്പാക്കിയും മുന്നോട്ടുപോവുന്ന പിണറായി ഭരണത്തിനെതിരെ സമരം ശക്തിപ്പെടുത്തുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു.
അറസ്റ്റ് ചെയ്തും ഭീഷണിപ്പെടുത്തിയും കേരളത്തിലെ യുവാക്കളുടെ സമരവീര്യം നശിപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ.എം.സി.സി ഖത്തറിന്റെ ബൗദ്ധികവിഭാഗമായ ധിഷണ സംഘടിപ്പിച്ച കോൺവൊക്കേഷൻ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഫിറോസ്.
ജനവിരുദ്ധ നിലപാടുകളിൽ റെക്കോഡിട്ട ഭരണമാണ് കേരളത്തിലേത്. കിറ്റിൽ കുരുക്കി ജനങ്ങളെ കബളിപ്പിച്ച് നേടിയ രണ്ടാം ഭരണത്തിന്റെ അഹങ്കാരത്തിൽ സാധാരണക്കാരെ പിഴിയുകയാണ്. എന്തും ചെയ്യാമെന്ന ധാർഷ്ട്യം കൊണ്ടാണ് ജനകീയ സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നത്.
എന്നാൽ, ദുർഭരണത്തിൽനിന്ന് കേരളത്തെ മോചിപ്പിക്കും വരെ യൂത്ത് ലീഗിന്റെ സമരം തുടരുമെന്ന് ജനറൽ സെക്രട്ടറി പ്രഖ്യാപിച്ചു. കെ.എം.സി.സി പ്രസിഡന്റ് എസ്.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. ധിഷണ 2023 സുവനീർ പ്രകാശനം അദ്ദേഹം നിർവഹിച്ചു.
ഉപദേശക സമിതി വൈസ് ചെയർമാൻ എം.പി. ശാഫി ഹാജി ആദ്യ പ്രതി ഏറ്റുവാങ്ങി. കൺവീനർ ജാഫർ സാദിഖ് സുവനീറിനെപ്പറ്റി വിശദീകരിച്ചു. ധിഷണ ചെയർമാൻ അബ്ദുൽ ഖാദർ ചേലാട്ട് അധ്യക്ഷത വഹിച്ചു. ധിഷണ പഠനകോഴ്സ് പൂർത്തിയാക്കിയ അമ്പതുപേർക്ക് ഫിറോസ് ഉപഹാരങ്ങൾ സമ്മാനിച്ചു.
ഗ്രന്ഥകാരനും ധിഷണ ഫെസിലിറ്റേറ്ററുമായ ശരീഫ് സാഗർ സനദ് ദാന പ്രസംഗവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. സെക്രട്ടറി റയീസ് വയനാട്, നിയാസ് ഹുദവി, ധിഷണ ഡയറക്ടർ ഇ.എ. നാസർ എന്നിവർ സംസാരിച്ചു. ഫൈസൽ വാഫി ഖിറാഅത്ത് നടത്തി. ജനറൽ കൺവീനർ എം.എ. നാസർ കൈതക്കാട് സ്വാഗതവും കോയ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
ഇജാസ് പുനത്തിൽ, അഡ്വ. എം. ജാഫർഖാൻ, സിറാജുൽ മുനീർ, ഫൈസൽ വാഫി അടിവാരം, കെ.കെ. മുഹമ്മദ് ആരിഫ്, എ.കെ. ബാസിൽ, എം. മൊയ്തീൻകുട്ടി എന്നിവർ റാങ്ക് ജേതാക്കളായി. ഡോ. അബ്ദുസ്സമദ്, എം.പി. ഷാഫി ഹാജി, അബ്ദുൽ അസീസ് ഫൈസി, കെ.എസ്. മുഹമ്മദ്, മുസമ്മിൽ വടകര, എം. മൊയ്തീൻകുട്ടി, സിറാജുൽ മുനീർ തൃത്താല എന്നിവർ ഉപഹാര വിതരണം നിർവഹിച്ചു.
ഖത്തർ കെ.എം.സി.സി സ്വീകരണം നൽകി
ദോഹ: സമരങ്ങൾക്ക് നേതൃത്വം നൽകി ജയിൽ വരിച്ചു പുറത്തിറങ്ങിയതിന് ശേഷം ആദ്യമായി ഖത്തറിൽ എത്തിയ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന് ഖത്തർ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സ്വീകരണം നൽകി.
വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മെട്രോ പാലസ് ഹോട്ടലിൽ നടന്ന ജില്ല കെ.എം.സി.സി എച്ച്.ആർ ലേണിങ് ആൻഡ് ഡെവലപ്മെന്റ് സബ് കമ്മിറ്റിയുടെ പ്രഥമയോഗത്തിലായിരുന്നു സ്വീകരണം. പ്രസിഡന്റ് ടി.ടി. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സിറാജ് മാതോത്ത് സബ് കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി.
ചെയർമാൻ ഫൈസൽ കായക്കണ്ടി, ജനറൽ കൺവീനർ അജ്മൽ ബക്കർ, കൺവീനർമാരായ യാസർ തെക്കയിൽ, നിസാർ തൗഫീഖ്, നൗഷാദ് മടപ്പള്ളി, അനസ് തറക്കണ്ടി എന്നിവർ സംസാരിച്ചു. ജില്ല ഭാരവാഹികളായ അജ്മൽ തെങ്ങലക്കണ്ടി, പി.സി. ശരീഫ്, കെ.കെ. ബഷീർ, ഒ.പി. സാലിഹ്, മുജീബ് ദേവർകോവിൽ, റൂബിനാസ് കോട്ടേടത്ത്, സബ് കമ്മിറ്റി അംഗങ്ങളായ വൈ.എം. സലീം, വി.വി. നവാസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
പി.കെ. ഫിറോസിന് ജില്ല കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് ടി.ടി. കുഞ്ഞമ്മദ് നൽകി. ജനറൽ സെക്രട്ടറി അതീഖ് റഹ്മാൻ സ്വാഗതവും സെക്രട്ടറി നവാസ് കോട്ടക്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.