കോവിഡിനെതിരായ പോരാട്ടം: ഖത്തറിന് ലോകാരോഗ്യ സംഘടനയുടെ പ്രശംസ
text_fieldsദോഹ: കോവിഡിനെതിരായ പോരാട്ടത്തിൽ ദരിദ്രരാജ്യങ്ങൾക്കുള്ള ഖത്തറിെൻറ സഹായത്തെ വാഴ്ത്തി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥനോം ഗബ്രിയേസസ്. തുടർന്നും ഈ സഹകരണത്തോടെ, ആഫ്രിക്കൻ രാജ്യങ്ങളുടെയും ലോകത്തിെൻറയും ഭാവി ശോഭനമാക്കാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
തിങ്കളാഴ്ച ആരംഭിച്ച ഖത്തർ ഇക്കണോമിക് ഫോറത്തിൽ പങ്കെടുത്തുകൊണ്ടാണ് ലോകാരോഗ്യ സംഘടന തലവൻ ഖത്തറിെൻറ കോവിഡ് വിരുദ്ധ പോരാട്ടത്തെ പ്രശംസിച്ചത്. സ്വന്തം രാജ്യത്ത് വാക്സിനേഷൻ സജീവമാക്കുന്നതിനൊപ്പം, ആഫ്രിക്ക ഉൾപ്പെടെയുള്ള വൻകരകളിലെ ദരിദ്രരാജ്യങ്ങൾക്ക് വാക്സിൻ എത്തിച്ചും, മരുന്നും ഭക്ഷണവുമെത്തിച്ചും ഖത്തർ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്.
'മതിയായ തോതിൽ പ്രതിരോധ മരുന്നുകൾ ലഭ്യമല്ലാത്തതുകാരണമാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ കോവിഡ് വ്യാപനം ഇനിയും തടയാൻ കഴിയാത്തത്. ഇപ്പോഴും മഹാമാരിക്കെതിരായ ചെറുത്തുനിൽപ്പിൽ ആഫ്രിക്കക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. വാക്സിൻ ഇനിയും വേണ്ടതോതിൽ എത്തിയില്ലെങ്കിൽ കോവിഡ് കേസുകൾ വർധിക്കാനാണ് സാധ്യത' ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ പറഞ്ഞു.
ഖത്തർ ഉൾപ്പെടെ ലോകരാജ്യങ്ങളുടെയും യുനിസെഫ് തുടങ്ങിയ സംഘടനകളുടെയും സഹായത്തോടെ ഡബ്ല്യു.എച്ച്.ഒ നേതൃത്വത്തിൽ നടത്തുന്ന 'കോവാക്സ്' പദ്ധതിയിലൂടെ 52 ആഫ്രിക്കൻ രാജ്യങ്ങളിൽ കോവിഡ് വാക്സിനേഷൻ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ, 400 ലക്ഷം ഡോസ് മാത്രമാണ് ഇതുവരെ ലഭ്യമായത്. ഇതുപ്രകാരം 10ൽ രണ്ടിൽ താഴെ മാത്രമേ വാക്സിൻ ലഭ്യമാവൂ. സെപ്റ്റംബറോടെ മുഴുവൻ രാജ്യങ്ങളിലെയും 10 ശതമാനം പേർക്കും, ഈ വർഷാവസാനത്തോടെ 40 ശതമാനവും, 2022 ജൂണോടെ 70 ശതമാനം പേർക്കും വാക്സിനെത്തിക്കാനാണ് 'കോവാക്സി'ലൂടെ ലക്ഷ്യമിടുന്നത്.
ആവശ്യമായ കോവിഡ് വാക്സിൻ വാങ്ങാൻ ആഫ്രിക്കൻ രാജ്യങ്ങൾക്ക് സാമ്പത്തിക ഭദ്രതയില്ല. അതിനാൽ വൻകരയിൽതന്നെ വാക്സിൻ ഉൽപാദനമാണ് 'കോവാക്സ്' ലക്ഷ്യമിടുന്നത്. കോവിഡിനു പുറമെ, മറ്റു മഹാമാരികൾക്കെതിരായ വാക്സിനുകളും മെഡിക്കൽ ഉപകരണങ്ങളും നിർമിക്കൽ ലക്ഷ്യമാണ് ഇക്കണോമിക് ഫോറത്തിൽ ആഫ്രിക്കൻ രാജ്യങ്ങളുടെ വാക്സിനേഷൻ ഭാവി എന്ന ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ഡോ. ടെഡ്രോസ് അഥനോം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.