ടെന്റിലെ ആദ്യ നോമ്പ് തുറ
text_fieldsആദ്യാനുഭവങ്ങൾ എന്നെന്നും ഓർത്തിരിക്കുന്നതായിരിക്കും. എന്റെ പ്രവാസത്തിന്റെ മാധുര്യം തുടങ്ങിയ ഉടനെ തന്നെ റമദാനും വരവായി. 2009 കാലഘട്ടത്തിൽ കമ്പനിയുടെ താമസ സ്ഥലം ഇൻഡസ്ട്രിയൽ ഏരിയ 43 സ്ട്രീറ്റിൽ ആയിരുന്നു. ഇന്നത്തെ പോലെ ഇൻഡസ്ട്രിയൽ ഏരിയ അത്ര പുരോഗമിച്ചിട്ടുണ്ടായിരുന്നില്ല. അതു കൊണ്ട് തന്നെ കടകളും വെളിച്ചവും റോഡും എല്ലാം കുറവായിരുന്നു. വണ്ടി ഓടിക്കാനുള്ള ലൈസൻസും കൈയിലില്ല.
നാട്ടിൽനിന്ന് വന്ന ഉടനെ ആയതുകൊണ്ട് ഭക്ഷണം സ്വന്തമായി ഉണ്ടാക്കാൻ മുതിരുന്നില്ല എന്ന് തീരുമാനിച്ചതാണ്. ആദ്യ നോമ്പ് തുറക്കാൻ ബന്ധുവിന്റെ സ്ട്രീറ്റ് നമ്പർ 15 കടയിൽ ടാക്സിയിൽ പോയി അഡ്ജസ്റ്റ് ചെയ്തു. രണ്ടാമത്തെ നോമ്പ് തുറക്കാൻ എന്തു ചെയ്യും എന്നു ആലോചിച്ചു പുറത്തു ഇറങ്ങിയപ്പോൾ കാണുന്നത് കമ്പനിയുടെ രണ്ടു ബസുകളിൽ ലേബർമാർ തള്ളിക്കയറുന്നതാണ്. അന്നത്തെ ദിവസം വൈകുന്നേരം ജോലി ഉള്ള ഒരു വിവരവും എനിക്ക് അറിയില്ല. ആദ്യം ഒന്നമ്പരന്നെങ്കിലും ഒരു നേപ്പാളിയോട് എവിടെ പോവുകയാണെന്ന് ചോദിച്ചപ്പോൾ ''ഇഫ്താറീക്കോ ജാതാഹേ'' എന്ന് പറഞ്ഞത് എനിക്ക് മനസ്സിലായില്ല എന്ന് തോന്നിയതുകൊണ്ട് ഫോർമാൻ സുരേഷ് തമിഴിലേക്ക് മൊഴിമാറ്റം ചെയ്ത് കൊണ്ട് പറഞ്ഞു, ''സാർ വാങ്കോ നല്ല സാപ്പാട് കിടയ്ക്കും.''
നോമ്പ് തുറക്കാൻ ഇനിയും ഒരു ഒന്നൊന്നര മണിക്കൂർ ബാക്കിയുണ്ട്. ഇത്ര നേരത്തെ എവിടെ പോവുന്നു ഇവന്മാർ, എന്തായാലും പോയി നോക്കാം എന്ന രീതിയിൽ ബസിൽ കയറി ഇരുന്നു. ലേബർ ബസിൽ ഇരുന്നാൽ ഉള്ള എല്ലാ 'സുഗന്ധ'വും അനുഭവിച്ചു കുറച്ചു ദൂരം താണ്ടി ഐൻ ഖാലിദ് ഭാഗത്തു ഗ്രൗണ്ടിൽ ബസ് നിർത്തി. ബസിലുള്ളവരെല്ലാം ഒരു വലിയ ടെന്റിലേക്ക് ഇരച്ചു കയറി എട്ടുപേര് വീതം വട്ടത്തിൽ നിലത്തിരുന്നു.
ഒരു വലിയ ടെന്റ് ആയതുകൊണ്ട് ഒരുപാട് ആൾക്കാർ അതിൽ ഉണ്ടായിരുന്നു. ഓരോ എട്ടു പേർക്കും ഓരോ വലിയ തളിക നിറയെ മട്ടൺ മജ്ബൂസും വെള്ളവും മോരുപാക്കറ്റും കിട്ടി. നോമ്പ് തുറക്കാൻ ബാങ്ക് വിളിച്ചു. 10 മിനിറ്റ് കൊണ്ട് മിക്ക തളികകളും കാലിയായി. കോവിഡ് വ്യാപനത്തിന് മുമ്പുവരെ ഒരുപാട് ഇഫ്താർ ടെന്റുകൾ ഇത് പോലെ പല ഭാഗത്തും നല്ല രീതിയിൽ ഉണ്ടായിരുന്നത് ഏറെപേർക്ക് ആശ്വാസമായിരുന്നു. കൊറോണ തുടങ്ങിയത് മുതൽ ഇഫ്താർ ടെന്റുകൾ അപ്രത്യക്ഷമായി. പകരം ചില പള്ളി പരിസരത്തും റോഡുകളിലുമെല്ലാം ഭക്ഷണ കിറ്റുകൾ ഖത്തർ ചാരിറ്റിയുടെയും റെഡ് ക്രെസന്റിന്റെയും ഒക്കെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നു. അതു പോലെ തന്നെ ഒരുപാടു സംഘടനകളും വാട്സാപ്പ് കൂട്ടായ്മകളും ഇപ്പോൾ ഇൻഡസ്ട്രിയൽ ഭാഗത്തുള്ള ലേബർ ക്യാമ്പുകളിലും, മറ്റു ആവശ്യക്കാരിലേക്കുമൊക്കെ കിറ്റുകളും ഭക്ഷണപ്പൊതികളും എത്തിക്കുന്നുണ്ട്. മതസാഹോദര്യം ഊട്ടിയുറപ്പിക്കുന്ന സമൂഹ നോമ്പു തുറകൾ ദോഹയിലെ മിക്ക സ്ഥലങ്ങളിലും നടക്കുന്നു. -
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.