‘ഗാലറി നീലക്കടലാകും; നമ്മുടെ കുട്ടികൾ അഭിമാനമാകും’
text_fieldsദോഹ: ഏഷ്യൻ കപ്പ് ഗ്രൂപ് റൗണ്ടിൽ പോരാട്ടം ശക്തമാണെങ്കിലും ഖത്തറിലെ ഗാലറികളിൽ ഇന്ത്യൻ ആരാധകരുടെ സാന്നിധ്യം ടീമിന് കരുത്തായി മാറുമെന്ന് കോച്ച് ഇഗോർ സ്റ്റിമാക്. ജനുവരി 12ന് കിക്കോഫ് ചെയ്യുന്ന ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻസംഘം ശനിയാഴ്ച ദോഹയിൽ വിമാനിമിറങ്ങാനിരിക്കെ ടൂർണമെന്റിന്റെ പ്രാദേശിക സംഘാടകസമിതിയുടെ മീഡിയ വിങ്ങിനു നൽകിയ അഭിമുഖത്തിലാണ് സ്റ്റിമാക് കാണികൾ നൽകുന്ന ഊർജത്തെ കുറിച്ച് സംസാരിച്ചത്.
കോവിഡ് കാലത്തെ തിരിച്ചടികൾക്കു പിന്നാലെ, കഴിഞ്ഞ വർഷങ്ങളിൽ കളി മികവിലും വിജയങ്ങളിലുമായി ടീം ശക്തമായി തിരിച്ചുവരവ് നടത്തി. വിവിധ ടൂർണമെന്റുകളിലെ വിജയങ്ങളും ഏഷ്യൻ കപ്പ് യോഗ്യതയുമെല്ലാം ശ്രദ്ധേയ നേട്ടങ്ങളായിരുന്നു. ഏഷ്യൻ തലത്തിൽ ഏറ്റവും മികച്ച പത്തിൽ ഒന്നാകാൻ ഞങ്ങൾക്ക് കൃത്യമായ പദ്ധതികളുണ്ട് -ഏഷ്യൻ കപ്പ് ഒരുക്കങ്ങൾക്കിടെ കോച്ച് വ്യക്തമാക്കി.
മലയാളികൾ ഉൾപ്പെടെ ഇന്ത്യൻ ആരാധകർ ഏറെയുള്ള ഖത്തറിൽ ഗാലറികളിലെ കാണികളുടെ സാന്നിധ്യത്തെക്കുറിച്ചും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ‘ഗാലറികളിൽ കാണികൾ കൂട്ടത്തോടെ തന്നെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അവരുടെ സാന്നിധ്യം ടീമിന് വിലപ്പെട്ടതാണ്. പ്രത്യേകിച്ചും ഗ്രൂപ് ഘട്ടത്തിൽ ശക്തമായ മത്സരങ്ങൾ നേരിടുമ്പോൾ.
വെല്ലുവിളി നിറഞ്ഞതാണ് ഗ്രൂപ് റൗണ്ട്. ആദ്യ മത്സരത്തിൽ നേരിടുന്ന ആസ്ട്രേലിയ ശക്തരാണ്. ഉസ്ബകിസ്താനും സിറിയയും കരുത്തുറ്റ എതിരാളികളാണ്. എല്ലാ ടീമുകൾക്കും വ്യത്യസ്ത ഫുട്ബാൾ ശൈലികളാണുള്ളത്. മൂന്നുപേരും സാങ്കേതികമായും ശാരീരികമായും ശക്തരാണ്. എന്നാൽ, സ്വന്തം മികവിൽ വിശ്വസിക്കാനും ആസ്വദിച്ച് കളിക്കാനുമാണ് ഞാൻ എന്റെ ടീമിനോട് നിർദേശിക്കുന്നത്. ഖത്തറിലെ ലോകകപ്പിനൊരുക്കിയ മനോഹരമായ സ്റ്റേഡിയങ്ങളിൽ മികച്ച എതിരാളികൾക്കെതിരെ നല്ല കളി പുറത്തെടുക്കാനുള്ള അവസരമാണിത്. ഗാലറി നിറക്കാൻ നമ്മുടെ ആരാധകരുമെത്തുമ്പോൾ കളിക്കാരുടെ ആത്മവിശ്വാസവും ഇരട്ടിയോളം ഉയരും’ -കോച്ച് ഇഗോർ സ്റ്റിമാക് പറഞ്ഞു.
ജനുവരി 13ന് ആസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ലോകകപ്പ് വേദിയായ അഹമ്മദ് ബിൻഅലി സ്റ്റേഡിയത്തിൽ ഉച്ചക്ക് 2.30നാണ് മത്സരത്തിന് തുടക്കം കുറിക്കുന്നത്. നായകൻ സുനിൽ ഛേത്രിയുടെ സാന്നിധ്യത്തെയും കോച്ച് സ്റ്റിമാക് പ്രശംസിച്ചു. മത്സരങ്ങളുടെ പരിചയസമ്പത്തുള്ള ഛേത്രി ടീമിന്റെ കരുത്താണ്. അവിശ്വസനീയമാണ് അദ്ദേഹം.
ക്യാപ്റ്റൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ വ്യക്തിത്വം യുവതാരങ്ങൾക്ക് പ്രധാനമാണ്. ഏറ്റവും മികച്ച പ്രകടനത്തിലൂടെ രാജ്യത്തിന് അഭിമാനമാകാൻ ടീമിന് കഴിയും’ -കോച്ച് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.