കളി നാളെ; ആരാധക ആഘോഷവും അബൂദബിയിലേക്ക്
text_fieldsദോഹ: ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക അങ്കത്തിൽ ഖത്തർ ചൊവ്വാഴ്ച യു.എ.ഇയെ നേരിടാനിരിക്കെ അബൂദബിയിലേക്ക് ആരാധകർ വിമാനത്തിലേറി പറക്കും. മൂന്നാം റൗണ്ടിലെ ഗ്രൂപ് ‘എ’യിൽ ആറാം മത്സരത്തിൽ ഖത്തറും യു.എ.ഇയും മാറ്റുരക്കുമ്പോൾ ഗാലറിയിൽ അന്നാബികൾക്കായി ആരവമുയർത്താൻ പ്രത്യേക വിമാനങ്ങളൊരുക്കി നാട്ടുകാരെ എത്തിക്കുകയാണ് ഖത്തർ ഫുട്ബാൾ അസോസിയേഷന്റെ ആരാധക സംഘമായ മുദ്റാജ് അൽ അന്നാബി.
മത്സരം നടക്കുന്ന ചൊവ്വാഴ്ച ഉച്ചയോടെ ദോഹ ഹമദ് വിമാനത്താവളത്തിൽനിന്നാണ് രണ്ടു വിമാനങ്ങളിലായി ആരാധകർക്ക് യാത്രാസൗകര്യം ഒരുക്കിയത്. മുദ്റാജ് അന്നാബിയുടെ സമൂഹ മാധ്യമ പേജുകളിലൂടെയും ക്യു.എഫ്.എ വാട്ട്സാപ് ചാനലുകൾ വഴിയും സന്ദേശം പങ്കുവെച്ചു.
ഖത്തരികളായ 18 വയസ്സ് പൂർത്തിയായ ഫുട്ബാൾ പ്രേമികൾക്ക് മാത്രമായിരിക്കും അവസരം. ഉച്ചക്ക് ഒരു മണിക്ക് പുറപ്പെടുന്ന വിമാനത്തിനായി 12 മണിക്ക് മുമ്പ് ആരാധകർ വിമാനത്താവളത്തിലെത്തണമെന്നും നിർദേശമുണ്ട്. മത്സരം കഴിഞ്ഞശേഷം, അബൂദബിയിൽനിന്നും വിമാനം യാത്ര തിരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്നവരെയാണ് പരിഗണിക്കുകയെന്നും അറിയിപ്പിൽ പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ച ദോഹയിൽ നടന്ന മത്സരത്തിൽ ഉസ്ബകിസ്താനെ 3-2ന് വീഴ്ത്തിയതോടെ ഖത്തറിന്റെ ലോകകപ്പ് പ്രതീക്ഷകൾ വീണ്ടും സജീവമായിരിക്കുകയാണ്. നിലവിൽ ഏഴ് പോയന്റുമായി ഖത്തറും യു.എ.ഇയും ഒപ്പത്തിനൊപ്പമാണ്. വിജയം തുടരാൻ ഗാലറിയിൽ ആരാധകരുടെ പിന്തുണ തുണയാവുമെന്ന പ്രതീക്ഷയിലാണ് ഖത്തറിന്റെ പടപ്പുറപ്പാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.