സ്കൂളുകൾക്ക് അർധ വാർഷികാവധി ഡിസംബർ മൂന്നുമുതൽ
text_fieldsദോഹ: ഖത്തറിലെ ഇന്ത്യൻ സ്കൂളുകളടക്കമുള്ളവയുടെ അർധവാർഷിക അവധി ഡിസംബർ മൂന്നുമുതൽ. ചില സ്കൂളുകളിൽ അവധി തുടങ്ങുന്ന ദിവസം വ്യത്യാസമുണ്ട്. എന്നാൽ, മിക്ക സ്കൂളുകളും ഡിസംബർ ആദ്യത്തിൽതന്നെ അടക്കും. അവധിക്ക് അടക്കുന്നതിന് മുന്നോടിയായുള്ള ടേം പരീക്ഷകൾ സ്കൂളുകൾ നേരത്തേ പൂർത്തിയാക്കി. ഒരു മാസമാണ് അവധി. കോവിഡിെൻറ പശ്ചാത്തലത്തിൽ ഈ അവധിക്ക് സ്കൂൾ ജീവനക്കാരും കുട്ടികളും രക്ഷിതാക്കളും ഇത്തവണ നാട്ടിൽ പോകുന്നത് പരമാവധി ഒഴിവാക്കുകയാണ്.
കുടുംബം ഒപ്പമില്ലാത്ത അധ്യാപകരടക്കം നാട്ടിൽപോകാതെ ഹോസ്റ്റലിൽ തന്നെ താമസിക്കുകയാണ്. കോവിഡിെൻറ പശ്ചാത്തലത്തിൽ നാട്ടിൽ എത്തിയാൽതന്നെ തിരിച്ച് സ്കൂൾ തുറക്കുന്ന സമയത്ത് കൃത്യമായി തിരിച്ചെത്താൻ കഴിയുമോ എന്ന ആശങ്കയാണ് മിക്കവരെയും യാത്ര ഒഴിവാക്കാൻ പ്രേരിപ്പിക്കുന്നത്. നാട്ടിൽ ഒരാഴ്ച ക്വാറൻറീൻ വേണം. തിരിച്ചെത്തുന്നവർക്ക് ദോഹയിലും ക്വാറൻറീൻ ഒരാഴ്ചയാണ്. കോവിഡ് ഭീഷണി കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഹോം ക്വാറൻറീൻ മതി. അല്ലാത്ത ഇന്ത്യക്കാരടക്കമുള്ളവർക്ക് ഒരാഴ്ച ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാണ്. പങ്കിട്ടെടുക്കുന്ന ക്വാറൻറീൻ സൗകര്യമാണെങ്കിൽ രണ്ടാഴ്ച വേണം.
ഇന്ത്യക്കാർക്ക് ഖത്തർ എയർവേസിൽ വരുകയാണെങ്കിൽ 48 മണിക്കൂർ മുമ്പ് അംഗീകൃത പരിശോധന സെൻററുകളിൽ നിന്നുള്ള കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. മറ്റു വിമാനങ്ങളിൽ വരുന്നവർക്ക് മുൻകൂർ പരിശോധന വേണ്ട. ഇത്തരത്തിലുള്ള നടപടികൾ ചെയ്യേണ്ടതിനാൽ പലരും അവധിക്ക് നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കുന്നുണ്ട്. അതേ സമയം, ഖത്തറിൽ തിരിച്ചെത്താനുള്ള എക്സപ്ഷനൽ എൻട്രി പെർമിറ്റുമായി ബന്ധപ്പെട്ട് ഖത്തർ സർക്കാർ കൊണ്ടുവന്ന പുതിയ സജ്ജീകരണം ഏറെ ആശ്വാസമാണ്.
ഇൗ തീരുമാനം കഴിഞ്ഞ ദിവസമാണ് വന്നത്. ഇതിനാൽതന്നെ നേരത്തേ നാട്ടിൽപോകേണ്ടെന്ന് തീരുമാനിച്ച പലരും പുനരാലോചന നടത്തിയിട്ടുമുണ്ട്.നിലവിൽ ഖത്തർ ഐഡിയുള്ള ഖത്തറിലുള്ളവർ വിദേശത്തേക്ക് പോകുകയാണെങ്കിൽ മടങ്ങിവരവിനുള്ള എക്സപ്ഷൻ റീ എൻട്രി പെർമിറ്റ് യാത്ര പുറപ്പെട്ട് കഴിഞ്ഞാൽ തനിയെ കിട്ടുന്ന സംവിധാനം നവംബർ 29 മുതലാണ് നിലവിൽവന്നത്. രാജ്യത്തിന് പുറത്തുപോയി വീണ്ടും തിരിച്ചെത്തണമെങ്കിൽ നിലവിൽ എക്സപ്ഷനൽ റീ എൻട്രി പെർമിറ്റ് നിർബന്ധമാണ്.
പുതിയ ക്രമീകരണപ്രകാരം രാജ്യത്തുള്ളവർ എക്സിറ്റ് ആകുന്നതോടെത്തന്നെ മടങ്ങിയെത്താനുള്ള പെർമിറ്റ് കൂടി ഇനി മുതൽ ലഭിക്കും. ഇതിനായി ഖത്തർ പോർട്ടൽ മുഖേന അപേക്ഷിക്കേണ്ടതില്ല. രാജ്യം വിട്ടുകഴിഞ്ഞയുടൻ തന്നെ ആഭ്യന്തരമന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ നിന്ന് ഐഡി ഉടമക്കോ തൊഴിൽഉടമക്കോ എക്സപ്ഷൻ റീ എൻട്രി പെർമിറ്റിെൻറ പ്രിൻറൗട്ട് എടുക്കാൻ സാധിക്കും.
സ്കൂൾ ജീവനക്കാർ യാത്ര ഒഴിവാക്കണമെന്ന് മന്ത്രാലയം
മധ്യകാല അവധിക്കാലത്ത് സ്കൂൾ ജീവനക്കാർ ഖത്തറിൽ നിന്ന് പുറത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകി. ഇതുസംബന്ധിച്ച് സ്കൂളുകൾക്ക് മന്ത്രാലയം സർക്കുലർ നൽകി. കോവിഡ് -19 വ്യാപനം തടയുന്നതിെൻറ ഭാഗമായുള്ള സുരക്ഷ മുൻകരുതൽ നടപടികളെയും പ്രതിരോധ പ്രവർത്തനങ്ങളെയും അടിസ്ഥാനമാക്കിയാണ് മന്ത്രാലയ ഉത്തരവ്.
ലോകത്ത് വിവിധ ഭാഗങ്ങളിൽ കോവിഡ് -19െൻറ രണ്ടാം വരവ് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ രാജ്യത്ത് കോവിഡ് -19െൻറ രണ്ടാംവരവ് മുന്നിൽകണ്ട് വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷയും ആരോഗ്യവും സംബന്ധിച്ച ആശങ്കയും മന്ത്രാലയത്തിെൻറ നിർദേശത്തിന് പിന്നിലുണ്ട്. വിദേശത്തേക്ക് പോയാൽ കൃത്യസമയത്ത് മടങ്ങിവരവ് സാധ്യമാകുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.