ചൂട് കൂടുന്നുൂ തുറസ്സായ സ്ഥലങ്ങളിലെ പകൽ ജോലി വിലക്ക് ഒന്ന് മുതൽ
text_fieldsദോഹ: ചൂട് കൂടുന്നതിനിടെ പുറംതൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയത്തിൽ നിയന്ത്രണം പ്രഖ്യാപിച്ച് മന്ത്രാലയം. സമയ നിയന്ത്രണം ജൂൺ ഒന്ന് മുതൽ പ്രബല്യത്തിൽ വരും. ചൂടിന്‍റെ കാഠിന്യം കുറയുന്നതിനനുസരിച്ച് സെപ്റ്റംബർ 15 വരെ തുടരുമെന്ന് തൊഴിൽ മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കി.
രാവിലെ 10 മുതൽ വൈകീട്ട് 3.30 വരെ തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കരുതെന്ന് കമ്പനികൾക്ക് നിർദേശം നൽകി.
അന്തരീക്ഷ താപനില ഉയർന്നു തുടങ്ങിയ സാഹചര്യത്തിൽ ആരോഗ്യ രക്ഷാ മാർഗങ്ങളെയും, തൊഴിൽ സുരക്ഷ നിർദേശങ്ങളും വിശദമാക്കിക്കൊണ്ട് മന്ത്രാലയം പ്രചാരണം തുടങ്ങുമെന്നും അറിയിച്ചു.
മേയ് പകുതിയോടെ തന്നെ മന്ത്രാലയത്തിന്‍റെ പരിശോധന ടീം ഇതു സംബന്ധിച്ച് ബോധവത്കരണം സജീവമാക്കിയിരുന്നു. നിർമാണ കമ്പനികൾ, ഭരണവിഭാഗം ജീവനക്കാർ, തൊഴിലാളികൾ എന്നിവർക്കിടയിലും ബോധവത്കരണം സജീവമായി സംഘടിപ്പിച്ചു.
കമ്പനികളും സ്ഥാപനങ്ങളും നിയമങ്ങൾ പാലിക്കണമെന്നും, മുൻ കാലങ്ങളിലേത് പോലെ തൊഴിലാളികളുടെ ജോലി സമയം വർക്ക് സൈറ്റുകളിൽ കാണുന്ന വിധം പ്രദർശിപ്പിക്കണമെന്നും നിർദേശിച്ചു. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ലേബർ ഇൻസ്‌പെക്ടർമാർ തൊഴിലിടങ്ങളിൽ പരിശോധന നടത്തും. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
തൊഴിലാളികൾക്ക് ആരോഗ്യകരവും സുരക്ഷിതവുമായി ജോലി സാഹചര്യം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടികളെന്ന് മന്ത്രാലയം ലേബർ ഇൻസ്പെക്ഷൻ വിഭാഗം മേധാവി ഹുസൈൻ അൽ ഹബീദ് പറഞ്ഞു. മുൻ വർഷങ്ങളിൽ ബോധവത്കരണ കാമ്പയിനുകളും, പരിശോധനകളും ഇത്തരത്തിലെ നിയമ ലംഘനങ്ങൾ തടയുന്നതിനും തൊഴിലാളികളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും സഹായകമായതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.