ചൂട് കനക്കുന്നു, വേനൽക്കാല രോഗങ്ങളകറ്റാം
text_fieldsദോഹ: രാജ്യത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ആരോഗ്യം സംരക്ഷിക്കുന്നതിനും ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനും ശ്രദ്ധിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് ധാരാളം വെള്ളം കുടിക്കണം.
നിരവധി പ്രയോജനങ്ങളാണ് ഇതുമൂലം ലഭിക്കുന്നത്. പ്രതിദിനം എട്ട് മുതൽ 12 വരെ ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ഖത്തറിൽ ചൂടുകനക്കുകയാണ്. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം. സൂര്യാഘാതവും സൂര്യാതപവും ശ്രദ്ധിക്കണം. താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് കടക്കുകയാണ്. നിർജലീകരണം, സൂര്യാതപം, സൂര്യാഘാതം എന്നിവയാണ് ചൂടുകാലത്തെ പ്രധാന രോഗങ്ങൾ. സൂര്യപ്രകാശം നേരിട്ട് പതിക്കുന്നതുമൂലമോ ആവശ്യത്തിന് വെള്ളം കുടിക്കാതിരുന്നാലോ ഇത്തരം രോഗാവസ്ഥ ഉണ്ടാകാം.
സൂര്യാഘാതവും സൂര്യാതപവും ശരീരത്തിന് ഏറെ അപകടകരമാണ്. ഇതിനാൽ പെട്ടെന്ന് ചികിത്സ തേടണം.ചികിത്സതേടിയിെല്ലങ്കിൽ തലച്ചോറ്, ഹൃദയം, വൃക്കകൾ, മസിൽ തുടങ്ങിയവയെ ബാധിച്ചേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
വെള്ളം കുടിക്കുന്നതിെൻറ പ്രയോജനങ്ങൾ
– ശരീരത്തിെൻറ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നു.
– ശരീരത്തിലെ സന്ധികൾക്കും എല്ലുകൾക്കും ബലം നൽകുന്നു.
– ശരീര താപനില സന്തുലിതമായി നിലനിർത്തുന്നു
– ശരീരോർജം വർധിപ്പിക്കുന്നു.
– ധാരാളമായി വെള്ളം കുടിക്കുന്നത് തലവേദനയെ അകറ്റുന്നു
– ശരീരഭാരം കുറക്കാനും സന്തുലിതമായി നിലനിർത്താനും സഹായിക്കുന്നു.
– മലബന്ധത്തെ പ്രതിരോധിക്കുന്നു.
– തൊലികളിൽ ജലാംശം നിലനിർത്തുന്നു.
– മുടിക്കും നഖങ്ങൾക്കും ആരോഗ്യം നൽകുന്നു.
കുട്ടികളുടെ തനിച്ചുള്ള നീന്തലും വേണ്ട
ചൂടുകൂടുന്നതോടെ രാജ്യത്തെ ബീച്ചുകളിലും പൂളുകളിലും തിരക്കേറുന്ന അവസ്ഥയുണ്ട്. കുടുംബവുമൊത്ത് നിരവധി ആളുകളാണ് ഇവിടങ്ങളിൽ എത്തുന്നത്. ബീച്ചുകളിലും മറ്റും കുട്ടികളുടെ മുങ്ങിമരണം ഉൾപ്പെടെയുള്ള അപകടങ്ങൾ സംഭവിക്കാൻ സാധ്യത കൂടുതലാണ്. ഇതിനാൽ രക്ഷിതാക്കൾ അതിജാഗ്രത പാലിക്കണം.
ലോകത്താകമാനം മരണത്തിന് കാരണമാകുന്ന മൂന്നാമത്തെ കാരണമാണ് വെള്ളത്തിൽ മുങ്ങിയുള്ളത്. ആകെ അപകടമരണങ്ങളിൽ മുങ്ങിമരണം ഏഴ് ശതമാനം വരുമെന്നും എച്ച്.എം.സി എമർജൻസി മെഡിസിൻ വിഭാഗം പറയുന്നു.
ആയിരക്കണക്കിനാളുകളാണ് ലോകത്തിെൻറ വിവിധ ഭാഗങ്ങളിലായി മുങ്ങിമരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ കുഞ്ഞുങ്ങളാണ്. ഖത്തറിൽ കുട്ടികൾക്കിടയിലുള്ള മുങ്ങിമരണം വർധിച്ചുവരുകയാണ്. രാജ്യത്ത് മുങ്ങിമരിക്കുന്നവരിൽ 90 ശതമാനവും 10 വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളാണ്. ഇതിൽതന്നെ 70 ശതമാനത്തോളം നാല് വയസ്സിന് താഴെയുള്ളവരാണ്. ചൂടു കൂടുതലുള്ള ഈ സമയങ്ങളിൽ കൂടുതലായും ബീച്ചുകളിലും വീടുകളിലെയും പുറത്തുമുള്ള സ്വിമ്മിങ് പൂളുകളിലുമാണ് കുട്ടികളും രക്ഷിതാക്കളും ഒഴിവുസമയം ചെലവഴിക്കുന്നത്. കുട്ടികളെ ഇത്തരം സന്ദർഭങ്ങളിൽ തനിച്ചാക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. വീടുകളിലെ സ്വിമ്മിങ് പൂളിന് ചുറ്റും ശക്തിയേറിയ വേലി ഉൾപ്പെടെയുള്ള സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.
ബീച്ചുകളിൽ പോകുന്നതിന് മുമ്പ് രക്ഷിതാക്കൾ കാലാവസ്ഥയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം. ബീച്ചുകളിലും പൂളുകളിലും കുട്ടികൾക്കായി നിശ്ചയിക്കപ്പെട്ട ഭാഗങ്ങളിൽ മാത്രം അവരെ ഇറക്കണം. കുട്ടികളുടെമേൽ എപ്പോഴും രക്ഷിതാക്കളുടെ നിരീക്ഷണം ഉണ്ടായിരിക്കണം. ചെറിയ അശ്രദ്ധ വലിയ അപകടത്തിലേക്ക് നയിക്കും.
കുട്ടികൾക്ക് സ്വിമ്മിങ് ജാക്കറ്റ് പോലെയുള്ള സുരക്ഷാമാർഗങ്ങൾ സ്വീകരിക്കണം. കൃത്രിമശ്വാസം നൽകുന്നതിെൻറ പ്രാധാന്യം അവരെ പഠിപ്പിക്കണം. വീടുകളിലെ ബാത്ത് ടബ്ബുകളിലും കുട്ടികൾ പ്രവേശിക്കുന്നത് ഒഴിവാക്കണം. ബാത്ത് ടബ്ബുകളുടെ ഉപയോഗം കഴിയുന്നതോടെ ടോയ്ലെറ്റുകളുടെ വാതിലുകൾ അടച്ചിടണം. ഇല്ലെങ്കിൽ വീടകങ്ങളും അപകടസ്ഥലങ്ങളാകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.