Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചൂട് കുറയുന്നു...ഇനി...

ചൂട് കുറയുന്നു...ഇനി ശൈത്യകാല ക്യാമ്പിങ്​ സീസൺ

text_fields
bookmark_border
ചൂട് കുറയുന്നു...ഇനി ശൈത്യകാല ക്യാമ്പിങ്​ സീസൺ
cancel

ദോഹ: അന്തരീക്ഷ താപനില കുറയുന്നതോടെ ശൈത്യകാല ക്യാമ്പിങ്​ സീസണായി കാത്തിരിക്കുകയാണ് സ്വദേശികളും വിദേശികളും. തണുപ്പുകാലമെത്തുന്നതോടെ നിരവധി പേരാണ് കുടുംബങ്ങളുമൊത്ത് ക്യാമ്പിങ്​ സീസൺ ആസ്വദിക്കാനായി പ്രത്യേകം നിശ്ചയിക്കപ്പെടുന്ന പ്രദേശങ്ങളിലെത്തുന്നത്.നൂറ്റാണ്ടുകൾക്കു മുമ്പുള്ള ജീവിതരീതിയെ അനുസ്​മരിക്കുന്നതിനും നഗരത്തിെൻറ തിരക്കുകളിൽനിന്നും ശബ്​ദ കോലാഹലങ്ങളിൽനിന്നും അകന്ന് പ്രകൃതിയുടെ ലാളനയേറ്റ് സമയം ചെലവഴിക്കുന്നതിനുമുള്ള സുവർണാവസരം കൂടിയാണ് ഓരോ ക്യാമ്പിങ്​ സീസണും.

കോവിഡ്-19 അന്തരീക്ഷത്തിൽ ക്യാമ്പിംഗ് സീസണും അനുബന്ധ പ്രവർത്തനങ്ങളും റദ്ദാക്കുമെന്ന ആശങ്കയിലാണ് ചിലർ. എന്നാൽ, അധികപേരും വിശ്വസിക്കുന്നത് കർശന നിയന്ത്രണങ്ങളോടെയും സുരക്ഷ മുൻകരുതലുകളോടെയും മുൻവർഷങ്ങളിലേത് പോലെ ക്യാമ്പിങ്​ സീസൺ ഉണ്ടാകുമെന്നു തന്നെയാണ്. ശൈത്യകാല ക്യാമ്പിങ്ങിനായുള്ളവരിൽ അധികപേരും സ്വ​േദശികളാണെങ്കിലും വാരാന്ത്യദിവസങ്ങളിൽ കുടുംബങ്ങളുമായെത്തി സമയം ചെലവഴിക്കുന്ന വിദേശികളുമുണ്ട്. കായിക മത്സരങ്ങൾ നടത്തിയും പാരമ്പര്യ കളികളിലൂടെയും മരുഭൂവിലെ ജീവിതത്തെ കുറിച്ച് പഠിക്കുന്നതിനുള്ള അവസരം കൂടിയാണ് ക്യാമ്പിങ്ങിലൂടെ ലഭിക്കുന്നത്.

കോവിഡ് കാരണം അവധിക്കാലം ചെലവഴിക്കാൻ പുറത്ത് പോകാനാകാതെയും കൂടുതൽ കാലം വീടുകൾക്കുള്ളിൽ സമയം ചെലവഴിക്കുകയും ചെയ്തതോടെ ഈ വർഷത്തെ ക്യാമ്പിങ്​ സീസണായി ഏറെ ആകാംക്ഷയുണ്ട്. നേർത്ത തണുപ്പിൽ ശരീരത്തിനും മനസ്സിനും പുത്തനുണർവ് നൽകാൻ ഇത്തരം ക്യാമ്പുകളിലൂടെ സാധിക്കും.

ക്യാമ്പർമാർ സുരക്ഷ മുൻകരുതലുകളും മറ്റു നിയന്ത്രണങ്ങളും കർശനമായി പാലിക്കുകയാണെങ്കിൽ ഈ വർഷത്തെ ക്യാമ്പിങ്​ സീസണും വലിയ വിജയമാകും. സീസൺ അടുത്തമാസം ആരംഭിക്കാനിരിക്കെ ക്യാമ്പിങ്ങിനാവശ്യമായ ഉപകരണങ്ങളും മറ്റു സാമഗ്രികളുമായി നിരവധി വെബ്സൈറ്റുകളും ഓൺലൈൻ വിപണികളും സജീവമായിത്തുടങ്ങിയിട്ടുണ്ട്. ടെൻറ് നിർമാതാക്കൾ ഇത്തവണ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.ഗ്രില്ലുകൾക്ക് അവയുടെ വലുപ്പവും ഗുണമേന്മയുമനുസരിച്ച് 200 മുതൽ 1500 റിയാൽ വരെയാണ് വില. കഴിഞ്ഞവർഷം ഒക്ടോബർ 30ന് ആരംഭിച്ച് മാർച്ച് അവസാനം വരെയായിരുന്നു സീസൺ.

ഭക്ഷണം പാകംചെയ്യൽ, ശ്രദ്ധവേണം

മരൂഭൂമിയില്‍ ടെൻറുകൾ തയാറാക്കിയാണ്​ തണുപ്പുകാലത്ത്​ കഴിയുക. ക്യാമ്പ് ചെയ്യുന്നവര്‍ ഭക്ഷണത്തിെൻറ കാര്യത്തില്‍ ജാഗ്രതയും ശ്രദ്ധയും പാലിക്കണം. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരണം. ഭക്ഷണത്തില്‍ നിന്നുള്ള പ്രശ്നങ്ങള്‍ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം അധികൃതര്‍ മുന്നറിയിപ്പുനല്‍കുന്നു.

ദീര്‍ഘകാലം കാലാവധിയുള്ള ഉണങ്ങിയതും നന്നായി പാക്ക് ചെയ്തതുമായ ഭക്ഷണമാണ് ക്യാമ്പിങ്ങിനെത്തുന്നവര്‍ കരുതേണ്ടത്. ജാമിെൻറയും വെണ്ണയുടെയും ചെറിയ കുപ്പികളാണ് നല്ലത്. ഓരോ നേരത്തേയും ആവശ്യത്തിന് വേണ്ടിയുള്ള ഭക്ഷണം മാത്രമേ ഓരോ തവണയും പാകംചെയ്യാന്‍ പാടുള്ളൂ. അധികമായി പാകംചെയ്ത് ഭക്ഷണം ബാക്കി വെക്കുന്നതും വലിച്ചെറിയുന്നതും ഒഴിവാക്കണം.

പാകംചെയ്ത ഭക്ഷണസാധനങ്ങളും അതിന് മുമ്പുള്ളവയും പ്രത്യേകം പ്രത്യേകം സൂക്ഷിക്കണം. തണുപ്പിച്ച വസ്തുക്കള്‍ യാത്രക്കു​ മുമ്പ് നന്നായി ശീതീകരിച്ചതാണെന്ന് ഉറപ്പാക്കണം. ഭക്ഷണസാധനങ്ങള്‍ നശിച്ചുപോകുന്നത് തടയാന്‍ ആവശ്യത്തിന് ഐസ് കരുതണം. ഉപയോഗിച്ച ശേഷം കളയാവുന്ന പാത്രങ്ങളും സ്പൂണുകളും കരുതണം.

വേണ്ട, തമ്പുകളിൽ പുകവലി

തമ്പുകള്‍ക്കുള്ളില്‍ പുകവലിക്ക് കഴിഞ്ഞ തവണകളിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. ടെൻറുകള്‍ക്കുള്ളില്‍ ഒരു കാരണവശാലും പുകവലി അനുവദിക്കുകയില്ല. പുകവലി പാടില്ല എന്ന് രേഖപ്പെടുത്തിയിരിക്കുന്ന അടയാള ബോര്‍ഡുകള്‍ ഇംഗ്ലീഷിലും അറബിയിലും ടെൻറുകളിൽ സ്ഥാപിച്ചിരിക്കണം. ക്യാമ്പിങ് നടത്തുന്നവര്‍ക്കായി മരുഭൂമിയില്‍ പ്രത്യേക സ്ഥലം വേര്‍തിരിച്ചു നല്‍കും. ക്യാമ്പിങ്ങിനിടെ എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്നീ കാര്യങ്ങളുടെ വിശദാംശങ്ങള്‍ ആഭ്യന്തരമന്ത്രാലയം അറിയിക്കും. തമ്പില്‍ എമര്‍ജന്‍സി എക്സിറ്റ്(അടിയന്തര വാതില്‍) ഉണ്ടായിരിക്കണം. അതിെൻറ സമീപത്തായി ഇതു സംബന്ധിച്ച സൂചകബോര്‍ഡ് സ്ഥാപിച്ചിരിക്കണം.

ജനറേറ്ററുകളും സിലിണ്ടറുകളും അകലെ

ഇലക്ട്രിസിറ്റി ജനറേറ്ററുകള്‍ തമ്പില്‍നിന്നും ആറുമീറ്റര്‍ അകലെയായിട്ടായിരിക്കണം സ്ഥാപിക്കേണ്ടത്. ജനറേറ്ററുകള്‍ക്കും പാചകവാതക സിലിണ്ടറുകള്‍ക്കും സമീപത്തായി ഫയര്‍ എക്സിറ്റിങ്യിഷറുകള്‍ ഉണ്ടാകണം. ഗ്യാസ് സിലിണ്ടറുകള്‍ തമ്പില്‍നിന്നും 1.5 മീറ്ററെങ്കിലും അകലെയാകണം. സിലിണ്ടറുകളുമായി കൂട്ടിമുട്ടി അപകടമുണ്ടാകുന്ന വസ്തുക്കളൊന്നും അടുത്തുണ്ടാകരുത്​. ശുചിത്വം പാലിക്കുക, പരിസ്ഥിതിക്കും ചെടികള്‍ക്കും കോട്ടം വരുത്താതിരിക്കുക എന്നിവ ഉറപ്പാക്കണം. കൂടാതെ റോഡില്‍നിന്ന് 50 മീറ്റര്‍ വിട്ടായിരിക്കണം തമ്പ് കെട്ടേണ്ടത്. തമ്പില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:winterheatqatar news
Next Story