സന്ദർശകരുടെ വരവിൽ കരുത്താർജിച്ച് ഹോട്ടൽ താമസം
text_fieldsദോഹ: സന്ദർശകരുടെ എണ്ണം വർധിച്ചതോടെ രാജ്യത്തെ ഹോട്ടലുകളിൽ താമസക്കാരുടെ എണ്ണം കൂടുകയും വളർച്ച രേഖപ്പെടുത്തുകയും ചെയ്തതായി പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി റിപ്പോർട്ട്. ജി.സി.സി, യൂറോപ്പ്, ഏഷ്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നും സന്ദർശക പ്രവാഹം ഉയർന്നതോടെ മേയ് മാസത്തിൽ ടു, വൺ സ്റ്റാർ ഹോട്ടലുകളിൽ ഏറ്റവും ഉയർന്ന താമസനിരക്ക് രേഖപ്പെടുത്തിയതായി പി.എസ്.എ ചൂണ്ടിക്കാട്ടി.
2023 മേയ് മാസത്തിൽ 92 ശതമാനമാണ് ടു, വൺ സ്റ്റാർ ഹോട്ടലുകളിലെ താമസനിരക്കിലുണ്ടായ വർധന. അതേസമയംതന്നെ രാജ്യത്തെ ഹോട്ടൽ, ഹോട്ടൽ അപ്പാർട്മെന്റുകളുടെ ആകെ താമസനിരക്ക് 55 ശതമാനമാണെന്നും പി.എസ്.എ വ്യക്തമാക്കി.
ഫോർ സ്റ്റാർ ഹോട്ടലുകളിലെ താമസനിരക്ക് 53 ശതമാനവും ഫൈവ്സ്റ്റാർ ഹോട്ടലുകളുടെ താമസനിരക്ക് 51 ശതമാനവുമായിരുന്നെന്നും പി.എസ്.എ റിപ്പോർട്ടിൽ പറയുന്നു. ഡീലക്സ് ഹോട്ടൽ അപ്പാർട്മെന്റുകളുടെയും സ്റ്റാൻഡേഡ് ഹോട്ടൽ അപ്പാർട്മെന്റുകളുടെയും താമസനിരക്ക് ഈ വർഷം മേയ് മാസത്തിൽ യഥാക്രമം 56 ശതമാനവും 71 ശതമാനവുമായിരുന്നെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചു.
ഖത്തറിലെ ഹോട്ടലുകളുടെ ലഭ്യമായ മുറികളിൽ നിന്നുള്ള വരുമാനത്തിലും വർധന രേഖപ്പെടുത്തിയതായും ഹോട്ടൽ വ്യവസായത്തിൽ ഹോട്ടലിന്റെ വിജയം അളക്കാൻ സഹായിക്കുന്നതാണ് ഇതെന്നും പി.എസ്.എ പറഞ്ഞു. ഫൈവ്സ്റ്റാർ ഹോട്ടലിലെ ലഭ്യമായ ഒരു മുറിയിൽനിന്നുള്ള വരുമാനം 299 റിയാലായി ഉയർന്നു.
ഫോർ സ്റ്റാർ ഹോട്ടലുകളിൽ അത് 121 റിയാലായിരുന്നു. ത്രീ സ്റ്റാർ ഹോട്ടലുകളിൽ 130ഉം ടു, വൺ ഹോട്ടലുകളിൽ 138 റിയാലായി ഉയർന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കി. ഈ വർഷം ഇതുവരെയായി 20 ലക്ഷത്തിലധികം അന്താരാഷ്ട്ര സന്ദർശകരെ സ്വാഗതംചെയ്തതായി ഖത്തർ ടൂറിസം ഈയിടെ വ്യക്തമാക്കിയിരുന്നു. മേയ്, ജൂൺ മാസങ്ങളിലായി 5,67,000 സന്ദർശകരാണ് ഖത്തറിലെത്തിയത്.
കഴിഞ്ഞ 10 വർഷത്തെ ഈ രണ്ടു മാസങ്ങളിലെ ഏറ്റവും ഉയർന്ന കണക്കാണിത്. കോവിഡ് മഹാമാരിക്കുമുമ്പുള്ള നിലയുമായി താരതമ്യംചെയ്യുമ്പോൾ ഈ വർഷത്തെ അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണത്തിൽ ഇരട്ടി വർധനയാണ് രേഖപ്പെടുത്തിയത്.
ഖത്തർ ടൂറിസത്തിന്റെ ഫീൽ മോർ ഇൻ ഖത്തർ കാമ്പയിൻ ആരംഭിച്ചത് രാജ്യത്തേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ വർധനക്ക് കാരണമായതായി അധികൃതർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷത്തെ ഫിഫ ലോകകപ്പിനെത്തുടർന്ന് ഖത്തറിന്റെ വിനോദസഞ്ചാര മേഖലയിലുണ്ടായ ഉണർവ് തുടരുന്നതായും ഹയാ കാർഡ് വിപുലീകരണവും ഹയാ പ്ലാറ്റ്ഫോം വീണ്ടും ആരംഭിച്ചതും സന്ദർശകരുടെ വരവ് എളുപ്പമാക്കിയതായും വിവിധ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു.
മേയ് മാസത്തിൽ 2,85,000 സന്ദർശകരാണ് ഖത്തറിലെത്തിയതെന്നും വാർഷികാടിസ്ഥാനത്തിൽ സന്ദർശകരുടെ എണ്ണത്തിൽ 72 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും പി.എസ്.എ അറിയിച്ചു.
ആകെ സന്ദർശകരിൽ 37 ശതമാനവും ജി.സി.സി രാജ്യങ്ങളിൽനിന്നുള്ളവരായിരുന്നെന്നും പി.എസ്.എ കൂട്ടിച്ചേർത്തു. അന്താരാഷ്ട്രതലത്തിൽ പ്രസിദ്ധമായ ഇവന്റുകൾക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെയും അന്താരാഷ്ട്ര കായിക ചാമ്പ്യൻഷിപ്പുകൾക്ക് വേദിയാകുന്നതിലൂടെയും ഖത്തർ സന്ദർശകരുടെ പ്രിയപ്പെട്ട രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. 2030ഓടെ പ്രതിവർഷം ആറു ദശലക്ഷം സന്ദർശകരെയാണ് ഖത്തർ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.