വീടും, കിണറും പള്ളിയും; കരുതലുമായി ഖത്തർ ചാരിറ്റി
text_fieldsദോഹ: റമദാനിലെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ച് ഖത്തർ ചാരിറ്റി. നോമ്പ് രണ്ടാം പത്തിലേക്ക് പ്രവേശിച്ചതിനു പിന്നാലെ ‘പ്രതിഫലം ഇരട്ടിയാക്കൂ’ എന്ന പേരിൽ കുടിവെള്ളം, വീട്, പള്ളി എന്നിവ സാധ്യമാക്കുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്.
ഖത്തർ ചാരിറ്റിയുടെ റമദാൻ പ്രചാരണ പരിപാടിയായ ‘എൻഡ്ലസ് ഗിവിങ്’ ഭാഗമായാണ് പുതിയ ജീവകാരുണ്യ ദൗത്യവുമായി ഖത്തർ ചാരിറ്റി രംഗത്തെത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തു ലക്ഷത്തോളം പേർ ‘ഡബ്ൾ യുവർ അജിർ’ പദ്ധതിയിൽ ഗുണഭോക്താക്കളാകും.
ദുർബല വിഭാഗങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരേസമയം ലഭ്യമാക്കി ജീവിത നിലവാരം ഉയർത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. വരൾച്ച നേരിട്ട പ്രദേശങ്ങൾ, അഭയാർഥികളുടെ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കുടിവെള്ളം എത്തിക്കുകയും, ഒപ്പും അവശ്യ വിഭാഗങ്ങൾക്ക് വീട് നിർമിക്കുക, ആരാധന നടത്താൻ പള്ളി പണിയുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
സംഭാവന നൽകുന്നവർക്ക് തങ്ങളുടെ പുണ്യം ഇരട്ടിയാക്കാമെന്നാണ് കാമ്പയിനിന്റെ പേര് കൊണ്ട് സൂചന നൽകുന്നത്. കിണറും വീടും പള്ളിയും ഒരിടത്തായി ചുരുങ്ങിയ ചെലവിൽ ലഭ്യമാക്കി കമ്യൂണിറ്റി കെട്ടിപ്പടുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഏഷ്യൻ, ആഫ്രിക്കൻ വൻകരകളിലായി 12 രാജ്യങ്ങളിലാണ് ‘ഡബ്ൾ യുവർ അജിർ’ നടപ്പാക്കുന്നത്.
ഇന്ത്യ, ഉഗാണ്ട, നേപ്പാൾ, താൻസനിയ, ചാഡ്, ഐവറി കോസ്റ്റ്, ബംഗ്ലാദേശ്, പാകിസ്താൻ, ടോഗോ, നൈജർ എന്നിവയാണ് പദ്ധതി പ്രദേശങ്ങൾ. സംഭാവന ചെയ്യാൻ താൽപര്യമുള്ളവർക്ക് വെബ്സൈറ്റ് വഴിയും ഖത്തർ ചാരിറ്റി ബ്രാഞ്ചുകളിലൂടെയും തങ്ങളുടെ വിഹിതം എത്തിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.