ഇക്കോ ടൂറിസം വികസനത്തിന് ഖത്തർ ടൂറിസവും പരിസ്ഥിതി മന്ത്രാലയവും
text_fieldsമരുഭൂമിയിലെ ആകർഷണമായ ഒറിക്സ്
ദോഹ: രാജ്യത്തുടനീളം കൂടുതൽ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ട് ഖത്തർ ടൂറിസവും പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും കൈകോർക്കുന്നു. മന്ത്രാലയ ആസ്ഥാനത്ത് നടന്ന യോഗത്തിൽ മന്ത്രി ശൈഖ് ഡോ. ഫാലിഹ് ബിൻ നാസർ ബിൻ അഹ്മദ് ബിൻ അലി ആൽഥാനി, ഖത്തർ ടൂറിസം ചെയർമാൻ സഅദ് ബിൻ അലി സഅദ് അൽ ഖർജി എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.
രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ഇക്കോടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പൊതു കാഴ്ചപ്പാട് യോഗത്തിൽ ചർച്ച ചെയ്തതായും വരും കാലയളവിൽ രാജ്യത്ത് ഇക്കോടൂറിസം അഭിവൃദ്ധി പ്രാപിക്കാനുള്ള മാർഗങ്ങൾ യോഗത്തിൽ വിശകലനം ചെയ്തതായും മന്ത്രി കൂട്ടിച്ചേർത്തു. മണൽപരപ്പുകൾ, കണ്ടൽക്കാടുകൾ, തീരപ്രദേശങ്ങൾ എന്നിങ്ങനെയുള്ള വലിയ സാധ്യതകൾ കണക്കിലെടുത്ത് രാജ്യത്ത് ഇക്കോടൂറിസം ഉയർത്തിക്കൊണ്ടുവരാൻ മന്ത്രാലയം താൽപര്യപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പരിസ്ഥിതിയിൽ മാത്രം ഒതുങ്ങാതെ സമ്പദ് വ്യവസ്ഥയിലേക്കും സാംസ്കാരിക മേഖലകളിലേക്കും വ്യാപിക്കുന്ന ഒട്ടേറെ നേട്ടങ്ങൾ ഇക്കോടൂറിസത്തിലുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു. വിനോദസഞ്ചാര സൗകര്യങ്ങൾ പ്രത്യേകിച്ച് ബീച്ചുകളും റിസോർട്ടുകളും വികസിപ്പിക്കുന്നതിലുള്ള താൽപര്യം വർധിച്ചതിനാൽ വിനോദസഞ്ചാര മേഖലയിൽ രാജ്യം അഭൂതപൂർവമായ വളർച്ചയാണ് കൈവരിച്ചിരിക്കുന്നതെന്ന് പരിസ്ഥിതി വിദഗ്ധനും മന്ത്രാലയത്തിലെ ഉപദേഷ്ടാവുമായ ഡോ. മുഹമ്മദ് സൈഫ് അൽ കുവാരി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രകൃതിദത്തവും സാംസ്കാരികവുമായ പൈതൃകം സംരക്ഷിക്കുന്നതിന് സംഭാവന ചെയ്യുന്ന സുസ്ഥിര ടൂറിസത്തിന്റെ ഘടകങ്ങളിലൊന്നായാണ് ഇക്കോടൂറിസം അറിയപ്പെടുന്നതെന്നും ഡോ. അൽ കുവാരി ചൂണ്ടിക്കാട്ടി.
ദോഹയിൽ നിന്നും 40 കിലോമീറ്റർ അകലെയുള്ള അൽ മിസ്ഫിർ സിങ്ക്ഹോൾ, ഖത്തരി ഒറിക്സിനെ കാണപ്പെടുന്ന ഷഹാനിയക്കടുത്ത അൽ മസഹ്ബിയ, പ്രസിദ്ധമായ ബീച്ചുകളും ഉയർന്ന മണൽത്തിട്ടകളാലും നിറഞ്ഞ ലോകത്തിലെ അപൂർവം പ്രദേശങ്ങളിലൊന്നായ ഖോർ അൽ ഉദൈദ്, കണ്ടൽക്കാടുകളാൽ പ്രസിദ്ധമായ ബിൻ ഗന്നാം, റുക്ൻ ദ്വീപുകൾ തുടങ്ങിയവയെല്ലാം രാജ്യത്തെ പ്രസിദ്ധമായ ഇക്കോടൂറിസം കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ടതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.