എത്രയും പ്രിയപ്പെട്ട ഫാൽകണുകൾ...
text_fieldsവെള്ളയും ചാരവും ഇടകലർന്ന നിറങ്ങളിലായുള്ള ഈ ഫാൽകൺ സുന്ദരിയുടെ വില 1.77 ലക്ഷം റിയാൽ. ഇന്ത്യൻ രൂപയിൽ 40 ലക്ഷം കടക്കും. കറുപ്പും തവിട്ടു നിറവും ഒപ്പം തൊട്ടുതലോടിയപോലെ വെള്ളയും നിറങ്ങളിലായി മറ്റൊരു സുന്ദരിയെ ഇഷ്ടക്കാർ സ്വന്തമാക്കിയത് രണ്ടു ലക്ഷം റിയാൽ (45 ലക്ഷം രൂപ). കതാറ കൾചറൽ വില്ലേജിൽ പൊടിപൊടിക്കുന്ന സ്ഹൈൽ അന്താരാഷ്ട്ര ഫാൽകൺ പ്രദർശനത്തിലെ വിശേഷങ്ങളാണിതെല്ലാം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഫാൽകൺ പക്ഷികളും പ്രേമികളും ഫാമുകളും ഉൾപ്പെടെ എല്ലാവരുമെത്തുന്ന ഫാൽകൺ പ്രദർശനത്തിന് ശനിയാഴ്ച കൊടിയിറങ്ങുകയാണ്. ഓരോ ദിവസവും പൊന്നും വിലക്കാണ് ഇവിടെനിന്ന് മുന്തിയ ഇനം ബ്രീഡുകളിലെ ഫാൽകൺ പക്ഷികളെ വേട്ടപ്രിയർ സ്വന്തമാക്കുന്നത്.
ഏഴാമത് ഫാൽകൺ പ്രദർശനത്തിനും വിൽപനക്കുമാണ് കതാറ വേദിയാവുന്നത്. 19 രാജ്യങ്ങളിൽനിന്നായി 190 കമ്പനികൾ പങ്കെടുക്കുന്ന പ്രദർശനം, സന്ദർശക ബാഹുല്യംകൊണ്ട് ഓരോ ദിനവും ശ്രദ്ധേയമായി മാറുന്നു.
പ്രാപ്പിടിയൻ പക്ഷിയെന്ന് മലയാളികൾ വിളിക്കുന്ന, അറബികളുടെ ഫാൽകൺ പക്ഷിയോടുള്ള ഇഷ്ടം ലോകത്തു തന്നെ പ്രശസ്തമാണ്. ഫാൽകണിനെ വീട്ടിൽ വി.ഐ.പി പരിഗണനയോടെ വളർത്തി, സ്വന്തം മക്കളെക്കാൾ സ്നേഹവും കരുതലും പരിചരണവും നൽകി താലോലിക്കുന്ന അറബ് പൗരന്മാരുടെ ഇഷ്ടം കതാറയിലെ വേദികളിൽ ദൃശ്യമാണ്.
കാണാനും സ്വന്തമാക്കാനും പക്ഷിവേട്ടക്കുള്ള ഉപകരണങ്ങൾ വാങ്ങാനുമായെല്ലാം വിവിധ അറബ് രാജ്യങ്ങളിൽനിന്ന് കുട്ടികളെയും കൂട്ടിയെത്തുന്ന അറബികളുടെ സാന്നിധ്യമാണ് ശ്രദ്ധേയം. മുന്തിയ ഇനം ഫാൽകൺ പക്ഷികളാണ് ലേലത്തിലുള്ളത്. വളർത്തി പാകമായി, വേട്ടക്കായി തയാറായവയെ തേടി നിരവധി പേർ എത്തുന്നു. ഇതിനു പുറമെ, വിവിധ വിലകളിൽ ചെറുതും വലുതുമായവയും പ്രദർശനനഗരിയിൽ ലഭ്യമാണ്.
ഫാൽകൺ പക്ഷികളുമായി ബന്ധപ്പെട്ട ഉൽപന്നങ്ങൾ, ആധുനിക വേട്ട ഉപകരണങ്ങൾ, ആയുധങ്ങൾ, മരുഭൂമിയിൽ സഞ്ചരിക്കാനുള്ള വാഹനങ്ങളുടെയും കാമ്പിങ് വസ്തുക്കളുടെയും പ്രദർശനം എന്നിവകൊണ്ട് സമ്പന്നമായിരുന്നു സ്ഹൈൽ എക്സിബിഷൻ. സൗദി, കുവൈത്ത്, യു.എ.ഇ എന്നിവിടങ്ങളിൽനിന്നു മാത്രം 40ഓളം കമ്പനികൾ തോക്ക്, ആയുധങ്ങൾ, വേട്ട ഉപകരണങ്ങൾ എന്നിവയുമായി പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.