വെറുപ്പിന്റെ ഭാഷ ഇന്ത്യൻ പാരമ്പര്യത്തെ തകർക്കും -പ്രവാസി കോഓഡിനേഷൻ കമ്മിറ്റി
text_fieldsദോഹ: വെറുപ്പിന്റെ ഭാഷയിൽ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് ഇന്ത്യൻ പാരമ്പര്യത്തെ തകർക്കുമെന്നും ലോകത്തിനുമുന്നിൽ ഇന്ത്യയെ അപഹാസ്യമാക്കുമെന്നും ഖത്തറിലെ ഇന്ത്യൻ പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ പ്രവാസി കോഓഡിനേഷൻ കമ്മിറ്റി അഭിപ്രായപ്പെട്ടു.
വെറുപ്പല്ല ഭാരതത്തിന്റെ സംസ്കാരം; ലോകത്തെ എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും സ്വീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നതാണ്. ഇതാണ് ലോകത്തിനുമുന്നിൽ ഇന്ത്യയെ തലയുയർത്തി നിർത്തുന്നത്.എന്നാൽ, കുറച്ചുകാലമായി രാജ്യത്ത് ഉയർന്നുവരുന്ന വെറുപ്പിന്റെ സംസാരവും പ്രവർത്തിയും അപകടകരമാണ്. ഇന്ത്യ ഉയർത്തിപ്പിടിക്കുന്ന ഉന്നത മൂല്യങ്ങളാണ് ഇവിടെ വെല്ലുവിളി നേരിടുന്നത്. രാജ്യത്തെ ജനങ്ങളെ വെറുപ്പ് ഉൽപാദിപ്പിച്ച് വിഭജിക്കാനുള്ള ശ്രമമാണ് ഇതിന്റെ പിന്നിൽ. വെറുപ്പ് പരത്തി ജനങ്ങളെ വിഭജിക്കുന ശക്തികളെ തുറന്നെതിർക്കാൻ ഏവരും മുന്നോട്ട് വരണമെന്ന് ആഹ്വാനംചെയ്തു. പ്രവാചകനെക്കുറിച്ച് വളരെ ഉത്തരവാദപ്പെട്ടവർ നടത്തിയ വെറുപ്പിന്റെ സംസാരം അപലപനീയമാണ് . ഇങ്ങനെയുള്ള വ്യക്തികൾക്കും സംവിധാനങ്ങൾക്കുമെതിരെ നിയമനടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണം.
ഇത്തരം പ്രസ്താവനകൾ രാജ്യത്തിന്റെ പ്രതിച്ഛായയെ മാത്രമല്ല, അന്താരാഷ്ട്ര ബന്ധങ്ങളെപ്പോലും ബാധിക്കുന്ന തലത്തിലേക്ക് ഉയർന്നിട്ടുണ്ട്. വിശിഷ്യ ഗൾഫ് രാജ്യങ്ങളും ഇന്ത്യയുമായുള്ള സാമ്പത്തിക-വാണിജ്യ-സാംസ്കാരിക ബന്ധത്തിന് വലിയ വിള്ളൽ സൃഷ്ടിച്ചിട്ടുണ്ട്. വിദേശങ്ങളിൽ ജോലിചെയ്യുന്ന ഇന്ത്യൻ പ്രവാസികൾക്കുപോലും അപമാനമാണ് ഇത്തരക്കാരുടെ നടപടിയെന്നും പ്രവാസി കോഓഡിനേഷൻ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.