റയ്യാൻ കടന്നെത്തിയ സ്നേഹപ്പൊതികൾ
text_fieldsദോഹ: വ്രതവിശുദ്ധിയുടെ 30 ദിനങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്ച വിശ്വാസികൾ ഈദുൽഫിതർ ആഘോഷിക്കുമ്പോൾ കുന്നോളം സംതൃപ്തിയോടെയാണ് സിദ്ദീഖ് വേങ്ങരയും താഹിർ വളാഞ്ചേരിയും റഫീഖും ഉൾപ്പെടെ ഖത്തറിലെ ഒരു കൂട്ടം സാമൂഹിക പ്രവർത്തകർ ഈദ് നമസ്കരം നിർവഹിച്ച് മടങ്ങുന്നത്. പകലന്തിയോളം അന്നപാനീയങ്ങൾ ഉപേക്ഷിച്ച വ്രതം മാത്രമായിരുന്നില്ല ഇവരുടെ റമദാൻ. ഖത്തറിെൻറ എല്ലാ കോണിലുമായി വിശന്നിരുന്ന ആയിരങ്ങളുടെ വിശപ്പകറ്റലും ഇവരുടെ നോമ്പിെൻറ ഭാഗമായിരുന്നു. അങ്ങനെ ഒരു മാസത്തെ വ്രതക്കാലം അവസാനിക്കുമ്പോഴേക്കും ഇവരുടെ കൈകളിലൂടെ അണഞ്ഞത് ഒന്നേകാൽ ലക്ഷത്തിലേറെ വിശപ്പുകൾ.
പറഞ്ഞുവരുന്നത് ഈ റമദാൻ കാലത്ത് ഐൻഖാലിദിലെ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റിയുടെ റയ്യാൻ കേന്ദ്രത്തിൽനിന്നും ഖത്തറിെൻറ നാനാദിക്കിലേക്ക് ഒഴുകിയ സ്നേഹക്കടലിനെ കുറിച്ചാണ്. റമദാനിലെ ആദ്യ ദിനത്തിൽ സൂര്യൻ മധ്യാഹ്നത്തിൽനിന്നും നീങ്ങിത്തുടങ്ങുന്നതോടെ സി.ഐ.സി റയ്യാൻ ഓഫിസിൽനിന്നും നോമ്പുതുറ വിഭവങ്ങൾ നിറച്ച വാഹനങ്ങൾ നിരനിരയായി ഓടിത്തുടങ്ങും. സൂര്യൻ ആകാശം വിട്ട് അസ്തമിക്കാനൊരുങ്ങുമ്പോഴേക്കും ആ വാഹനങ്ങളെല്ലാം ലക്ഷ്യത്തിലെത്തിയിരിക്കും. അവരെ കാത്തിരിക്കുന്ന ആയിരം കൈകളിലേക്ക് കരുണയുടെ സ്നേഹപ്പൊതികൾ കൈമാറ്റപ്പെടും. ഈ പതിവ് കഴിഞ്ഞ 30 ദിനങ്ങളിലും മുടങ്ങാതെ തന്നെ തുടർന്നു. ഓരോ ദിവസവും സിദ്ദീഖും കൂട്ടുകാരും നേതൃത്വം നൽകുന്ന 45ഓളം വളന്റിയർമാർ എത്തിച്ചു നൽകിയത് 5000 വരെ ഭക്ഷണ പൊതികൾ. വ്രതവിശുദ്ധിയുടെ ഒരു മാസം പിന്നിടുമ്പോഴേക്കും അവർ വിതരണം ചെയ്ത് തീർത്തത് 1.30 ലക്ഷം ഭക്ഷണപ്പൊതികൾ. സൗദിഅറേബ്യൻ അതിർത്തിയിലെ അൽ കരാനയും ഉംകറും മുതൽ ഖത്തറിെൻറ പലഭാഗങ്ങളിലായി ഇവരൊഴുക്കിയ കരുണയുടെ തെളിനീർ ഒഴുകിപ്പരന്നു. ജെറിയാൻ, മകൈൻസ് , അബു നഖ്ല, ഇൻഡസ്ട്രിയൽ ഏരിയ, ശഹാനിയ, റയ്യാൻ, മൈദർ, ഫറൂസിയ, അസീസിയ, ഐൻ ഖാലിദ്, വക്റ തുടങ്ങിയ സ്ഥലങ്ങളിലെ ലേബർ ക്യാമ്പുകളിലും, വിജനമായ പ്രദേശങ്ങളിലെ ഫാമുകളിലും, ഒറ്റപ്പെട്ടു താമസിക്കുന്ന പ്രദേശങ്ങളിലുള്ളവരിലേക്കും ഇടയന്മാരിലേക്കുമെല്ലാം മുടങ്ങാതെ തന്നെ ചിക്കനും മട്ടനുമായി മുന്തിയ ഭക്ഷണ വിഭവങ്ങളെത്തി. തൊഴിൽ തേടിയെത്തിയ വിദേശികളും ജോലി നഷ്ടപ്പെട്ടവരും ഗൃഹനാഥന്മാർ നിയമനടപടികൾക്ക് വിധേയരായി ജയിലിലായ കുടുംബങ്ങളുമെല്ലാം ഇവരുടെ കരുണയിൽ നോമ്പ് തുറന്നു. കഴിഞ്ഞ അഞ്ചുവർഷമായി ഏറ്റവും വ്യവസ്ഥാപിതമായി സി.ഐ.സി റയ്യാൻ സെന്ററിനു കീഴിൽ നടത്തുന്ന ഇഫ്താർ വിതരണമാണ് ഖത്തറിലെ പ്രവാസി മലയാളികൾക്കിടയിൽ സേവനസന്നദ്ധതയുടെ പുതു മാതൃക കുറിച്ചത്. ഖത്തർ ചാരിറ്റിയിൽനിന്നും ഫ്രഞ്ച് കൾച്ചറൽ സെൻറർ മുഖേന ലഭിക്കുന്ന 2500ഓളം ഭക്ഷണ കിറ്റുകളും, ഇതിനു പുറമെ, വിവിധ സന്നദ്ധ സംഘടനകൾ, കച്ചവട സ്ഥാപനങ്ങൾ, കോളജ് അലുംനികൾ, മഹല്ല് കൂട്ടായ്മകൾ, വാട്ട്സ്ആപ് ഗ്രൂപ്പുകൾ തുടങ്ങി അമ്പതോളം ചെറുതും വലുതുമായ സംഘങ്ങളും നൽകുന്ന സംഭാവനകളെയാണ് കൃത്യമായ ഏകോപനത്തിലൂടെ ഇവർ ജീവകാരുണ്യ പ്രവർത്തനത്തിെൻറ മഹത്തരമാതൃകയാക്കി മാറ്റിയത്. വിമൻ ഇന്ത്യ, നടുമുറ്റം ഖത്തർ വളന്റിയർമാരും സേവനസന്നദ്ധരായുണ്ട്. ഖത്തർ മലയാളീസ് കൂട്ടായ്മ, മല്ലു വളന്റിയർ ഗ്രൂപ്, ഐ.ടി.പി.എൻ, അൻസാർ അലുംമ്നി അങ്ങനെ നീളുന്നു സഹകാരികളുടെ നിര.
ഭക്ഷണം നല്കാൻ തയാറായി വരുന്ന കൂട്ടായ്മകൾക്ക്, ആവശ്യക്കാരനെ കാണിച്ചുകൊടുക്കുകയും വിതരണത്തിന് നേതൃത്വം നൽകുകയുമാണ് സി.ഐ.സിയുടെ മുഖ്യദൗത്യം. പ്രയാസപ്പെടുന്നവരെ തിരിച്ചറിയുന്നതിനായി രണ്ടു മാസത്തോളം തങ്ങളുടെ വളന്റിയർമാർ ഫീൽഡിൽ ഇറങ്ങി പഠനം നടത്തിയിരുന്നതായി സിദ്ദീഖ് വേങ്ങര 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ഭക്ഷണം നൽകൽ ധാരാളം സുമനസ്സുകൾ തയാറാണ്, പക്ഷേ അത് ആവശ്യക്കാരുടെ കൈകളിൽ എത്തിക്കുകയാണ് പ്രധാന വെല്ലുവിളി. ആ ഭാരിച്ച ദൗത്യമാണ് ഭംഗിയായി കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി ചെയ്തുവരുന്നത്. ഓരോ വർഷവും ഇതുമായി സഹകരിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്നു -അദ്ദേഹം പറഞ്ഞു.
ഇതുവരെയായി ഒരു 130,000ത്തോളം ഇഫ്താർ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തതായി സി.ഐ.സി. ജനസേവന വിഭാഗം കോഓഡിനേറ്റർ താഹിർ പറഞ്ഞു. ഉച്ച തിരിഞ്ഞ് മൂന്നര മണിയോടെ സജീവമാവുന്ന സെന്ററിൽ ഖത്തറിെൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന സി.ഐ.സി പ്രവർത്തകരായ വളന്റിയർമാർ രാത്രി ഏഴു മണി വരെ പ്രവർത്തന നിരതരാവും. വളന്റിയർ ക്യാപ്റ്റൻ മുഹമ്മദ് റഫീഖിനു കീഴിലുള്ള സംഘമാണ് 45 പേരുടെ നേതൃത്വത്തിലുള്ള പ്രവർത്തനത്തിന് നേതൃത്വം നൽകുന്നു. ഇഫ്താർ കിറ്റുകൾക്ക് പുറമെ വിവിധ കച്ചവട സ്ഥാപനങ്ങളുടെ സഹകരണത്തോടെ 800 ഭക്ഷണം പാചകം ചെയ്യുന്നതിനാവശ്യമായ പലചരക്ക് സാധനങ്ങളുടെ കിറ്റുകളും, 200ൽ പരം പെരുന്നാൾ പുതു വസ്ത്രങ്ങളും വിതരണം ചെയ്തു. ഓരോ വർഷവും തങ്ങളെ കാത്തിരിക്കുന്നവരുടെ എണ്ണം വർധിക്കുമ്പോൾ, വരും വർഷങ്ങളിൽ കൂടുതൽ സജീവതയോടെ തങ്ങളുടെ ദൗത്യം പൂർത്തിയാക്കാൻ കഴിയട്ടേയെന്ന പ്രാർഥനയോടെയാണ് ഇവർ ഇത്തവണ റമദാനിനോട് വിടപറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.