ലോകത്തെ ഇരിപ്പിച്ച മലയാളി
text_fieldsദോഹ: ലോകകപ്പിൽ ഇന്ത്യയുടെ പങ്കാളിത്തം ഒരു വിദൂരകാലസ്വപ്നമാണ്. എന്നാൽ, ഫിഫ ലോകകപ്പിനായി ഖത്തറിലെത്തുന്ന ലോകമെങ്ങുമുള്ള ആരാധകരെ ഇരുത്തികളികാണിക്കുന്നത് ഒരു മലയാളിയാണ്. എറണാകുളം നോർത്ത് പറവൂർ സ്വദേശിയും കോസ്റ്റൽ ഖത്തർ സ്ഥാപകനും സി.ഇ.ഒയുമായ നിഷാദ് അസീം. ഖലീഫ രാജ്യാന്തര സ്റ്റേഡിയം മുതൽ ഫൈനലിെൻറ വേദിയായ ലുസൈൽ ഐകണിക് സ്റ്റേഡിയം വരെ വിശ്വമേളയുടെ ഏഴു വേദികളിലെ ഇരിപ്പിടങ്ങളിൽനിന്ന് ആരവമുയരുേമ്പാൾ അവിടെയൊരു മലയാളി സ്പർശമുണ്ടെന്നർഥം.
ഖത്തർ ലോകകപ്പിെൻറ എട്ടിൽ ഏഴ് സ്റ്റേഡിയങ്ങളുടെ ഗാലറികളിലും ഇരിപ്പിടം നിറച്ചത് നിഷാദ് അസീമിെൻറ നേതൃത്വത്തിെല കോസ്റ്റൽ ഖത്തറാണ്. അൽ തുമാമ ഒഴികെ എല്ലാ വേദികളിലെയും കസേരകൾ രൂപകൽപന ചെയ്യുകയും, അവക്കാവശ്യമായ അനുബന്ധ ഉൽപന്നങ്ങൾനിർമിക്കുകയും, സ്റ്റേഡിയങ്ങളിൽ സ്ഥാപിക്കുകയും ചെയ്തുകൊണ്ട് ഏറ്റെടുത്ത ജോലികൾ, ഒരു വർഷം മുേമ്പ ഭംഗിയായി പൂർത്തിയാക്കിയതിൻെറ നിർവൃതിയിലാണ് കോസ്റ്റൽ ഖത്തർ ഗ്രൂപ്.
വിശ്വമേളക്ക് വേദിയാവുേമ്പാൾ പ്രാദേശിക കമ്പനികൾക്ക് പരമാവധി അവസരം നൽകണം എന്ന സംഘാടകരായ സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ തീരുമാനമായിരുന്നു മലയാളി നായകനായ കമ്പനിയെ തേടി ലോകോത്തര പ്രോജക്ട് വരാൻ വഴിയൊരുക്കിയത്. എൻജിനീയറിങ് വൈദഗ്ധ്യവും രാജ്യാന്തര ഗുണനിലവാരവും, പ്രാദേശിക കമ്പനിയെന്ന മികവുമെല്ലാം കോസ്റ്റൽ ഖത്തറിന് തുണയായി. നേരത്തേ ഉദ്ഘാടനം ചെയ്ത ഖലീഫ ഇൻറർ നാഷനൽ സ്റ്റേഡിയത്തിെൻറ നവീകരണ പ്രവൃത്തിയിൽ പങ്കുവഹിച്ചതും നിർമാണമികവും അനുകൂലഘടകമായി.
2017 ഏപ്രിലിൽ സുപ്രീം കമ്മിറ്റിയുമായി ആറ് സ്റ്റേഡിയങ്ങളുടെ ഇരിപ്പിട നിർമാണത്തിൽ കരാർ ഒപ്പുവെച്ച കോസ്റ്റൽ ഖത്തർ പിന്നെ ദ്രുതഗതിയിലായിരുന്നു കാര്യങ്ങൾ നീക്കിയത്. അൽബെയ്ത്, അൽ ജനൂബ്, അഹമ്മദ് ബിൻ അലി, എജുക്കേഷൻ സിറ്റി, ലുസൈൽ, റാസ് അബൂഅബൂദ് സ്റ്റേഡിയങ്ങളിലേക്കായി ഇതിനകം നിർമിച്ചത് 2.50 ലക്ഷം സീറ്റുകൾ.
ഏറ്റവും നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചും, ഗുണമേന്മ ഉറപ്പാക്കിയും, മലിനീകരണം കുറച്ചുമായിരുന്നു ഉൽപാദനം. നിർമാണം പൂർത്തിയാക്കിയ സീറ്റുകൾ മനോഹരമായ ഡിസൈനിൽ സ്റ്റേഡിയത്തിൽ സ്ഥാപിച്ചും കോസ്റ്റൽ ഖത്തർ ദൗത്യം പൂർത്തിയാക്കി. സീറ്റുകൾ മാത്രമല്ല, സ്റ്റേഡിയം മേൽക്കൂരകൾ, ടോയ്ലറ്റ് സജ്ജീകരണങ്ങൾ അങ്ങനെ മറ്റ് അനുബന്ധ നിർമാണങ്ങളിൽ സബ് കോൺട്രാക്ടായും പങ്കാളികളായി.
2003ലാണ് സ്റ്റാട്ടർപ് കമ്പനിയായി നിഷാദ് അസീം കോസ്റ്റൽ ഖത്തർ ആരംഭിക്കുന്നത്. ശൈഖ് മൻസൂർ ബിൻ ജാബിർ ആൽഥാനിയായിരുന്നു ചെയർമാൻ. ഇൻസ്റ്റലേഷൻ ട്രേഡിങ് ജോലികളായിരുന്നു ആദ്യ ഘട്ടത്തിൽ ഏറ്റെടുത്തത്. പ്രവർത്തനം തുടങ്ങി അധികം വൈകാതെ ദോഹ ആസ്പയർ സ്പോർട്സ് ഹാളിെൻറ സീലിങ് ജോലികൾ ലഭിച്ചു. ഏറെ സങ്കീർണമായ ദൗത്യം പറഞ്ഞ ദിവസത്തിനും മുേമ്പ മനോഹരമായി പൂർത്തിയാക്കി.
പിന്നാലെ, ഹമദ് മെഡിക്കൽ സിറ്റി, ഹമദ് വിമാനത്താവളം, ഖത്തർ ആഭ്യന്തര മന്ത്രാലയം ആസ്ഥാനം, നാഷനൽ മ്യൂസിയം, നാഷനൽ ലൈബ്രറി തുടങ്ങിയ അഭിമാന പദ്ധതികളിലെല്ലാം പങ്കാളികളായി വിശ്വാസം ആർജിച്ചെടുത്താണ് ലോകകപ്പ് ദൗത്യം പൂർത്തിയാക്കിയത്. ഇനി ലോകകപ്പിെൻറ ഗാലറികളിൽ കാനറികളുടെയും മെക്സിക്കൻ തിരാമാലകളുടെയും ആരവങ്ങൾക്കും വീണുപോയവരുടെ നിരാശകൾക്കും സാക്ഷിയായി കോസ്റ്റൽ ഖത്തറിെൻറ ഇരിപ്പിടങ്ങളുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.