ഖത്തരി ജീവനക്കാർക്കുള്ള മിനിമം പെൻഷൻ 15,000 റിയാൽ
text_fieldsദോഹ: സർക്കാർ സർവിസിൽനിന്നും വിരമിച്ച ഖത്തരി ജീവനക്കാർക്കുള്ള പെൻഷൻ തുക വർധിപ്പിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഉത്തരവ്. ഇതിനുപുറമെ, സോഷ്യല്‍ ഇന്‍ഷുറന്‍സ് നിയമവും സൈനിക വിരമിക്കൽ നിയമവും അമീർ പ്രഖ്യാപിച്ചു. 2022 ലെ അമീരി ഓര്‍ഡറിെൻറ വിവിധ ഉത്തരവുകളിൽ കഴിഞ്ഞദിവസം ഒപ്പുവെച്ചു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന പുതിയ തീരുമാനം ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തിൽ വരും. സോഷ്യല്‍ ഇന്‍ഷുറന്‍സ് നിയമം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച തീയതി മുതല്‍ ആറ് മാസം കഴിഞ്ഞ് പ്രാബല്യത്തില്‍ വരും.
രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാരുടെയും കുടുംബങ്ങളുടെയും ജീവിതനിലവാരം ഉയർത്തുന്നതിെൻറ ഭാഗമായാണ് പെന്‍ഷന്‍ തുക ഉയര്‍ത്തിയത്. 15000 റിയാലാണ് കുറഞ്ഞ പെന്‍ഷന്‍ തുക. ഇതോടൊപ്പം 6000 റിയാല്‍ വരെ ഹൗസിങ് അലവന്‍സായി നല്‍കും, ഒരുലക്ഷം റിയാല്‍ വരെ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കാണ് ഹൗസിങ് അലവന്‍സ്. 30 വര്‍ഷത്തില്‍ കൂടുതല്‍ സര്‍വിസ് ഉള്ളവരാണെങ്കില്‍ പെന്‍ഷനും അലവന്‍സിനുമൊപ്പം ബോണസ് കൂടി നല്‍കും. 25 വര്‍ഷമാണ് പെന്‍ഷന്‍ ലഭിക്കാനുള്ള സര്‍വിസ് കാലാവധി. എന്നാല്‍, കുട്ടികളുടെ സംരക്ഷണ ഉത്തരവാദിത്തമുള്ള സ്ത്രീകൾ 20 വര്‍ഷത്തെ സര്‍വിസ് പൂര്‍ത്തിയാക്കി വിരമിച്ചാല്‍ മുഴുവന്‍ പെന്‍ഷനും നല്‍കണമെന്ന് നിയമം പറയുന്നു. സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്ന ഖത്തരി പൗരന്മാര്‍ക്കുള്ള പെന്‍ഷന്‍ സംബന്ധിച്ച സാമൂഹിക ഇന്‍ഷുറന്‍സ് നിയമവും പുറത്തിറക്കിയിട്ടുണ്ട്.
സ്വകാര്യമേഖലയില്‍ അവസാന മൂന്ന് വര്‍ഷം വാങ്ങിയ ശമ്പളത്തിെൻറ ശരാശരി പരിഗണിച്ചാവും കണക്കാക്കുക. നേരത്തേ ഇത് അവസാന അഞ്ചു വര്‍ഷത്തെ ശമ്പളം നോക്കിയായിരുന്നു കണക്കാക്കിയിരുന്നത്. സര്‍വിസിലിരിക്കെ ജീവനക്കാരന്‍ മരിച്ചാല്‍ ഖത്തരിയല്ലാത്ത മക്കള്‍, ഭാര്യ, മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവരും ആനൂകൂല്യങ്ങള്‍ക്ക് അര്‍ഹരായിരിക്കും. മറ്റു ഗുണഭോക്താക്കൾ ഇല്ലെങ്കിൽ വിരമിച്ച ജീവനക്കാരെൻറ വിധവ നൂറുശതമാനം പെൻഷൻ തുകക്കും അർഹയായിരിക്കും. അമീറിെൻറ ഉത്തരവിനെ ജനറൽ റിട്ടയർമെന്‍റ് ആൻഡ് സോഷ്യൽ സെക്യൂരിറ്റി അതോറിറ്റി സ്വാഗതം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.