പരാതികൾക്ക് പരിഹാരം: ഉറപ്പുമായി മന്ത്രി മടങ്ങി
text_fieldsദോഹ: തൊഴിലാളികൾ മുതൽ പ്രഫഷനലുകൾ വരെയുള്ളവരെ കണ്ടും, പരാതികൾ കേട്ടും, പ്രശ്ന പരിഹാരം നടത്തുമെന്ന ഉറപ്പു നൽകിയും മൂന്നു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മടങ്ങി. ഞായറാഴ്ച ഖത്തറിലെത്തിയത് മുതൽ തുടങ്ങിയ ഔദ്യോഗിക ചടങ്ങുകൾ ചൊവ്വാഴ്ച ഖത്തർ ശൂറാകൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമുമായുള്ള കൂടിക്കാഴ്ചയോടെയാണ് അവസാനിച്ചത്. അംബാസഡർ ഡോ. ദീപക് മിത്തലിനൊപ്പമായിരുന്നു ശൂറാകൗൺസിൽ തലവനെ കണ്ടത്. ഡെപ്യൂട്ടി സ്പീക്കർ ഡോ. ഹംദ ബിൻത് ഹസൻ അൽ സുലൈതിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഇന്ത്യ-ഖത്തർ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും, പാർലമെന്‍ററി മേഖലയിലെ സഹകരണവും കൂടിക്കാഴ്ചയിൽ ചർച്ചചെയ്തു. വിവിധ മേഖലകളിലുള്ളവരുമായി നടന്ന ചർച്ചകളിലും സംവാദങ്ങളിലും ലഭിച്ച പരാതികളും ആശയങ്ങളും നിർദേശങ്ങളും ഫലപ്രദമായി നടപ്പാക്കാൻ ശ്രമിക്കുമെന്ന ഉറപ്പുമായാണ് മന്ത്രി മൂന്നു ദിന സന്ദർശനം പൂർത്തിയാക്കി ചൊവ്വാഴ്ച വൈകീട്ടോടെ മടങ്ങിയത്.
ലോകകപ്പ് വേദിയും കണ്ടു
ഖത്തറിന്‍റെ ലോകകപ്പ് വേദിയായ റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയവും മന്ത്രി സന്ദർശിച്ചു. സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ വീക്ഷിച്ച മന്ത്രിയോട് സവിശേഷതകളും സജ്ജീകരണങ്ങളുമെല്ലാം അധികൃതർ വിശദീകരിച്ചു. കടുത്ത ചൂടിലും ശീതീകരണ സംവിധാനങ്ങളോടെ മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള സൗകര്യങ്ങളും അധികൃതർ പറഞ്ഞു. ലോകകപ്പിൽ ഗ്രൂപ് റൗണ്ട് മത്സരങ്ങൾക്കും പ്രീക്വാർട്ടറിനും വേദിയാവുന്ന അഹമ്മദ് ബിൻ അലി സ്റ്റേഡിയം ഇന്ത്യൻ കമ്പനിയായ ലാർസൻ ആൻഡ് ട്യൂബ്രോയാണ് നിർമാണം പൂർത്തിയാക്കിയത്.
അതിനു പുറമെ, മലയാളിയുടെ ഉടമസ്ഥതയിലുള്ള കോസ്റ്റൽ ഖത്തറാണ് ഇരിപ്പിടങ്ങളുടെ നിർമാണം പൂർത്തിയാക്കിയത്. ഇതു കൂടി പങ്കുവെച്ചാണ് മന്ത്രി ട്വിറ്ററിൽ സ്റ്റേഡിയം സന്ദർശനത്തിന്‍റെ ചിത്രം പങ്കുവെച്ചത്. ലോകോത്തര നിലവാരത്തിലെ നിർമാണവും അടിസ്ഥാന സൗകര്യങ്ങളും വിജയകരമായി തന്നെ പൂർത്തിയാക്കിയതായി മന്ത്രി പ്രശംസിച്ചു. എംബസി ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, ഇന്ത്യൻ സ്പോർട്സ് സെന്‍റർ ഭാരവാഹികൾ എന്നിവരുമായും കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.