മോട്ടോർ ഷോ ഇന്ന് സമാപിക്കും; പത്തു ദിവസത്തെ ജനീവ ഇന്റർനാഷനൽ മേളക്ക് ഡി.ഇ.സി.സിയിൽ സമാപനം
text_fieldsദോഹ: പത്തു ദിവസം കൊണ്ട് ഖത്തറിലെ വാഹന പ്രേമികൾക്ക് വാഹന ലോകത്തിന്റെ അത്ഭുതക്കാഴ്ചകൾ സമ്മാനിച്ച ജനീവ ഇന്റർനാഷനൽ മോട്ടോർഷോ ശനിയാഴ്ച സമാപിക്കും. ദോഹ എക്സിബിഷിൻ സെന്റർ മുതൽ, സീലൈൻ വരെ വിവിധ വേദികളിലായി അരങ്ങേറിയ കാഴ്ചകൾ പത്തു ദിവസം കൊണ്ട് പതിനായിരങ്ങൾക്ക് പുതു അനുഭവങ്ങൾ സമ്മാനിച്ചാണ് കൊടിയിറങ്ങുന്നത്. സീലൈനിലെ അഡ്വഞ്ചർ ഹബ് പ്രദർശനം വെള്ളിയാഴ്ചയോടെ അവസാനിച്ചപ്പോൾ, ഡി.ഇ.സി.സി, ലുസൈൽ ബൊളെവാഡിലെ പരേഡ് ഓഫ് എക്സലൻസ് പ്രദർശനവും ശനിയാഴ്ച സമാപിക്കും.
31 അന്താരാഷ്ട്ര വാഹന നിർമാതാക്കൾ പങ്കെടുത്ത ജിംസിൽ സ്വദേശികളും താമസക്കാരും ഉൾപ്പെടെ നിരവധി സന്ദർശകരാണ് ഓരോ ദിവസവുമെത്തുന്നത്. തിരക്കു കാരണം നിയന്ത്രണങ്ങളോടെയാണ് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്. പത്തു ദിവസത്തെ പ്രദർശനത്തിൽ പത്തിലധികം ലോക പ്രീമിയർ മോഡലുകളും 20ൽ അധികം റീജനൽ മോഡലുകളും ദോഹയിൽ പുറത്തിറക്കിയിട്ടുണ്ട്. പുരാതന വാഹനങ്ങളുടെ അതുല്യ ശേഖരമായ ക്ലാസിക് ഗാലറിയും ശ്രദ്ധേയമായിരുന്നു.
ശ്രദ്ധേയമായി ലുസൈലിലെ പരേഡ്
ദോഹ: പരേഡ് ഓഫ് എക്സലൻസ് എന്ന പേരിൽ ജനീവ മോട്ടോർ ഷോയുടെ ഭാഗമായി ലുസൈൽ ബൊളെവാഡിൽ ആരംഭിച്ച വാഹന റാലി കാഴ്ചക്കാർക്കും സവിശേഷമായി. നൂറോളം വേറിട്ട വാഹനങ്ങൾ നിരനിരയായി സഞ്ചരിച്ചാണ് ബൊളെവാഡിലെ സന്ദർശകർക്ക് പുത്തൻ കാഴ്ച സമ്മാനിച്ചത്. സീലൈൻ സർക്യൂട്ട് സ്പോർട്സ് ക്ലബുമായി സഹകരിച്ച് നടക്കുന്ന പ്രദർശനം രണ്ടു മണിക്കൂർ ദൈർഘ്യമുള്ളതാണ്. ഇലക്ട്രിക്, സ്പോർട്, ഓഫ് റോഡ്, സൂപ്പർ കാർ, ക്ലാസിക് ഓട്ടോ മൊബൈൽ, മ്യൂസിയം സ്പെഷൽ ഉൾപ്പെടെ വമ്പൻ വാഹനനിരയുമായാണ് പരേഡ് മുന്നേറുന്നത്. ശനിയാഴ്ച വൈകുന്നേരം അഞ്ചു മുതൽ രാത്രി 10 വരെ സംഗീത പരിപാടികളും, ഡി.ജെയും ഉൾപ്പെടെ ഷോയും ലുസൈൽ പ്ലാസ ടവറിലെ അർബൻ േപ്ലഗ്രൗണ്ടിൽ അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.