‘നോൺ സ്റ്റോപ്പ്’ യാത്ര സ്റ്റോപ്പായി; പ്രവാസികൾ ചുറ്റിക്കറങ്ങി നാട്ടിലേക്ക്
text_fieldsദോഹ: ദോഹയിൽനിന്നു പുറപ്പെട്ട്, നേരിട്ട് കോഴിക്കോടോ കൊച്ചിയിലോ കണ്ണൂരോ ഇറങ്ങി ഏതാനും മണിക്കൂറിനുള്ളിൽ കുടുംബത്തിലെത്താമെന്ന സ്വപ്നം മാറ്റിവെച്ചാണ് ഇപ്പോൾ പ്രവാസികൾ നാട്ടിലേക്ക് പറക്കുന്നത്. വേനലവധിയും പെരുന്നാളും ഒന്നിച്ചെത്തിയപ്പോൾ കുതിച്ചുയർന്ന ടിക്കറ്റ് നിരക്കിനെ തോൽപിക്കാൻ ‘നോൺ സ്റ്റോപ്’ ഓപ്ഷൻ മാറ്റിവെച്ച് പല നാടുകൾ കറങ്ങി വീടു പിടിക്കുകയാണ് പ്രവാസികൾ ഏറെയും. ഇൻഡിഗോയും എയർഇന്ത്യ എക്സ്പ്രസും ഉൾപ്പെടെ ബജറ്റ് എയർലൈൻസുകളുടെ കൊച്ചി, കോഴിക്കോട് സെക്ടറിലെ വിമാനടിക്കറ്റ് നിരക്ക് 40,000 മുതൽ 50,000ത്തിലേക്ക് കുതിച്ചതോടെ മണിക്കൂറുകളോ ദിവസങ്ങളോ അധികം ചെലവഴിച്ചാലും മറ്റു ഇന്ത്യൻ നഗരങ്ങൾ വഴി നാടുപിടിക്കുകയാണ് മലയാളികൾ. ന്യൂഡൽഹി, മുംബൈ, ഗോവ വഴി പോകുന്നവരാണ് ഏറെയും.
മറ്റു ഇന്ത്യൻ നഗരങ്ങൾ കണക്ട് ചെയ്തുള്ള വിമാന സർവിസ് ആശ്രയിക്കുമ്പോൾ കോഴിക്കോടും കൊച്ചിയിലും വിമാനമിറങ്ങി പോകുന്നതിനേക്കാൾ 10,000 മുതൽ 15,000 വരെ ലാഭമുണ്ടെന്നതിനാലാണ് പ്രവാസികൾ ഈ വഴി തെരഞ്ഞെടുക്കുന്നത്. എന്നാൽ, അഞ്ചു മണിക്കൂർ യാത്രക്കു പകരം കണക്ഷൻ പോയൻറിൽ അഞ്ചും ഏഴും മണിക്കൂർവരെ ചെലവഴിക്കണമെന്നു മാത്രം. എന്നാൽ, സാമ്പത്തിക ലാഭം കണക്കിലെടുക്കുേമ്പാൾ സമയ നഷ്ടമുണ്ടെങ്കിലും പോക്കറ്റിന് ലാഭമാകുന്നു എന്ന് ആശ്വസിക്കാം. അതേസമയം, ഭാര്യയും രണ്ടും മൂന്നും മക്കളുമെല്ലാമായി കുടുംബ സമേതമുള്ള ഈ യാത്ര മണിക്കൂറുകൾ നീളുമ്പോൾ ദുരിതവുമായി മാറുന്നു.
ഏറെനേരം ആഭ്യന്തര വിമാനത്താവളങ്ങളിൽ ചെലവഴിക്കുമ്പോൾ ഭക്ഷണവും ഉറക്കവുമെല്ലാം ബുദ്ധിമുട്ടായി മാറുമെന്ന് പ്രവാസി യാത്രക്കാർ പറയുന്നു. എങ്കിലും അവധിക്കാലവും പെരുന്നാളും കുടുംബത്തിനൊപ്പമാക്കാനുള്ള ഓട്ടത്തിലാണ് പ്രവാസികൾ. ഇതിനിടയിൽ ആഭ്യന്തര വിമാനത്താവളങ്ങളിൽ നിന്ന് ലഗേജുകൾ സമയബന്ധിതമായി എത്തുന്നില്ലെന്ന പരാതിയും പലരും പങ്കുവെക്കുന്നു. നാട്ടിലെത്തി, ദിവസങ്ങൾ കഴിഞ്ഞാണ് ചിലർക്ക് അവശ്യവസ്തുക്കൾ അടങ്ങിയ ലഗേജുകൾ എത്തുന്നതത്രേ.
മുംബൈ, ഗോവ, ഹൈദരാബാദ് എന്നിവടങ്ങളിൽ ഇറങ്ങി ട്രെയിനിൽ നാടു പിടിക്കുന്നവരുമുണ്ട്. എന്നാൽ, കഴിഞ്ഞ ഒരു മാസത്തിലേറെയായി ഈ വഴിയുള്ള യാത്രക്കാർ കൂടിയതോടെ ടിക്കറ്റ് നിരക്കും വർധിച്ചുകഴിഞ്ഞു. 30,000ത്തിന് മുകളിലാണ് ഇൻഡിഗോ, എയർഇന്ത്യ വിമാനങ്ങൾക്ക് ഗോവയിലേക്കുള്ള ടിക്കറ്റ് നിരക്ക്. ഗോവയിലിറങ്ങി, കോഴിക്കോട്, കൊച്ചി മേഖലകളിലേക്ക് ട്രെയിൻ മാർഗം പോകുന്നവരും ഇപ്പോൾ ഏറെയാണ്. ലഗേജുകളെല്ലാം ട്രെയിനിൽ കയറ്റി ഒരു ദിവസം നീളുന്ന യാത്രയും കഴിഞ്ഞ് നാടെത്തുേമ്പാഴേക്കും 30-50 വർഷം മുന്നത്തെ പ്രവാസയാത്ര അനുഭവിച്ചറിഞ്ഞാണ് ഇപ്പോൾ ഗൾഫുകാരുടെ മടക്കം.
ഹ്രസ്വ അവധിക്കാർക്ക് തിരിച്ചടി
പെരുന്നാൾ കണക്കിലെടുത്ത് പത്തു ദിവസത്തെ അവധിക്ക് നാട്ടിലേക്ക് പറക്കുന്ന പ്രവാസികൾക്ക് കണക്ഷൻ ൈഫ്ലറ്റ് യാത്ര വെല്ലുവിളിയാണ്. 10ഉം 15ഉം മണിക്കൂർ കണക്ഷൻ വിമാനത്താവളങ്ങളിൽ ചെലവഴിച്ച് നാടു പിടിക്കുമ്പോഴേക്കും അവധിയിൽ ഒന്നും രണ്ടും ദിനങ്ങൾ തീർന്നുപോകുന്നതാണ് അവസ്ഥ. അതുകൊണ്ടു തന്നെ, എയർലൈൻ കമ്പനികൾ നിശ്ചയിക്കുന്ന പൊന്നും വിലകൊടുത്ത് ടിക്കറ്റെടുത്ത് നാടു പിടിക്കുകയാണ് ഇവർ. എന്നാൽ, രണ്ടും മൂന്നും മാസത്തെ അവധിക്കായി നാട്ടിലേക്ക് മടങ്ങുന്നവരാണ് ‘നോൺ സ്റ്റോപ്’ വിട്ട് ദുബൈ, അബൂദബി വഴിയോ ഇന്ത്യയിലെ മറ്റു നഗരങ്ങൾ വഴിയോ യാത്ര തെരഞ്ഞെടുക്കുന്നവർ ഏറെയും. കുടുംബ സമേതം സഞ്ചരിക്കുന്നവരും ഈ ഗണത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.