യാത്രക്കാർ ഇതിലേ... ഏപ്രിൽ മാസത്തിലും ദോഹയിലേക്കുള്ള വിമാനയാത്രക്കാരുടെ എണ്ണം ഉയർന്നു
text_fieldsദോഹ: ലോകകപ്പിനു പിന്നാലെ ഉയർന്ന സന്ദർശകരുടെ എണ്ണം അതേ നിലയിൽതന്നെ കുതിച്ചുയരുന്നതായി ഖത്തർ സിവിൽ ഏവിയേഷൻ റിപ്പോർട്ട്. ഏപ്രിൽ മാസത്തിലെ വിമാന യാത്രികരുടെ എണ്ണം 32.81 ലക്ഷമാണ് രേഖപ്പെടുത്തിയതെന്ന് പ്രതിമാസ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
2022 ഏപ്രിൽ മാസത്തെ കണക്കുകളെ അപേക്ഷിച്ച് 31 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ട്വിറ്ററിൽ രേഖപ്പെടുത്തി. വ്യോമഗതാഗത സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 18,762 വിമാനങ്ങൾ എത്തിയെന്നാണ് കണക്ക്. 14.3 ശതമാനം വർധനയാണ് മുൻ വർഷത്തെ അപേക്ഷിച്ച് ഉണ്ടായത്. 2022ൽ ഇതേ കാലയളവിൽ 16411 വിമാനങ്ങളായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
അതേസമയം ചരക്ക്, തപാൽ വിഭാഗത്തിൽ ഇടിവ് രേഖപ്പെടുത്തി. ഏപ്രിലിൽ 186,302 ടൺ രേഖപ്പെടുത്തിയപ്പോൾ കഴിഞ്ഞ വർഷം ഇതേകാലയളവിൽ 203,261 ടൺ ആയിരുന്നു. 8.3 ശതമാനം ഇടിവ് ഉണ്ടായതായി ക്യു.സി.സി.എ ചൂണ്ടിക്കാട്ടി.
2023 മാർച്ച് മാസത്തിലെ വിമാന ഗതാഗതത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 12.9 ശതമാനവും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തിലും 25 ശതമാനം വർധനയുണ്ടായി. എന്നാൽ തപാൽ, ചരക്ക് ഇനത്തിൽ 5.2 ശതമാനം ഇടിവ് രേഖപ്പെടുത്തി.
അതേസമയം, സന്ദർശക വരവിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയതായി പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പി.എസ്.എ) വ്യക്തമാക്കി. 2023 ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് 11.3 ശതമാനം വർധനയാണ് സന്ദർശകരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. മാർച്ചിൽ 433114 സന്ദർശകരാണ് ഖത്തറിലെത്തിയത്.
ഏപ്രിലിൽ ഖത്തറിലേക്കുള്ള സന്ദർശകരിൽ നല്ലൊരു പങ്കും ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നുവെന്ന് പി.എസ്.എ ചൂണ്ടിക്കാട്ടി. ആകെ സന്ദർശകരിൽ 28 ശതമാനവും ജി.സി.സിയിൽ നിന്നായിരുന്നു. മുൻ മാസത്തെ അപേക്ഷിച്ച് 207 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.
സന്ദർശകരുടെ വരവിൽ ലോകകപ്പ് ടൂർണമെന്റ് സ്വാധീനം തുടരുന്നുവെന്ന് പി.എസ്.എ ചൂണ്ടിക്കാട്ടി. ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 730000 പേരാണ് ഖത്തറിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.