കഠിനകഠോരമീ യാത്ര
text_fieldsദോഹ: ജീവിതത്തിലെ ഏറ്റവും ദുരിതമേറിയൊരു യാത്രയുടെ കഠിനമായ അനുഭവങ്ങളും പേറിയായിരുന്നു അവർ 150ൽ ഏറെ വരുന്ന യാത്രക്കാർ ചൊവ്വാഴ്ച രാവിലെ കോഴിക്കോട് വിമാനമിറങ്ങിയത്. കുടുംബത്തിൻെറ സന്തോഷത്തിൽ പങ്കുചേരാൻ വാർഷികാവധിക്ക് മടങ്ങുന്നവർ, ബന്ധുവിൻെറ മരണത്തെ തുടർന്ന് അടിയന്തിരമായി നാട്ടിലേക്ക് പുറപ്പെട്ടവർ, അസുഖ ബാധിതരായി വിദഗ്ധ ചികിത്സക്കായി നാട്ടിലെത്താൻ ആഗ്രഹിച്ചവർ... അങ്ങനെ പലരുമുള്ള സംഘം. ഞായറാഴ്ച ഉച്ചക്ക് ദോഹയിൽ നിന്നും പറന്നുയർന്ന് രാത്രിയോടെ ലക്ഷ്യ സ്ഥാനത്തെത്താൻ ഒരുങ്ങിയിറങ്ങിയവർ വീടണയുന്നത് ചൊവ്വാഴ്ച രാവിലെ മാത്രം.
ഞായറാഴ്ച ഉച്ച 12.25ന് പുറപ്പെടേണ്ടിയിരുന്ന ദോഹ-കോഴിക്കോട് എയർഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 374 വിമാനമാണ് 150ൽ ഏറെ വരുന്ന യാത്രക്കാരെ ഒന്നര ദിവസത്തിലേറെ പെരുവഴിയിലാക്കിയത്. അനിശ്ചിതമായി തുടർന്ന കാത്തിരിപ്പിനു ശേഷം, തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് വിമാനം ദോഹയിൽ നിന്നും ടേക്ഓഫ് ചെയ്തത്. ഇന്ത്യൻ സമയം പുലർച്ചെ 4.30ഓടെ വിമാനം കോഴിക്കോട് പറന്നിറങ്ങിയപ്പോൾ മാത്രമായിരുന്നു യാത്രക്കാർക്ക് ആശ്വാസമായത്.
വിമാനം യാത്രമുടങ്ങി, അനിശ്ചിതമായി വൈകിയത് എയർഇന്ത്യയുടെ സേവനത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിനും വഴിയൊരുക്കി. എയർഇന്ത്യയുടെ ഫേസ് ബുക്, ട്വിറ്റർ പേജുകളിലും, മറ്റു പ്രവാസിക കൂട്ടായ്മകളുടെ സാമൂഹിക മാധ്യമ അക്കൗണ്ടിലുമായിരുന്നു പ്രതിഷേധം ശക്തമായത്.
സീസണും ഓഫ് സീസണുമില്ലാതെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി, പ്രവാസികളെ പിഴിയുന്നതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് എയർലൈൻ കമ്പനിയിൽ നിന്ന് ദുരനുഭവവുമെന്ന് യാത്രക്കാർ ചൂണ്ടികാണിക്കുന്നു. വിമാന ടിക്കറ്റ് നിരക്ക് വർധന നിയന്ത്രിക്കണം എന്ന സംസ്ഥാന സർക്കാറിൻെറ ആവശ്യം കേന്ദ്രവ്യോമയാന മന്ത്രാലയം തള്ളിയതോടെ വർധിച്ച അമർഷം ഈ സാഹചര്യത്തിൽ കൂടുതൽ ശക്തമായി തന്നെ പ്രവാസി യാത്രക്കാർ പ്രകടമാക്കി.
‘മറക്കില്ല ഈ ദുരിതയാത്ര’
ഒന്നര ദിവസം വൈകി നാട്ടിലെത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ സൈഫുൽ അസ്ലം. ഭാര്യയും, ആറും ഒന്നരയും വയസ്സുള്ള മക്കളും, ഭാര്യാ മാതാപിതാക്കളും ഉൾപ്പെടെ ആറു പേരായിരുന്നു യാത്ര പുറപ്പെട്ടത്. ‘കുട്ടികളും പ്രായമുള്ളവരുമെല്ലാം ഉള്ളതിനാൽ ഞായറാഴ്ച രാവിലെ തന്നെ വീട്ടിൽ നിന്നും പുറപ്പെട്ട് 9.30ഓടെ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്തതായിരുന്നു സൈഫും കുടുംബവും. ഞായറാഴ്ച യാത്ര മുടങ്ങുകയും, വിമാനം വൈകുകയും ഉൾപ്പെടെ നാടകീയ സംഭവങ്ങളെല്ലാം കഴിഞ്ഞ് 48 മണിക്കൂറിന് ശേഷമാണ് ഈ കുടുംബം വീടണഞ്ഞത്. ചൊവ്വാഴ്ച പുലർച്ചെ കോഴിക്കോട് വിമാനം ലാൻഡ് ചെയ്ത ശേഷം, നേരെ പോയത് ആശുപത്രിയിലേക്കായിരുന്നുവെന്ന് ഇദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
അനിശ്ചിതമായി യാത്ര വൈകിയതുകാരണം കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ശാരീരിക ബുദ്ധിമുട്ടുകളായി. വിമാനം വൈകിയതോടെ ഹോട്ടലിലേക്ക് മാറ്റിയിരിന്നു. ഒരു മണിക്കുർ, അല്ലെങ്കിൽ രണ്ടു മണിക്കൂർകഴിഞ്ഞ്പുറപ്പെടും എന്ന് അറിയച്ചതല്ലാതെ വിമാനം എപ്പോൾ പുറപ്പെടും എന്ന് കൃത്യമായി വിവരം നൽകിയില്ല. ഒടുവിൽ തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് വിമാനത്താവളത്തിലേക്ക് പുറപ്പെടാൻ അറിയിപ്പെത്തുന്നത്. ഉടൻ വീണ്ടും യാത്രക്കൊരുങ്ങി വിമാനത്താവളത്തിലെത്തി. രാത്രി എട്ട് മണിക്കു മുമ്പ് തന്നെ വിമാനത്തിൽ കയറിയിരുന്നു. ഒടുവിൽ ഒമ്പത് മണിക്ക് ടേക്ഓഫ് ചെയ്തപ്പോൾ മാത്രമാണ് ആശ്വാസമായത്. ഷെഡ്യൂൾ റദ്ദാക്കിയ സർവീസ് ആയതിനാൽ നേരത്തെ ബുക്ക് ചെയ്ത ഭക്ഷണം നൽകിയില്ല. ഉച്ചക്ക് കഴിച്ച ഭക്ഷണമായതിനാൽ രാത്രിയോടെ വിശപ്പിൻെറ കാഠിന്യം സഹിച്ചുകൊണ്ടുമായി യാത്ര. ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നെങ്കിൽ കഴിക്കാനുള്ള ഭക്ഷണമെങ്കിലും കരുതാമായിരുന്നു.
ഒന്നര ദിവസത്തിലേറെ വൈകിയെങ്കിലും പ്രശ്നങ്ങളൊന്നുമില്ലാതെ വീടെത്താനായത് ആശ്വാസം. ദൈവത്തിന് സ്തുതി’ -ഖത്തർ ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന സൈഫുൽ അസ്ലം പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.