പഠനം ഓൺലൈനാണെങ്കിലും അധ്യാപകരുടെ സാന്നിധ്യം പ്രധാനം
text_fieldsദോഹ: ഖത്തറിൽ കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ എല്ലാ സ്കൂളുകളിലും ഓൺലൈൻ ക്ലാസുകളാണ് നടക്കുന്നത്. എന്നാൽ, അധ്യാപകർ സാധാരണപോലെ സ്കൂളുകളിൽ എത്തണം. ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മികച്ച മാർഗങ്ങളിലൂടെ വിദ്യാർഥികൾക്ക് അറിവ് പകരുന്നതിന് അധ്യാപകരുടെ സാന്നിധ്യം സ്കൂളിൽ ആവശ്യമാണെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഇബ്രാഹിം ബിൻ സാലിഹ് അൽ നുഐമി പറഞ്ഞു.
സമൂഹത്തിെൻറ നിർമാണത്തിലും ഉയർച്ചയിലും അധ്യാപകന് പ്രധാന മാനവിക സന്ദേശമാണ് നൽകാനുള്ളത്. സ്കൂളിൽ മാത്രം ലഭ്യമാകുന്ന നിരവധി സാങ്കേതികവിദ്യകളും സംവിധാനങ്ങളും ഉണ്ട്. ഇതിനാൽ അധ്യാപകരുടെ സാന്നിധ്യം സ്കൂളിൽ അനിവാര്യമാണ്. ആ സൗകര്യങ്ങൾ ഉപയോഗിച്ച് മികവുറ്റ സാധ്യമായ മാർഗങ്ങളിലൂടെ വിദ്യാർഥികൾക്ക് അറിവ് പകരാനാകുമെന്നും അൽ നുഐമി വിശദീകരിച്ചു. വീട്ടിലിരുന്ന് കൊണ്ട് അധ്യാപനത്തിൽ കാര്യക്ഷമത കൈവരിക്കാനാകില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മന്ത്രിസഭയുടെ നിർദേശങ്ങൾ നടപ്പിലാക്കുന്നതിെൻറ ഭാഗമായി നിലവിലെ സാഹചര്യത്തിൽ ക്ലാസുകളുടെ എണ്ണം വളരെയധികം കുറച്ചിട്ടുണ്ട്. അധ്യാപകർക്കിടയിൽ കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി സുരക്ഷ മുൻകരുതലുകളെടുക്കാനും വാക്സിനേഷൻ നൽകാനും വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ ഭാഗത്തുനിന്നും കാര്യക്ഷമമായ നടപടികൾ സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് എല്ലാ അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും മാർച്ച് 21 മുതൽ കോവിഡ് വാക്സിൻ നിർബന്ധമാണ്. അല്ലെങ്കിൽ ആഴ്ചയിൽ കോവിഡ് പരിശോധന നടത്തണം. കോവിഡ് വാക്സിൻ സ്വീകരിക്കാൻ അവസരമുണ്ടായിട്ടും ഒഴിവാക്കാൻ പറ്റാത്ത കാരണമില്ലാഞ്ഞിട്ടും വാക്സിൻ സ്വീകരിക്കാത്തവരുടെ കാര്യത്തിൽ കൂടുതൽ കർശന നടപടികൾ ഉണ്ടാവും. ഇത്തരക്കാർക്ക് പിന്നീട് കോവിഡ് ബാധയുണ്ടായാലോ കോവിഡ് ബാധിച്ചയാളുമായി സമ്പർക്കമുണ്ടായാലോ ക്വാറൻറീനിൽ പോകേണ്ടിവരും. ഈ ക്വാറൻറീൻ കാലളവിൽ ശമ്പളം ലഭിക്കില്ല. ശമ്പളമില്ലാത്ത കാലമായാണ് ക്വാറൻറീനിൽ കഴിയുന്ന ദിവസങ്ങളെ കണക്കാക്കുക.
കഴിഞ്ഞ വർഷം കോവിഡിെൻറ തുടക്കസമയത്തും ഖത്തറിലെ സ്കൂളുകളിൽ ഓൺലൈൻ പഠനം മാത്രമാക്കിയിരുന്നു.
പിന്നീട് കോവിഡ് ഭീഷണി കുറഞ്ഞതിെൻറ അടിസ്ഥാനത്തിൽ ഓൺലൈൻ പഠനവും നേരിട്ട് ക്ലാസിൽ എത്തിയുള്ള പഠനവും സമന്വയിപ്പിച്ചുള്ള െബ്ലൻഡഡ് അധ്യയന രീതിയാണ് തുടർന്നുവന്നത്. ഒരു ദിനം ക്ലാസിൽ 50 ശതമാനം വിദ്യാർഥികൾ ആയിരുന്നു എത്തേണ്ടിയിരുന്നത്. ഇത് പിന്നീട് 30 ശതമാനം ആക്കി കുറക്കുകയും ചെയ്തിരുന്നു. എന്നാൽ, കോവിഡ് രോഗികൾ ദിനംപ്രതി കൂടുന്ന സാഹചര്യത്തിൽ ഓൺൈലൻ ക്ലാസുകൾ മാത്രമാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.