സ്വീഡനിലെ ഖുർആൻ നിന്ദ; അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഖത്തർ
text_fieldsദോഹ: സ്വീഡനിൽ വീണ്ടും ഖുർആൻ കത്തിക്കാനുള്ള നീക്കത്തിൽ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ച് ഖത്തർ. ദോഹയിലെ സ്വീഡൻ അംബാസഡർ ഗൗതം ഭട്ടാചാര്യയെ വിളിച്ചുവരുത്തി ഖത്തർ വിദേശകാര്യ മന്ത്രാലയം രാജ്യത്തിന്റെ പ്രതിഷേധം നേരിട്ട് അറിയിച്ചു. ലോക മുസ്ലിംകളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന നടപടികൾ ആവർത്തിക്കാൻ അനുമതി നൽകുന്ന സ്വീഡന്റെ നിലപാട് അപലപനീയമാണെന്നും ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അറബ്, ഇസ്ലാമിക രാജ്യങ്ങൾ ആവർത്തിച്ച് അപലപിച്ചിട്ടും മതപരമായ വിവേചനവും പ്രകോപനവും തടയുന്നതിൽ സ്വീഡിഷ് ഭരണകൂടം പരാജയപ്പെടുന്നതിൽ ഖത്തർ ഭരണകൂടം കടുത്ത അതൃപ്തി അറിയിച്ചു.
വിദേശകാര്യ മന്ത്രാലയം ഓഫിസിൽ വിളിച്ചുവരുത്തിയായിരുന്നു ഖത്തറിന്റെ പ്രതിഷേധം അംബാസഡറെ അറിയിച്ചത്. നീചമായ പ്രവൃത്തികൾ തടയാൻ സ്വീഡിഷ് അധികാരികളോട് സന്ദേശത്തിൽ ആവശ്യപ്പെട്ടു. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മറവിൽ ഖുർആൻ നിന്ദ അനുവദിക്കുന്നത് വിദ്വേഷവും അക്രമവും ആളിക്കത്തിക്കുമെന്നും സമാധാനപരമായ സഹവർത്തിത്വത്തിന് ഭീഷണിയാകുമെന്നും വ്യക്തമാക്കി.
സ്വീഡനിലെ ഇറാഖി അഭയാർഥി കഴിഞ്ഞമാസം നടത്തിയ ഖുർആൻ കത്തിക്കലിനെ ഖത്തർ ഉൾപ്പെടെ അറബ് ലോകം ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസവും സ്വീഡൻ തലസ്ഥാനമായ സ്റ്റോക്ഹോമിലെ ഇറാഖ് എംബസിക്കു മുന്നിൽ വീണ്ടും ഖുർആൻ കത്തിക്കാൻ ശ്രമം നടത്തിയത്. കഴിഞ്ഞമാസം പൊലീസ് കാവലിൽ നടന്ന സംഭവം വിവിധ മുസ്ലിം രാജ്യങ്ങളുടെയും ലോകമെങ്ങുമുള്ള ഇസ്ലാം മതവിശ്വാസികളുടെയും എതിർപ്പിനിടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.