റിയൽ എസ്റ്റേറ്റ് മേഖല തിരുത്തൽ ഘട്ടത്തിൽ
text_fieldsദോഹ: റിയൽ എസ്റ്റേറ്റ് മേഖലയിലെ വെല്ലുവിളികളും അവസരങ്ങളും ചർച്ച ചെയ്ത് പ്രഥമ ഖത്തർ റിയൽ എസ്റ്റേറ്റ് ഫോറത്തിന് സമാപനമായി. രണ്ടു ദിവസങ്ങളിലായി നടന്ന ഫോറത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള നിക്ഷേപകരും വിദഗ്ധരും സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിലെ വ്യക്തിത്വങ്ങളും സംബന്ധിച്ചു.
35 പ്രഭാഷകർ പങ്കെടുത്ത ദ്വിദിന ഫോറത്തിൽ എട്ട് ചർച്ചാ സെഷനുകളും രണ്ട് ശിൽപശാലകളും നടന്നു. ലോകകപ്പാനന്തര റിയൽ എസ്റ്റേറ്റ് മേഖലയുടെ പ്രവണതകൾ ചർച്ച ചെയ്ത സെഷൻ ഏറെ ശ്രദ്ധേയമായി. ലോകകപ്പ് ആതിഥേയത്വം വിവിധ മേഖലകളിളെ കുതിപ്പിന് വഴിവെച്ചതായി ചൂണ്ടികാണിച്ചു.
ഖത്തറിൽ റിയൽ എസ്റ്റേറ്റ് വ്യവസായം തിരുത്തൽ ഘട്ടം രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് മറ്റൊരു സെഷൻ ചൂണ്ടികാട്ടി. മാന്ദ്യത്തേക്കാൾ വലുതായ ഈ ഘട്ടത്തിന്റെ ഉത്തരവാദിത്തം സ്വകാര്യമേഖലക്കാണെന്ന് ജസ്റ്റ് റിയൽ എസ്റ്റേറ്റ് ചെയർമാനും സി.ഇ.ഒയുമായ നാസർ അൽ അൻസാരി പറഞ്ഞു.
ലോകകപ്പിനുശേഷമുള്ള രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ, രാജ്യത്തെ പ്രോപ്പർട്ടി മാർക്കറ്റിന്റെ എല്ലാ റെന്റൽ സെക്ടറുകളിലും ഈ വിപണി തിരുത്തൽ ഉണ്ടെന്നും നാസർ അൽഅൻസാരി ചൂണ്ടിക്കാട്ടി. സ്വകാര്യ മേഖല സർക്കാറിനെ കൂടുതൽ ആശ്രയിക്കുന്നതിനെ വിമർശിച്ച അൽ അൻസാരി, രാജ്യത്തിന് പുറത്തേക്ക് നിക്ഷേപം വ്യാപിപ്പിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.
അതേസമയം, ലോകകപ്പിന് വേദിയായതിലൂടെ റിയൽ എസ്റ്റേറ്റ് മേഖല രാജ്യത്തെ അനുകൂല വിപണിയാക്കി മാറ്റപ്പെട്ടുവെന്നും മറ്റു പാനലിസ്റ്റുകൾക്കൊപ്പം അദ്ദേഹവും അവകാശപ്പെട്ടു.ലോകകപ്പ് വേളയിൽ ആരാധകർക്കായി നിർമിച്ച അപ്പാർട്ട്മെന്റുകൾ രാജ്യത്തെ സർക്കാർ ജീവനക്കാർക്കായി ഉപയോഗപ്പെടുത്താനാവുമെന്ന് പേഴ്സനൽ ഹൗസിങ് ആൻഡ് ഗവണ്മെന്റ് ബിൽഡിങ് അഫയേഴ്സ് വിഭാഗം ജാസിം മുഹമ്മദ് ചർച്ചക്കിടെ അഭിപ്രായപ്പെട്ടു.
ഫിഫ ടൂർണമെന്റിനുശേഷം രാജ്യത്ത് വിപണിയിലെ തിരുത്തലുകൾ പ്രതീക്ഷിച്ചതാണെന്നും അതോടൊപ്പം ഖത്തറിന്റെ സാമ്പത്തിക നിലനിൽപിന്റെ പ്രധാന കാരണം ലോകകപ്പാണെന്നും ഖത്തരി ദിയാർ ഇൻവെസ്റ്റ്മെന്റ് ചീഫ് അഹ്മദ് മുഹമ്മദ് ത്വയിബ് പറഞ്ഞു. ഖത്തർ ഉൾപ്പെടെ ജി.സി.സി രാജ്യങ്ങളിലെ ഏറ്റവും ആകർഷകമായ വിപണി സാധ്യതകളിൽ ഒന്നാണ് റിയൽ എസ്റ്റേറ്റ് മേഖലയെന്ന് ഫോറത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാണിച്ചു.
പ്രാദേശികവും, വിദേശത്തുനിന്നുമുള്ള നിക്ഷേപങ്ങൾ റിയൽ എസ്റ്റേറ്റ് മേഖലകളിലേക്ക് ആകർഷിക്കപ്പെടണമെന്നും അഭിപ്രായമുയർന്നു. റിയൽ എസ്റ്റേറ്റ് മേഖലയിൽ നേരിടുന്ന വെല്ലുവിളികളെയും പ്രതിസന്ധികളെയും കുറിച്ച് പാനലിസ്റ്റുകൾ ചർച്ച ചെയ്തു.
ഒരുപാട് വെല്ലുവിളികൾ മേഖലകളിലുണ്ടെങ്കിലും, എന്നാൽ ഇവ മറികടക്കാൻ വേഗത്തിൽ നടപ്പിലാക്കണം. ആസൂത്രണത്തോടൊപ്പം, നിക്ഷേപകരെ ആകർഷിക്കാൻ തുടക്കത്തിൽ തന്നെ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് ഖിതൈഫാൻ പ്രൊജക്ട് ചെയർമാനും എം.ഡിയുമായ ശൈഖ് നാസർ ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി ചൂണ്ടിക്കാണിച്ചു.
ഖത്തറിന്റെ അഭിമാന പദ്ധതിയായ ഖിതൈഫാൻ പ്രോജക്ടിന്റെ നിർമാണ ഘട്ടത്തിൽ സ്വാഭാവികമായി ഉയർന്ന വെല്ലുവിളികളും വിശദമാക്കി. കോവിഡ് കാലം പ്രതിസന്ധിയുടേതായിരുന്നു. ഇറക്കുമതി നിലച്ചതും, ഉയർന്ന വിലയുമെല്ലാം കരാറുകാർക്ക് തിരിച്ചടിയായി.
വിപണിയുടെ ആവശ്യങ്ങൾ മാറുകയാണ്. അതിനനുസരിച്ച് പ്രൊജക്ടുകളും വൈവിധ്യവൽക്കരിക്കപ്പെടണം. നിക്ഷേപകർ രാജ്യത്തെ നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് അന്വേഷിക്കുമ്പോൾ, അവർക്ക് ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുകയും അവരെ ആകർഷിക്കുകയും ചെയ്യുക പ്രധാന പരിഹാരങ്ങളിൽ ഒന്നാണ് -ശൈഖ് ആൽഥാനി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.