റെഡ്ലിസ്റ്റിന് വലുപ്പമേറുന്നു
text_fieldsദോഹ: കോവിഡ് രോഗവ്യാപനത്തിന്‍റെ രൂക്ഷത പരിഗണിച്ച് തയാറാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ മാറ്റങ്ങളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം.
അതിതീവ്രതയുള്ള വിഭാഗമായ 'റെഡ് ലിസ്റ്റിലെ' രാജ്യങ്ങളുടെ എണ്ണം കൂടിയപ്പോൾ, ലോ റിസ്ക് വിഭാഗമായ 'ഗ്രീൻ ലിസ്റ്റിൽ' നിന്നും കൂടുതൽ രാജ്യങ്ങളെ ഒഴിവാക്കി. പുതിയ പട്ടികപ്രകാരം ഗ്രീൻ ലിസ്റ്റിലെ എണ്ണം 21ൽ നിന്നും 11ലേക്ക് കുറഞ്ഞു. കോവിഡ് വ്യാപനം ശരാശരി നിലയിൽ തുടരുന്ന, മഞ്ഞ ലിസ്റ്റിലെ രാജ്യങ്ങൾ 33ൽ നിന്നും 27ലേക്ക് കുറഞ്ഞപ്പോൾ, അതി തീവ്ര വിഭാഗമായ റെഡ് ലിസ്റ്റിന്റെ എണ്ണം വീണ്ടും ഉയർന്നു. 153ൽ നിന്നും 167ലേക്കാണ് റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ എണ്ണം കൂടിയത്.
അതേസമയം, ഖത്തറിൽ പ്രത്യേക യാത്രാനയം ബാധകമായ ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താൻ, ഫിലിപ്പീൻസ് എന്നീ ആറ് ഏഷ്യൻ രാജ്യങ്ങൾ ഒരു ലിസ്റ്റിലും ഇല്ല. സ്പെഷൽ റിസ്ക് 6 വിഭാഗമായാണ് ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളെ ആരോഗ്യ മന്ത്രാലയം വിശേഷിപ്പിച്ചത്.
ഈ രാജ്യങ്ങളിൽനിന്ന് വരുന്ന എല്ലാത്തരം യാത്രക്കാർക്കും ക്വാറൻറീൻ നിർബന്ധമാണ്. ഖത്തറിൽനിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് രണ്ടു ദിവസമാണ് ഹോട്ടൽ ക്വാറൻറീൻ. എന്നാൽ, രാജ്യത്തിന് പുറത്തുനിന്ന് വാക്സിൻ സ്വീകരിച്ചവർക്ക് 10 ദിവസം നിർബന്ധിത ഹോട്ടൽ ക്വാറൻറീനാണ് നിർദേശിക്കുന്നത്.
ഗ്രീൻ, യെല്ലോ ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്നെത്തുന്ന വാക്സിനേറ്റഡായ ഖത്തർ റസിഡൻസിന് ക്വാറൻറീൻ ഇല്ലാതെ പ്രവേശിക്കാം. ഗ്രീൻ ലിസ്റ്റിൽ നിന്നുള്ള വാക്സിൻ സ്വീകരിക്കാത്തവർക്ക് അഞ്ചു ദിവസം ഹോം ക്വാറൻറീൻ മതി. എന്നാൽ, മഞ്ഞ ലിസ്റ്റിലെ രാജ്യങ്ങളിൽനിന്നുള്ള വാക്സിൻ സ്വീകരിക്കാത്തവർ ഏഴു ദിവസം ഹോട്ടൽ ക്വാറൻറീനിൽ കഴിയണം. റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 10 ദിവസമാണ് ക്വാറൻറീൻ.
14 രാജ്യങ്ങളാണ് റെഡ് ലിസ്റ്റിലേക്ക് പുതുതായി ഉൾപ്പെടുത്തിയത്. ഈജിപ്ത്, മൊറോകോ, കൊമോറോസ്, ഇറാഖ്, ജോർഡൻ, ഫലസ്തീൻ, സിറിയ, യെമൻ, ലിബിയ, ലബനാൻ, തുനീഷ്യ എന്നിവർ ഉൾപ്പെടുന്നതാണ് റെഡ് ലിസ്റ്റ്.
ലിസ്റ്റിലെ മാറ്റങ്ങൾ തിങ്കളാഴ്ച പ്രാബല്യത്തിൽ വന്നു. ജി.സി.സിയിലെ രാജ്യങ്ങളെല്ലാം ഖത്തറിന്‍റെ 'മഞ്ഞ' പട്ടികയിലാണ്.
ഗ്രീൻ ലിസ്റ്റ്
ആസ്ട്രേലിയ, കാനഡ, ക്രൊയേഷ്യ, ചെക്ക്, ജർമനി, ഹംഗറി, ലാത്വിയ, ന്യൂസിലൻഡ്, പോളണ്ട്, റുേമനിയ, സ്ലോവാക്യ.
യെല്ലോ ലിസ്റ്റ്
അൽജീരിയ, ഓസ്ട്രിയ, ബഹ്റൈൻ, ബൾഗേറിയ, ബ്രൂണെ, ചൈന, ചിലി, ഐവറി കോസ്റ്റ്, കോംഗോ, എക്വഡോർ, ഇത്യോപ്യ, ഫിൻലാൻഡ്, ഹോങ്കോങ്ങ്, ഇറ്റലി, ലക്സംബർഗ്, കുവൈത്ത്, മൊസാംബിക്, മകാവു, നോർവേ, ഒമാൻ, സൗദി അറേബ്യ, സെനഗാൾ, സ്ലൊവീനിയ, ദക്ഷിണ കൊറിയ, സിംഗപ്പുർ, ഉഗാണ്ട, യു.എ.ഇ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.