റിയൽ എസ്റ്റേറ്റ് വികസനത്തിന് റെഗുലേറ്ററി അതോറിറ്റി വരുന്നു
text_fieldsദോഹ: റിയൽ എസ്റ്റേറ്റ് മേഖലയുടെ വികസനവും ഇടപാടുകളിലെ സുതാര്യതയും ഉറപ്പാക്കാൻ പുതിയ പദ്ധതികളുമായി റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി. റിയൽ എസ്റ്റേറ്റ് മേഖലയുടെ വികസനം ലക്ഷ്യംവെച്ച് പുതിയ തന്ത്രങ്ങളും നയങ്ങളും സംയോജിപ്പിക്കുന്ന ഒരു സംയുക്ത സമിതിയായിരിക്കും രണ്ട് മാസത്തിനുള്ളിൽ പ്രവർത്തനക്ഷമമാകുന്ന റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ നിയമകാര്യ വിഭാഗം മേധാവി അഹ്മദ് അൽ ഇമാദി പറഞ്ഞു.
രാജ്യത്തെ റിയൽ എസ്റ്റേറ്റ് രംഗത്തെ നിയന്ത്രിക്കുന്നതിനുള്ള പൊതു അധികാരം സ്ഥാപിച്ചുകൊണ്ട് ഈ വർഷം ഏപ്രിലിലാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അതോറിറ്റിയുടെ രൂപവത്കരണം സംബന്ധിച്ച 2023ലെ 28ാം നമ്പർ അമീരി തീരുമാനം പുറപ്പെടുവിച്ചത്.
റിയൽ എസ്റ്റേറ്റ് മേഖലയുടെ വികസനതന്ത്രം നടപ്പിലാക്കുന്നതിന്റെ ചട്ടക്കൂടിനുള്ളിലാണ് റെഗുലേറ്ററി അതോറിറ്റിയുടെ രൂപവത്കരണം. റിയൽ എസ്റ്റേറ്റ് വികസനത്തിന് സംഭാവന നൽകുമ്പോൾ തന്നെ ഈ മേഖലയെ സംഘടിപ്പിക്കാനും ഉത്തേജിപ്പിക്കാനും ഖത്തറിന്റെ പൊതുനയത്തിലൂന്നി റെഗുലേറ്ററി അതോറിറ്റി പ്രവർത്തിക്കും.
ഏഴ് ഘടകങ്ങളിൽ ഊന്നിയായിരിക്കും അതോറിറ്റിയുടെ നയങ്ങൾ നടപ്പാക്കുകയെന്നും ബന്ധപ്പെട്ട അധികാരികൾ തമ്മിലുള്ള തന്ത്രങ്ങളുടെയും നയങ്ങളുടെയും സമന്വയത്തിലൂടെ റിയൽ എസ്റ്റേറ്റ് മേഖലയുടെ ഭരണം ഇതിൽ ഉൾപ്പെടുമെന്നും ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അഹ്മദ് അൽ ഇമാദി വ്യക്തമാക്കി.
സുതാര്യതയോടും വ്യക്തതയോടുംകൂടി വിവരങ്ങൾ നൽകാൻ ശ്രമിക്കുന്ന ഒരു റിയൽ എസ്റ്റേറ്റ് പ്ലാറ്റ്ഫോം സ്ഥാപിക്കും. ബന്ധപ്പെട്ട അധികാരികളുടെ തന്ത്രങ്ങളും നയങ്ങളും സംയോജിപ്പിക്കുന്ന ഒരു ഏകീകൃത ബോഡിയായിരിക്കും അതോറിറ്റി. ഈ സംവിധാനം ഒക്ടോബറിൽ മൂന്ന് ഘട്ടങ്ങളിലായി ആരംഭിക്കുമെന്ന് അൽ ഇമാദി കൂട്ടിച്ചേർത്തു.
ബന്ധപ്പെട്ടവർക്ക് നൽകുന്ന വിവരങ്ങൾ ഉൾപ്പെടുന്നതാണ് ആദ്യ ഘട്ടം. ഇതിൽ വ്യത്യസ്ത പ്രദേശങ്ങളിലെ ഒക്യുപെൻസി വ്യാപ്തിയും കരാറുകളും കൂടാതെ വ്യക്തികൾക്കും നിക്ഷേപകർക്കും താൽപര്യമുള്ള വിവരങ്ങളും ഉൾപ്പെടും.
രണ്ടാം ഘട്ടത്തിൽ സർക്കാർ ഏജൻസികൾ തമ്മിലുള്ള ഇലക്ട്രോണിക് ലിങ്കിങ് ആണുള്ളത്. മൂന്നാം ഘട്ടത്തിൽ റിയൽ എസ്റ്റേറ്റ് സേവനങ്ങൾ നൽകുകയും പൂർണമായും സജീവമാകുകയും ചെയ്യും. പ്ലാറ്റ്ഫോം ആരംഭിച്ച് ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ തന്നെ ഇത് പൂർത്തിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.