യുക്രെയ്ൻ കുട്ടികളുടെ മോചനം; ഖത്തറിനൊപ്പം ദക്ഷിണാഫ്രിക്കയും വത്തിക്കാനും
text_fieldsദോഹ: റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് കുടുംബങ്ങളിൽ നിന്നും അകന്ന കുട്ടികളുടെ തിരിച്ചുവരവ് സുഗമമാക്കുന്നതിന് ഖത്തറിനൊപ്പം ചേരാൻ ദക്ഷിണാഫ്രിക്കയും വത്തിക്കാനും.
കാനഡയിലെ മോൺട്രിയാലിൽ നടന്ന സമ്മേളനത്തിനിടെയാണ് ഖത്തറിനൊപ്പം, യുക്രെയ്ൻ കുട്ടികളെ തിരിച്ചെത്തിക്കുന്നതിന് ദക്ഷിണാഫ്രിക്കയും വത്തിക്കാനും മുന്നോട്ടുവന്നത്. കുട്ടികളെ തിരികെക്കൊണ്ടുവരാനുള്ള ശ്രമങ്ങളിൽ ഖത്തർ, ദക്ഷിണാഫ്രിക്ക, വത്തിക്കാൻ സിറ്റി എന്നിവരുടെ സംയുക്ത മധ്യസ്ഥത പരിപാടിയുടെ സമാപന ചടങ്ങിൽ കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി പ്രഖ്യാപിച്ചു.
ഏകദേശം 20,000 യുക്രെയ്ൻ കുട്ടികളാണ് യുദ്ധത്തെത്തുടർന്ന് കുടുംബങ്ങളിൽ നിന്നും ഒറ്റപ്പെട്ടതെന്നാണ് കണക്ക്. യുക്രെയ്ൻ സമാധാന ഫോർമുല സംബന്ധിച്ച് കാനഡയിൽ നടന്ന സമ്മേളനത്തിൽ ഖത്തറിനെ പ്രതിനിധാനംചെയ്ത് അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ റാഷിദ് അൽ ഖാതിർ പങ്കെടുത്തിരുന്നു. പ്രത്യേക മന്ത്രിതല സമ്മേളനത്തിൽ 70 രാജ്യങ്ങൾ പങ്കെടുത്തു.
2023 ഒക്ടോബർ 16ന് നാല് കുട്ടികളെ റഷ്യയിൽ നിന്നും തിരിച്ചയച്ചാണ് ഇത്തരത്തിലുള്ള പുനരേകീകരണത്തിന് ഖത്തർ തുടക്കം കുറിച്ചത്. ഖത്തറും ലിത്വാനിയയും മോചിപ്പിക്കപ്പെടുന്ന കുട്ടികളുടെ ട്രാൻസിറ്റ് രാജ്യങ്ങളായി പ്രവർത്തിക്കുമെന്ന് മെലാനി ജോളിയെ ഉദ്ധരിച്ച് സി.ബി.സി റിപ്പോർട്ട് ചെയ്തു.
2022 ഫെബ്രുവരിയിൽ റഷ്യൻ അധിനിവേശം ആരംഭിച്ചത് മുതൽ യുക്രെയ്ൻ കുട്ടികളെയും സിവിലിയന്മാരെയും യുദ്ധത്തടവുകാരെയും തിരിച്ചയക്കുന്നത് സംബന്ധിച്ച പ്രതിജ്ഞയിൽ 45ലധികം രാജ്യങ്ങൾ ഒപ്പുവെച്ചതായും കാനഡ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.