‘പ്രവാസി ക്ഷേമപ്രവർത്തനങ്ങളിൽ പ്രാദേശിക കൂട്ടായ്മകളുടെ പങ്ക് വലുത്’
text_fieldsഖത്തർ വാണിമേൽ പ്രവാസി ഫോറം ലീഡേഴ്സ് മീറ്റ് ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: പ്രവാസി ക്ഷേമപ്രവർത്തനങ്ങളിൽ പ്രാദേശിക കൂട്ടായ്മകളുടെ പങ്ക് ഏറെ വലുതാണെന്ന് മാധ്യമപ്രവർത്തകനും പ്രഭാഷകനുമായ ഡോ. താജ് ആലുവ അഭിപ്രായപ്പെട്ടു.
‘കരുതലാവണം പ്രവാസം’ എന്ന പ്രമേയത്തിൽ ഖത്തർ വാണിമേൽ പ്രവാസി ഫോറം നടത്തിവരുന്ന 20ാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി നടന്ന ലീഡേഴ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസത്തിലെ സമ്പത്തും സമയവും ആസൂത്രിതമായും ക്രിയാത്മകമായും ഉപയോഗപ്പെടുത്താൻ സാധിക്കണം.
സമ്പാദ്യശീലങ്ങൾ പ്രവാസ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണമെന്നും പ്രവാസികളെ ഇതിൽ ബോധവത്കരിക്കുന്നതിലും ഇത്തരം അവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രാദേശിക കൂട്ടായ്മകൾ മുന്നോട്ടുവരണമെന്നും ഡോ. താജ് ആലുവ പറഞ്ഞു. പരിപാടിയിൽ ഖത്തർ വാണിമേൽ പ്രവാസി ഫോറം പ്രസിഡന്റ് ഷമ്മാസ് കളത്തിൽ അധ്യക്ഷത വഹിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു.
ഐ.സി.ബി.എഫ് ഇൻഷുറൻസ് സ്കീമിന്റെ രണ്ടാംഘട്ട അംഗത്വകാമ്പയിൻ ടി. ആരിഫിൽനിന്നും അപേക്ഷാഫോറം സ്വീകരിച്ച് അദ്ദേഹം ഉദ്ഘാടനം ചെയ്തു. പ്രവാസി ഫോറം പ്രസിദ്ധീകരിക്കുന്ന ‘കടൽദൂരം’ വാർഷികപ്പതിപ്പിന്റെ പോസ്റ്റർ വൈസ് പ്രസിഡന്റ് അംജദ് വാണിമേലിന് നൽകി ഡോ. താജ് ആലുവ നിർവഹിച്ചു.
സ്പോർട്സ് പ്രോഗ്രാമുകളുടെ പ്രഖ്യാപനം ഉപദേശക സമിതി ചെയർമാൻ പൊയിൽ കുഞ്ഞമ്മദ് നിർവഹിച്ചു.
ഡോ. താജ് ആലുവക്കുള്ള ഉപഹാരം പ്രവാസി ഫോറം മുൻ പ്രസിഡന്റ് എൻ.കെ. കുഞ്ഞബ്ദുള്ള നൽകി. ജനറൽ സെക്രട്ടറി കെ.കെ. സുബൈർ സ്വാഗതവും ട്രഷറർ സി.കെ. ഇസ്മായിൽ സമാപന പ്രസംഗവും നടത്തി. ഹാഷിം തങ്ങൾ ഖിറാഅത്ത് നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.