കൾചറൽ ഫോറം നിയമക്കുരുക്കുകൾ അഴിച്ചു, തോമസ് ഇനി ജന്മനാടിെൻറ കുളിരിൽ
text_fieldsദോഹ: പതിനൊന്നു വർഷത്തിലേറെയായി നാടണയാനാവാതെ നെഞ്ചുനീറിയ തോമസ് കൾചറൽ ഫോറത്തിൻെറ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. പത്തനംതിട്ട റാന്നി സ്വദേശിയായ തോമസിൻെറ ദുരിതങ്ങള്‍ കഴിഞ്ഞ വർഷം കോവിഡ് പ്രതിസന്ധി കാലത്തെ ഭക്ഷ്യക്കിറ്റ് വിതരണത്തിനിടയിലാണ് കൾചറൽ ഫോറം പ്രവർത്തകരുടെ ശ്രദ്ധയിൽപെടുന്നത്.
അസുഖംമൂലം ഒരു കണ്ണിൻെറ കാഴ്ച നഷ്ടപ്പെട്ട തോമസിന് പാസ്പോര്‍ട്ട്, ഖത്തർ ഐഡി തുടങ്ങിയ യാത്രാരേഖകളൊന്നും ഇല്ലായിരുന്നു. ബിസിനസ് തകർച്ചയെത്തുടർന്ന് മൂന്നു മില്യണ്‍ റിയാലിൻെറ സാമ്പത്തിക ബാധ്യതയടക്കം എട്ടോളം യാത്രാനിരോധന കേസുകളും തോമസിൻെറ പേരില്‍ നിലവിലുണ്ടായിരുന്നു.
കൾചറൽ ഫോറം ഒാരോ കേസിനെയും കുറിച്ച് പഠിക്കുകയും തോമസിൻെറ നിരപരാധിത്വം ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. രേഖകൾ കോടതി, പബ്ലിക് പ്രോസിക്യൂഷൻ തുടങ്ങിയ ഖത്തറിലെ നിയമ, പൊലീസ് സംവിധാനങ്ങളിൽ സമയാസമയം സമർപ്പിക്കാനും കൾചറൽ ഫോറം കമ്യൂണിറ്റി സർവിസിന് സാധിച്ചു. ഒരു വർഷത്തോളം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് സാമ്പത്തിക ബാധ്യതയുൾപ്പെടെയുള്ള കേസുകളും യാത്രാനിരോധനവും നീക്കാനായതും തോമസിൻെറ രേഖകള്‍ വീണ്ടെടുത്ത് നാട്ടിലേക്ക് മടങ്ങാനായതും. ജീവിതം വഴിമുട്ടിയ സമയത്ത് ആശ്വാസമായി കടന്നെത്തിയ കൾചറൽ ഫോറത്തിൻെറ ഭാരവാഹികൾക്ക് ഹൃദയം നിറയെ നന്ദി അർപ്പിച്ചാണ് തോമസ് നാട്ടിലേക്ക് മടങ്ങിയത്.
പ്രയാസപ്പെടുന്നവന് കൈത്താങ്ങായതിൻെറ ചാരിതാര്‍ഥ്യം തങ്ങൾക്കുണ്ടെന്നും കേസുകളും മറ്റും തീർക്കാനായി സഹായമേകിയ ഇന്ത്യൻ എംബസി, ഐ.സി.ബി.എഫ്, ഐ.സി.സി തുടങ്ങിയവർക്കും നന്ദി അറിയിക്കുന്നതായും ഫോറം വൈസ് പ്രസിഡൻറ് മുഹമ്മദ് കുഞ്ഞി തായലക്കണ്ടി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.