ഒരു നിമിഷത്തെ അശ്രദ്ധ ഒരായുസ്സിന്റെ കണ്ണീരാവും
text_fieldsദോഹ: ഖത്തർ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് മൾട്ടി എൻട്രി പെർമിറ്റ് വിസ അനുവദിക്കുകയും ഉംറ വിസ നിയമങ്ങൾ ലളിതമാക്കുകയും ചെയ്തതോടെ വിശുദ്ധ ഹറമുകളുടെ നഗരത്തിലേക്ക് മലയാളികൾ ഉൾപ്പെടെയുള്ളവരുടെ യാത്ര പതിവാണിപ്പോൾ. വാരാന്ത്യ അവധിക്കൊപ്പം, ഒന്നോ രണ്ടോ ദിവസം കൂടി അധികം അവധി എടുത്താൽ സൗദിയിലെത്തി ഉംറ നിർവഹിച്ച് മടങ്ങിയെത്താം എന്നതിനാൽ എല്ലാ ആഴ്ചകളിലും ആയിരത്തോളം മലയാളികൾ കരമാർഗം യാത്രചെയ്യുന്നുണ്ട്.
എന്നാൽ, ദോഹയിൽനിന്ന് 1600 കിലോമീറ്റർ ദൂരെയുള്ള മക്കയിലേക്ക് റോഡുമാർഗം ഇറങ്ങിപ്പുറപ്പെടുമ്പോൾ കൂടുതൽ സൂക്ഷ്മതയും മുൻകരുതലും വേണമെന്ന് ഉംറ തീർഥാടന മേഖലകളിൽ വർഷങ്ങളായ പ്രവർത്തിക്കുന്നവർ മുന്നറിയിപ്പു നൽകുന്നു. ഖത്തർ, കുവൈത്ത്, യു.എ.ഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ആയിരക്കണക്കിന് മലയാളികളാണ് സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പമായി റോഡുമാർഗം ഉംറ യാത്രക്കായി പുറപ്പെടുന്നത്.
ഏറെ കരുതലും തയാറെടുപ്പും വേണ്ട യാത്രക്ക്, പക്ഷേ ചെറിയ ദൂരത്തേക്കുള്ള വിനോദയാത്ര പോകുന്ന ലാഘവത്തോടെ ഇറങ്ങി പുറപ്പെടുന്നത് വലിയ അപകടങ്ങളാവും ക്ഷണിച്ചുവരുത്തുന്നത്. ഗൾഫ് രാജ്യങ്ങളിൽനിന്ന് വിവിധ സംഘടനകളും ഏജൻസികളും സംഘടിപ്പിക്കുന്ന ഉംറ യാത്രകൾ സജീവമായുണ്ട്. ബസുകളിൽ കൃത്യമായ ഏകോപനവും പരിചയസമ്പന്നരുടെ നേതൃത്വവുമായാണ് പല ഉംറ സംഘങ്ങളും എല്ലാ ആഴ്ചകളിലും മക്കയിലേക്ക് യാത്ര സംഘടിപ്പിക്കുന്നത്. ദീർഘദൂരം വാഹനം ഓടിച്ച് പരിചയമുള്ള ഡ്രൈവർമാരുടെ സാന്നിധ്യവുമുണ്ടാവും. എന്നാൽ, ഇവരിൽനിന്ന് വ്യത്യസ്തമാണ് സ്വന്തം വാഹനങ്ങളിൽ ഉംറക്കായി പോകുന്നവർ.
സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക
ഏജൻസികളും ഗ്രൂപ്പുകളും നടത്തുന്ന ഉംറ സംഘങ്ങൾ എല്ലാ ആഴ്ചയിലും ദോഹയിൽനിന്ന് മക്കയിലേക്ക് പുറപ്പെടുന്നുണ്ടെങ്കിലും അതിനേക്കാൾ കൂടുതൽ പേർ സ്വന്തം വാഹനങ്ങളിൽ ഉംറ തീർഥാടന യാത്രക്ക് പോകുന്നുണ്ട്. ഗ്രൂപ്പുകളുടെ യാത്രകൾ അഞ്ചു മുതൽ 10 ദിവസം വരെ നീളും എന്നതിനാലാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മക്കയിലെത്തി ഉംറ നിർവഹിച്ച് മടങ്ങിയെത്തുന്നതിനായി സ്വന്തം വാഹനങ്ങളുമായി പുറപ്പെടുന്നത്. സാമ്പത്തികമായി ബസ് യാത്രയും സ്വകാര്യ വാഹനങ്ങളിലെ യാത്രയും തമ്മിൽ വലിയ വ്യത്യാസമുണ്ടാവാറില്ല.
എന്നാൽ, യാത്രാപരിചയം വലിയ ഘടകമാണ്. ഖത്തറിൽ പരമാവധി ഒരു മണിക്കൂറൊക്കെ മാത്രമാവും ദീർഘദൂര യാത്ര ചെയ്ത് ശീലം. ഈ അനുഭവവുമായി 10-15 മണിക്കൂർ ദൈർഘ്യമുള്ള സൗദി യാത്രക്ക് തനിച്ച് ഡ്രൈവിങ് എന്ന സാഹസവുമായി പുറപ്പെടുന്നത് അപകടമാണ്. സ്വന്തം വാഹനത്തിൽ പുറപ്പെടുന്നവർ യാത്രക്ക് മുമ്പും യാത്രയിലും ചില കരുതലുകളും സൂക്ഷ്മതയും പാലിച്ചാൽ അപകടങ്ങളില്ലാതെ മക്കയിലെത്തി ഉംറ നിർവഹിച്ച് തിരികെ എത്താൻ കഴിയുമെന്ന് ഖത്തറിലെ സി.ഐ.സി ഉംറ കോഓഡിനേറ്ററായ നസീർ പറയുന്നു. 18 വർഷത്തോളമായി ഉംറ യാത്ര സംഘാടനത്തിൽ സജീവമായി പ്രവർത്തിക്കുകയാണ് ഇദ്ദേഹം.
- ദീർഘദൂര ഡ്രൈവിങ് പരിചയമുള്ളവർ മാത്രം വണ്ടി ഓടിക്കുക: ദോഹയിൽനിന്ന് മക്കയിലെത്താൻ 15 മണിക്കൂറോളം ഓടണം. എന്നാൽ, ചെറിയ രാജ്യമായ ഖത്തറിൽ വാഹനം ഓടിക്കുന്നവർ പരമാവധി ഒരു മണിക്കൂർ മാത്രമാവും അതിവേഗ പാതയിൽ ദീർഘദൂര ഡ്രൈവ് ചെയ്തിരിക്കുക. ഈ പരിചയവുമായി 1600ൽ ഏറെ കിലോമീറ്റർ നീളുന്ന സൗദി പാതകളിലേക്ക് വാഹനവുമായി ഇറങ്ങരുത്. നല്ല പരിചയമുള്ള ഡ്രൈവർമാർ മാത്രം ഇത്തരം യാത്രകളിൽ വാഹനം ഓടിക്കുന്നതാണ് സുരക്ഷിതം.
- യാത്രക്കു മുമ്പ് വാഹനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുക: ദോഹയിൽനിന്ന് 1600 കിലോമീറ്ററിന് മുകളിൽ ദൂരം സഞ്ചരിക്കണം. കൂടുതലും വിജനമായ അതിവേഗ പാതകളാണ്. 100 കിലോമീറ്ററിനു മുകളിലാവും വാഹനങ്ങളുടെ വേഗം. അതിനാൽ, യാത്രക്കു മുമ്പ് വാഹനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കണം. നാലു ടയറും പുതിയതും നല്ല ക്വാളിറ്റിയുള്ളതുമായിരിക്കണം. എൻജിൻ ഉൾപ്പെടെ നല്ല വർക്കിങ് കണ്ടീഷൻ ആയിരിക്കണം.
- അധിക ഡ്രൈവർമാർ: പുറപ്പെടുന്നതു മുതൽ ലക്ഷ്യസ്ഥാനം വരെ ഒരാൾ മാത്രം വാഹനം ഓടിക്കുകയെന്ന പദ്ധതി ഒഴിവാക്കുക. ഒന്നിലേറെ ഡ്രൈവർമാർ നിർബന്ധമായും വാഹനത്തിൽ ഉറപ്പാക്കുക. അധിക മണിക്കൂറുകൾ ഒരാൾതന്നെ ഓടിക്കുന്നത് ക്ഷീണത്തിനും ഉറങ്ങാനുള്ള സാധ്യതയും കൂട്ടും. അത് ഒഴിവാക്കാൻ വാഹനം മാറിമാറി ഓടിക്കാൻ ഒന്നിലധികം ഡ്രൈവർമാർ ഉണ്ടായിരിക്കണം. ഗ്രൂപ്പുകൾ സംഘടിപ്പിക്കുന്ന ഉംറ യാത്രയിൽ അധിക ചാർജ് നൽകി അധിക ഡ്രൈവർമാരെ നിർബന്ധമായും ഉൾപ്പെടുത്താറുണ്ടെന്ന് നസീർ പറയുന്നു.
- രണ്ടോ മൂന്നോ സംഘമായി യാത്രചെയ്യുക: ഒരു വാഹനത്തിൽ മാത്രം പോകാതെ, സുഹൃത്തുക്കളും ബന്ധുക്കളുമായി ഒന്നിലധികം സംഘങ്ങൾ ഉംറ യാത്രക്ക് പുറപ്പെടുന്നതാണ് നല്ലത്. സൽവ അതിർത്തി കടന്നാൽ വിജന പാതകൾ ആയതിനാൽ, രണ്ടോ മൂന്നോ വാഹനത്തിലായി ഒന്നിച്ച് ഗ്രൂപ്പുകളായി പോകുന്നത് അടിയന്തര ഘട്ടത്തിൽ സഹായകമാവും.
- സൗദി മൊബൈൽ സിം: സംഘത്തിൽ ഒന്നോ രണ്ടോ ആളുകളെങ്കിലും സൗദി സിം എടുക്കുന്നത് നല്ലതാണ്. ഖത്തർ നമ്പറുകൾ പലപ്പോഴും പ്രീ പെയ്ഡ് ആവും. അതിർത്തി കടന്നാൽ റോമിങ്ങിലേക്ക് മാറുമ്പോൾ ഡേറ്റ എളുപ്പം തീരുന്നത് ഒഴിവാക്കാൻ സൗദി സിം നമ്പർ കരുതുന്നത് അവശ്യഘട്ടങ്ങളിൽ ആശയവിനിമയത്തിന് ഉപകാരപ്പെടും. സൽവ അതിർത്തി കടന്ന് 200 മീറ്റർ സഞ്ചരിക്കുമ്പോൾ തന്നെ സിം ലഭിക്കുന്ന കടകൾ ഉണ്ട്.
- വിശ്രമിച്ചു മാത്രം യാത്ര ചെയ്യുക: റോഡുമാർഗം എത്തുന്ന യാത്രക്കാർക്കായി സൗദിയിൽ വിശാലമായ വിശ്രമകേന്ദ്രങ്ങൾ സജ്ജമാണ്. അതിർത്തി കടന്ന് ഹൈവേകളിൽ പ്രവേശിച്ചാൽ ഓരോ 50 കിലോമീറ്ററുകളിലുമായി സൗദി സർക്കാറിന്റെ ‘ഇസ്തിറാഹ്’ വിശ്രമകേന്ദ്രങ്ങൾ കാണാം. വാഹന റിപ്പയറിങ്, ഹോട്ടൽ, വിശ്രമിക്കാനുള്ള സൗകര്യങ്ങൾ, പള്ളി ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഉള്ളതാണ് ഈ കേന്ദ്രങ്ങൾ. ആവശ്യമായ ഘട്ടങ്ങളിൽ ഇവിടെ വിശ്രമിച്ച്, ഉറങ്ങി മാത്രം യാത്ര തുടരുക. ചുരുങ്ങിയ നിരക്കിൽ ഇവിടെ മുറികൾ ലഭ്യമാണ്. കുടുംബങ്ങൾക്ക് വിശ്രമിക്കാനും സൗകര്യമുണ്ട്. ഇത് ഉപയോഗപ്പെടുത്തി യാത്ര തുടരുന്നതാണ് അഭികാമ്യം.
- ഉച്ചക്ക് വിശ്രമിക്കുക: ഇനിയുള്ള ദിവസങ്ങളിൽ ചൂട് കൂടിവരും. അതിനാൽ ഉച്ചക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. 12 മുതൽ വൈകീട്ട് നാലു വരെ ഏതെങ്കിലും വിശ്രമ കേന്ദ്രങ്ങളിൽ വാഹനം പാർക്ക് ചെയ്ത് മുറിയെടുത്ത് വിശ്രമിക്കുക. ഡ്രൈവർ, ഈ സമയത്ത് ഉറങ്ങാൻ ശ്രമിക്കണം.
- അർധരാത്രി യാത്ര ഒഴിവാക്കുക: ജോലി കഴിഞ്ഞ് രാത്രിയിൽ റൂമിലെത്തി ഉറങ്ങി ശീലിക്കുന്നവരാണ് പ്രവാസികൾ. ഇവർ രാത്രി വൈകിയുള്ള അതിവേഗപാതയിലെ ഡ്രൈവിങ് ഒഴിവാക്കുന്നതാണ് അഭികാമ്യം. അർധരാത്രി 12 മുതൽ പുലരുംവരെ ഉറങ്ങിയശേഷം മാത്രം യാത്ര തുടരുന്നതാണ് നല്ലത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.