തമ്പുകളിൽ നോമ്പുതുറയുടെ കാലം
text_fieldsദോഹ: പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ നോമ്പുകാലത്തെ പ്രധാന ആശ്രയമായ ഇഫ്താർ കൂടാരങ്ങൾ വീണ്ടും സജീവമാവുന്നതിന്റെ ആവേശത്തിലാണ് വിശ്വാസി സമൂഹം. സായാഹ്നങ്ങളിൽ ഒത്തുചേർന്ന്, പകൽ മുഴുവൻ നീളുന്ന ഉപവാസത്തിന് ഭക്തിയോടെ സമാപനം കുറിക്കുന്ന ഇഫ്താർ കൂടാരങ്ങൾ മൂന്നു വർഷത്തെ ഇടവേളക്കുശേഷമാണ് തിരികെയെത്തുന്നത്.
കോവിഡ് മഹാമാരി കാരണം കഴിഞ്ഞ മൂന്ന് റമദാനുകളിലും അറബ് നാടുകളിൽ റമദാൻ തമ്പുകളുയർന്നിട്ടില്ല എന്നത് തമ്പുകളെ ആശ്രയിക്കുന്ന വിശേഷിച്ചും കുടുംബങ്ങളില്ലാതെ ഒറ്റക്ക് കഴിയുന്നവരെ സംബന്ധിച്ച് ഏറെ വിഷമകരമായിരുന്നു. കോവിഡ് കാലത്ത് തൊഴിലാളികളുടെ താമസസ്ഥലത്തേക്ക് ഇഫ്താർ കിറ്റുകൾ എത്തിക്കുകയായിരുന്നെങ്കിലും ഇതിന് പരിമിതികളേറെയായിരുന്നു. കോവിഡ് മഹാമാരിയുടെ ഭീഷണികൾ അകന്നതോടെ നിയന്ത്രണങ്ങളെല്ലാം പിൻവലിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇഫ്താർ തമ്പുകൾ വീണ്ടുമുയർന്നിരിക്കുന്നത്.
കഴിഞ്ഞ വർഷം തന്നെ ഏറക്കുറെ കോവിഡ് ഭീതിയകന്നിരുന്നെങ്കിലും മുൻകരുതലെന്ന നിലക്ക് അധികൃതർ അനുമതി നൽകിയിരുന്നില്ല. എന്നാൽ, ഇത്തവണ പലയിടങ്ങളിലും വിശുദ്ധ മാസത്തിൽ വിശ്വാസികളെ നോമ്പ് തുറപ്പിക്കാൻ തമ്പുകൾ ഉയരുമെന്നതിന്റെ ആദ്യ പ്രഖ്യാപനമായിരുന്നു ഖത്തർ ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയത്തിന്റെ ഇഫ്താർ ടെന്റ് പ്രഖ്യാപനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രതിദിനം 10,000 പേർക്ക് ഭക്ഷണം നൽകുന്ന 10 ഇഫ്താർ ടെന്റുകളാണ് മന്ത്രാലയത്തിന് കീഴിലെ എൻഡോവ്മെന്റ് ജനറൽ ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. കുറഞ്ഞ വരുമാനക്കാരും തൊഴിലന്വേഷകരും ആയ പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്ന വാർത്തയാണിത്.
തമ്പുകൾ തിരികെ വരുന്നു
റമദാൻ നിലാവ് മാനത്തുദിക്കുന്നതിനും മുമ്പ് അറബ് നാടുകളിൽ ഉദിച്ചുയരുന്ന ഒന്നായിരുന്നു ഇഫ്താർ തമ്പുകൾ. റമദാനിന്റെ വരവറിയിക്കുന്നതുതന്നെ പള്ളികൾക്ക് സമീപവും തൊഴിലാളികളുടെ താമസകേന്ദ്രങ്ങൾക്ക് സമീപവും ആളുകൾ ഒരുമിച്ച് കൂടുന്നിടങ്ങളിലെല്ലാം ഉയർന്നു വരുന്ന ഇത്തരം റമദാൻ തമ്പുകളായിരുന്നു. കോവിഡ് മഹാമാരിയിൽ കഴിഞ്ഞ മൂന്നുവർഷവും ഇഫ്താർ ടെന്റുകൾ അപ്രത്യക്ഷമായി. ഇഫ്താർ ടെൻറുകൾ റമദാനിലെ സവിശേഷ കാഴ്ച തന്നെയാണ്. വിവിധ ഇടങ്ങളിലായി മന്ത്രാലയങ്ങൾക്കും ചാരിറ്റി സംഘടനകൾക്കും കീഴിലുയരുന്ന ഇത്തരം ടെന്റുകളിൽ ദിവസേന പതിനായിരങ്ങളാണ് നോമ്പ് തുറക്കാനെത്തിയിരുന്നത്. ഓരോ തമ്പുകളും അറബ് ദാനശീലത്തിന്റെ കൂടി പര്യായമാണ്. അവിടെ ഭക്ഷണ തളികകൾക്ക് മുന്നിൽ ദേശ, ഭാഷ, വർണവിവേചനമില്ലാതെ എല്ലാവരും സമമായിരിക്കും.
എല്ലാവരെയും ഒരുപോലെ സ്വാഗതം ചെയ്യുന്ന തമ്പുകളിൽ ആർക്കും സവിശേഷമായ സ്ഥാനം നൽകുന്നില്ല. എല്ലാവർക്കും ഒരേ ഭക്ഷണം. കഴിക്കുന്നതും ഒരേ പാത്രത്തിൽ നിന്ന്. മുമ്പ് നേരിൽ കാണാത്തവരായിരിക്കും അവിടെ കൂടിയിരുന്നിട്ടുണ്ടാകുക. അതോടൊപ്പം ഇനിയുമൊരിക്കൽ തമ്മിൽ കാണുമോ എന്നുപോലും നിശ്ചയമില്ലാത്തവരും. ചിലയിടങ്ങളിൽ തമ്പിന്റെ ഉടമസ്ഥരായ അറബികളും തങ്ങളുടെ അതിഥികൾക്കൊപ്പമിരുന്ന് ഒരു തളികയിൽ നിന്ന് നോമ്പ് തുറക്കുന്ന മനോഹരമായ കാഴ്ച സമ്മാനിക്കുന്ന ഇടം കൂടിയാണിത്.
തമ്പുകളിലധികവും ശീതീകരിച്ചവയാണ്. കാലാവസ്ഥ തന്നെയാണിതിന് പ്രധാന കാരണം. തമ്പുകളിലെത്തുന്ന അതിഥികളെ സ്വീകരിച്ചാനയിക്കാൻ ഉടമസ്ഥരും സേവകരും മുന്നിലുണ്ടാകും. ഒരാൾക്ക് സംതൃപ്തി നൽകാനുള്ള വിഭവങ്ങളും ഓരോ തമ്പിലും ഒരുക്കിയിട്ടുണ്ടാകും.
ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച് തൊഴിൽ തേടി അറബ് നാടുകളിലേക്ക് കടൽ കടന്നെത്തുന്ന മലയാളികളും അറബ് നാടുകളിലെ റമദാൻ തമ്പുകളുടെ ആതിഥ്യമര്യാദകൾ വേണ്ടുവോളം അനുഭവിച്ചവരാണ്. സമൂഹ മാധ്യമങ്ങളുടെ വരവോടെ എവിടെയെല്ലാം തമ്പുയരുന്നുവെന്ന് റമദാന് മുന്നേ തന്നെ എല്ലാവരും അറിഞ്ഞിരിക്കും. ഒരിക്കൽ പോലും നേരിട്ട് കാണാത്തവർ തളിക, തമ്പ്, ടെൻറ് തുടങ്ങിയ വാട്സ്ആപ് കൂട്ടായ്മകളുണ്ടാക്കി പരസ്പരം പരിചയപ്പെട്ടായിരിക്കും തമ്പുകളിലേക്ക് നീങ്ങുക. പിന്നീട് സൗഹൃദം ദീർഘകാലം നിലനിർത്തുന്നവരുമുണ്ട്. ഓഫിസുകളിൽ നിന്നും തൊഴിലിടങ്ങളിൽനിന്നും മടങ്ങിയെത്തിയാലുടൻ അടുത്തുള്ള തമ്പ് പിടിക്കാനുള്ള ഓട്ടത്തിലായിരിക്കും ബാച്ച്ലർ റൂമുകളിലുള്ളവർ.
നോമ്പ് തുറക്കാനെത്തുന്ന വിശ്വാസികൾക്ക് കാറും മൊബൈൽ ഫോണുമൊക്കെ സമ്മാനം നൽകിയിരുന്ന ഒരു തമ്പും ഇവിടെയുണ്ടായിരുന്നു. അൽ വഅബിലെ ജാമിഅ് അൽ അഖവൈനിന് സമീപത്ത് ഉയർന്നിരുന്ന തമ്പിലെത്തുന്നവർക്കായിരുന്നു ഈ സൗഭാഗ്യം ലഭിച്ചിരുന്നത്. ഭക്ഷണത്തോടൊപ്പം കൂപ്പണും നൽകും. നോമ്പ് തുറയും നമസ്കാരവും കഴിഞ്ഞാൽ നറുക്കെടുപ്പാണ്. ഓരോ ദിവസവും ഫോണോ ടാബ്ലെറ്റോ ആയിരിക്കും സമ്മാനമായി നൽകിയിരുന്നത്. അവസാന നോമ്പിന് ബമ്പർ സമ്മാനമായി കാറും നൽകിയിരുന്നു. രാജകുടുംബാംഗമായ ശൈഖ് ഹമദ് ബിൻ അബ്ദുല്ല ബിൻ ജാസിം ആൽഥാനിയുടെ കുടുംബ പള്ളിയാണ് ജാമിഅ് അൽ അഖവൈൻ.
ചാരിറ്റി സംഘടനകളുടെയും വിവിധ മന്ത്രാലയങ്ങളുടെയും ഇഫ്താർ ടെന്റുകൾക്ക് പുറമേ, വ്യക്തികൾ മുൻകൈയെടുത്ത ഇഫ്താർ ടെന്റുകളും വരും ദിവസങ്ങളിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പലരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.