നോമ്പിന്റെ ആത്മാവ് പകർന്ന് ഓക്സിജൻ പാർക്കിലെ റമദാൻ നൈറ്റ്
text_fieldsദോഹ: എജുക്കേഷൻ സിറ്റിയിലെ ഓക്സിജൻ പാർക്കിൽ സംഘടിപ്പിച്ച റമദാൻ നൈറ്റ് ദോഹയിലെ മലയാളി സമൂഹത്തിന് ആത്മീയാനുഭവമായി.
അബ്ദുല്ല ബിൻ സെയ്ദ് ആൽ മഹ്മൂദ് ഇസ്ലാമിക് കൾചറൽ സെന്റർ (ഫനാർ)ന്റെ നേതൃത്വത്തിൽ ഖത്തർ ഫൗണ്ടേഷന്റെ സഹകരണത്തോടെ സി.ഐ.സി ഖത്തർ സംഘടിപ്പിച്ച റമദാൻ നൈറ്റ് ഫനാർ കമ്യൂണിറ്റി സേവന വിഭാഗം തലവൻ അഹ്മദ് ത്വഹ്ഹാൻ ഉദ്ഘാടനം ചെയ്തു.
നോമ്പ് മനുഷ്യനെ ശുദ്ധീകരിക്കുകയെന്ന വലിയ ആത്മീയ ധർമമാണ് നിർവഹിക്കുന്നതെന്ന് പരിപാടിയിൽ റമദാനും ഖുർആനും എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ കേരള ഇസ്ലാമിക് സ്കോളേഴ്സ് കൗൺസിൽ അംഗവും ഖത്തറിലെ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റിയുടെ ഗവേഷണ വിഭാഗമായ സെന്റർ ഫോർ സ്റ്റഡി ആൻഡ് റിസർച്ച് (സി.എസ്.ആർ - ദോഹ) ഡയറക്ടറുമായ ഡോ. അബ്ദുൽ വാസിഅ് പറഞ്ഞു. മനുഷ്യനെ ഭൗതിക ലോകത്തിന്റെ സങ്കീർണതകളിൽനിന്നും ആശയക്കുഴപ്പങ്ങളിൽനിന്നും വിമോചിപ്പിക്കുന്ന മഹദ് ഗ്രന്ഥമാണ് ഖുർആൻ. ആധുനിക മനുഷ്യൻ അഭിമുഖീകരിക്കുന്ന എല്ലാ സമസ്യകളുടെയും യുക്തിപൂർണമായ പരിഹാരങ്ങൾ നിർദേശിക്കുന്ന വിശുദ്ധ ഖുർആൻ സമഗ്രവും സന്തുലിതവുമായ ജീവിത വീക്ഷണമാണ് മുന്നോട്ടുവെക്കുന്നത്. വിപ്ലവകരമാണ് അതിന്റെ ഉള്ളടക്കം.
അത്ഭുതകരമാണ് ഖുർആന്റെ ആഖ്യാനങ്ങളും ആവിഷ്കാരങ്ങളും. മുസ്ലിം ലോകത്ത് പ്രകടമാകുന്ന സാമൂഹിക ഉത്ഥാനത്തിന്റെ ഊർജ സ്രാതസ്സ് വിശുദ്ധ ഖുർആനാണ് എന്നും അദ്ദേഹം പറഞ്ഞു.
നാഗരികതകളുടെയും സംസ്കാരത്തിന്റെയും അടിത്തറയായ വിശ്വാസത്തെയും ആദർശത്തെയും രൂഢമൂലമാക്കുകയാണ് റമദാൻ ചെയ്യുന്നതെന്ന് അധ്യക്ഷ പ്രസംഗത്തിൽ സി.ഐ.സി പ്രസിഡന്റ് ഖാസിം ടി.കെ പറഞ്ഞു.
നോമ്പുകാരന് എല്ലാതരം മനുഷ്യരെയും സ്നേഹിക്കാൻ കഴിയണമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഫനാർ പ്രതിനിധി ഖാലിദ് അൽ അൻസി, ഖത്തർ ഫൗണ്ടേഷൻ ആക്ടിവിറ്റി ടീം അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. യൂത്ത് ഫോറം പ്രസിഡന്റ് എസ്.എസ്. മുസ്തഫ സമാപന പ്രസംഗം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.