അരങ്ങിൽ ജ്വലിച്ച് ഇശലുകളുടെ സുൽത്താൻ
text_fieldsദോഹ: 22 മീറ്റർ നീളത്തിൽ മൂന്ന് വേദികളിലായി 150ഓളം കലാകാരന്മാർ പകർന്നാടിയ രണ്ടര മണിക്കൂർ സമയം. നാൽപതാണ്ടുകൊണ്ട് ഇതിഹാസ തുല്യമായ ജീവിതം നയിച്ച ഇശലിന്റെ ചക്രവർത്തിയുടെ കാവ്യ ജീവിതം പാട്ടിലൂടെയും ചരിത്രാഖ്യാനങ്ങളിലൂടെയും ഒരു വേദിയിൽ അവതരിച്ചപ്പോൾ പ്രവാസമണ്ണിൽ പിറന്നത് പുതിയ ചരിത്രം.
മോയിന്കുട്ടി വൈദ്യരുടെ ജീവിതം പ്രമേയമാക്കി നാടകസൗഹൃദം ദോഹ അവതരിപ്പിച്ച ‘ഇശലുകളുടെ സുൽത്താൻ’ അരങ്ങിലെ പ്രകടനവും, കാണികളുടെ സാന്നിധ്യവും കൊണ്ട് ശ്രദ്ധേയമായി. 1852ൽ ഉദിച്ച്, 1892ൽ അസ്തമിച്ച ഇതിഹാസ തുല്യനായ കലാകാരന്റെ ജീവിതത്തെ ഒന്നേകാൽ നൂറ്റാണ്ടും പിന്നിട്ട കാലത്തിനിപ്പുറം ആധുനിക സാങ്കേതിക വിദ്യകളുടെയും, സർഗ മികവിന്റെയും പിൻബലത്തിൽ കൂടുതൽ മിഴിവോടെയാണ് ദോഹയിലെ കലാപ്രേമികൾക്ക് മുന്നിൽ അവതരിപ്പിച്ചത്.
‘ലൈറ്റ് ആൻഡ് മ്യൂസിക് ഷോയുടെ അകമ്പടിയോടെ മോയിൻ കുട്ടി വൈദ്യരും പിതാവും കുടുംബാംഗങ്ങളും മുതൽ അദ്ദേഹത്തിന്റെ വരികളും കഥാപാത്രങ്ങളും കാവ്യജീവിതവുമെല്ലാം വേദിയിൽ നിറഞ്ഞാടി.
വൈദ്യരുടെ ‘ഹുസുനുൽ ജമാലും ബദറുൽ മുനീറും, മലപ്പുറം പടപ്പാട്ട് തുടങ്ങിയ കാവ്യങ്ങളുടെ ദൃശ്യാവിഷ്കാരവും മാപ്പിള കലാരൂപങ്ങളും ആധുനിക സാങ്കേതികവിദ്യകള് പരമാവധി ഉപയോഗിച്ചു കൊണ്ടൊരുക്കിയ ലൈറ്റ് ആൻഡ് മ്യൂസിക്കൽ ഷോയുടെ അരങ്ങിലും അണിയറയിലുമായി പുതു ചരിത്രമെഴുതി. സംവിധായകൻ മജീദ് സിംഫണിയാണ് ഇശലുകളുടെ സുൽത്താന്റെ ദൃശ്യാവിഷ്കാരം ഒരുക്കിയത്.
എം.ഇ.എസ് ഇന്ത്യൻ സ്കൂൾ മൈതാനത്ത് മൂന്ന് സ്റ്റേജുകളിലായാണ് വ്യാഴാഴ്ച വൈകുന്നേരം ‘ഇശലുകളുടെ സുൽത്താൻ’ കാഴ്ചകളിലേക്ക് കർട്ടൻ ഉയർന്നത്. രണ്ടരമണിക്കൂർ നോൺ സ്റ്റോപ്പായുള്ള വേറിട്ട രംഗാവതരണവും ചടുലമായ അരങ്ങവതരണവും പ്രവാസഭൂമികയിലെ തട്ടകത്തിന്പ്രതീക്ഷനൽകുന്നതായി.
കറ പുരളാത്ത സ്വാതന്ത്ര്യബോധത്തിൽനിന്നും ഊർജം കൊണ്ട് മോയിൻ കുട്ടി വൈദ്യർ എഴുതിയ ചരിത്രകാവ്യങ്ങളുടെ ശ്രവ്യാനുഭവം കൂടി പകരുന്നതായിരുന്നു ഇശലുകളുടെ സുൽത്താൻ. മലപ്പുറത്ത് കുടിയാന്മാരും ജന്മിമാരും തമ്മിൽ 250 വർഷം മുമ്പ് നടന്ന കലാപം പ്രതിപാദിക്കുന്ന കേരളചരിത്രത്തെ ആധാരമാക്കി മലയാളഭാഷയിൽ രചിക്കപ്പെട്ട ആദ്യകാല കാവ്യങ്ങളിൽ ഒന്നായ മലപ്പുറം പടപ്പാട്ടിന്റേതടക്കമുള്ള രംഗാവിഷ്കാരം മികവ്പുലർത്തി.
കൊളോണിയലിസത്തിനെതിരെയും ജന്മിമാർക്കെതിരെയും സമരം ചെയ്യുന്ന കർഷകരുടെ ധർമവീര്യമുയർത്തിയ ബദർ പടപ്പാട്ടും ഒപ്പനപ്പാട്ടുകളും, കല്യാണപ്പാട്ടുകളും അരങ്ങിനെ ആസ്വാദ്യകരമാക്കി. പ്രണയാർദ്രമായ ബദറുൽ മുനീർ ഹുസ്നുൽ ജമാലിൽ ആഷിക് മാഹിയും, ആരതി പ്രജിത്തുമാണ് വേഷമിട്ടത്.
വൈദ്യരുടെ കൗമാരകാലം മുതൽ മരണം വരെയുള്ള ജീവിതസന്ദർഭങ്ങളുടെ അരങ്ങിൽ കാളപ്പൂട്ട്മത്സരവും, കുതിരയും, പുഴയും, വഞ്ചിയും, ആകാശത്തുനിന്നിറങ്ങിവന്ന ജിന്നും അരങ്ങിന്റെ സാധ്യതയെ വിസ്മയഭരിതമാക്കി.
പ്രശസ്ത നാടക കലാകാരൻ ശ്രീജിത്ത് പൊയിൽകാവ് രചന നിർവഹിച്ച ഇശലുകളുടെ സുൽത്താനിൽ ബാവ വടകരയാണ് മോയിൻ കുട്ടി വൈദ്യരായി അഭിനയിച്ചത്. മോയിൻ കുട്ടിയുടെ പിതാവ് ഓട്ടുപാറയിൽ ഉണ്ണി മമ്മദായി അൻവർ ബാബുവും, മോയിൻ കുട്ടിയുടെ കാമുകിയും, ഭാര്യയുമായ നിമിഷ നിഷാദും തങ്ങളുടെ കഥാപാത്രങ്ങളെ അസാധാരണ കൈയടക്കത്തോടെയാണ് അവതരിപ്പിച്ചത്.
കെ.കെ. സുധാകരൻ, മുസ്തഫ എലത്തൂർ, പ്രജിത്ത്, ബിന്ദു കരുൺ, രാഹുൽ കല്ലിങ്കൽ, സലീം പി.ടി.കെ, ഫൈസൽ അരിക്കാട്ടയിൽ, കൃഷ്ണകുമാർ, മുത്തു ഐ.സി.ആർ.സി തുടങ്ങിയവർ പ്രധാന വേഷങ്ങൾ അണിഞ്ഞു.
സിദ്ദീഖ് വടകരയാണ് സഹസംവിധാനം നിർവഹിച്ചത്. രണ്ടുമാസത്തെ റിഹേഴ്സലിലൂടെയാണ് ലൈല മജ്നുവിനുശേഷം നൂറിലേറെപേർ അരങ്ങിലെത്തിയ രംഗാവിഷ്കാരം ദോഹയിലെ നാടകപ്രേമികൾക്ക് മികച്ച കാഴ്ചാനുഭവം നൽകിയത്.
നാടകസൗഹൃദം ദോഹയുടെ പത്താംവാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ സ്ഥാപക പ്രസിഡന്റും നാടക സീരിയൽ സിനിമനടനുമായ കെ.കെ. സുധാകരൻ, എസ്.എ.എം. ബഷീർ, പി.എൻ. ബാബുരാജൻ, ജോപ്പച്ചൻ തെക്കേകൂറ്റ് എന്നിവർ സംസാരിച്ചു. നാടകസൗഹൃദം ദോഹ ജനറൽ സെക്രട്ടറി ആഷിക് മാഹി സ്വാഗതവും പ്രോഗ്രാം കൺവീനർ അൻവർ ബാബു നന്ദിയും പറഞ്ഞു.
വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് രണ്ടു വേദികളിൽ അരങ്ങേറിയ ‘ഇശലുകളുടെ സുൽത്താൻ’ മൂന്നാമത്തെ വേദിയായാണ് ദോഹയിൽ അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.