ഏഷ്യൻ കപ്പ് നറുക്കെടുപ്പിനൊരുങ്ങി ടീമുകൾ
text_fieldsദോഹ: അടുത്തവർഷം ജനുവരിയിൽ ഖത്തറിൽ കിക്കോഫ് കുറിക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ വേദികളും മത്സര തീയതിയും തീരുമാനിച്ചതിനു പിന്നാലെ ടീം സീഡിങ്ങും പ്രഖ്യാപിച്ചു. മേയ് 11ന് ദോഹയിൽ നടക്കുന്ന ടീം നറുക്കെടുപ്പിനുള്ള ടീമുകളുടെ സീഡിങ്ങാണ് ഏറ്റവും പുതിയ ഫിഫ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഫിഫ റാങ്ക് അടിസ്ഥാനത്തിലാവും യോഗ്യത നേടിയ 24 ടീമുകളെയും നറുക്കെടുപ്പിൽ ക്രമീകരിക്കുന്നത്.
മേയ് 11ന് കതാറ ഒപേറ ഹൗസിലാണ് പോരാട്ടചിത്രം വ്യക്തമാക്കുന്ന നറുക്കെടുപ്പ് അരങ്ങേറുന്നത്. 2024 ജനുവരി 12നാണ് വൻകരയുടെ പോരാട്ടത്തിന് ഖത്തറിലെ വേദികളിൽ പന്തുരുളുന്നത്. ഫെബ്രുവരി 10നാണ് ഫൈനൽ മത്സരം. നാല് പോട്ടുകളിലായി (പാത്രം) ആറ് വീതം ടീമുകളായിരിക്കും വിന്യസിക്കുക. ഒാരോ പോട്ടിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന നാലു ടീമുകൾ വീതമായിരിക്കും ഓരോ ഗ്രൂപ്പിലും മത്സരിക്കുന്നത്. എ മുതൽ ‘എഫ്’ വരെ ആറ് ഗ്രൂപ്പുകളിലായാണ് മത്സരം നടക്കുന്നത്.
ആതിഥേയരും നിലവിലെ ജേതാക്കളുമായ ഖത്തർ പോട്ട് ഒന്നിലുണ്ടാകും. ഇവർക്കൊപ്പം, ഏഷ്യൻ റാങ്കിങ്ങിൽ മുൻനിരയിലുള്ള അഞ്ചുപേർ കൂടി ഇടം നേടും. നാലു തവണ ജേതാക്കളായ ജപ്പാൻ, മൂന്നു തവണ ജേതാക്കളായ ഇറാൻ, രണ്ടുതവണ ജേതാക്കളായ കൊറിയ, 2015 ജേതാക്കളായ ആസ്ട്രേലിയ എന്നിവർക്കൊപ്പം കഴിഞ്ഞ ലോകകപ്പിലെ അട്ടിമറി സംഘവും മൂന്നു തവണ ഏഷ്യൻ ജേതാക്കളുമായ സൗദിയും ഈ സംഘത്തിലുണ്ടാവും. ഒരു പോട്ടിലായതിനാൽ, ഈ ടീമുകൾ ഗ്രൂപ് റൗണ്ടിൽ പരസ്പരം ഏറ്റുമുട്ടലിൽ ഉണ്ടാവില്ല. ഫിഫ റാങ്കിങ്ങിൽ 101ാം സ്ഥാനത്തുള്ള ഇന്ത്യ പോട്ട് നാലിലാണുള്ളത്.
മേയ് 11ന് നടക്കുന്ന നറുക്കെടുപ്പ് ചടങ്ങിൽ ഏഷ്യൻ ഫുട്ബാളിലെ സൂപ്പർ താരങ്ങളും, യോഗ്യത നേടിയ 24 ടീമുകളുടെയും പരിശീലകരും ഉൾപ്പെടെ വലിയൊരു താരനിര ദോഹയിലെത്തും.
പോട്ട് 1- (ടീമുകൾ, ഫിഫ റാങ്കിങ് ക്രമത്തിൽ)
ഖത്തർ (61), ജപ്പാൻ, (20), ഇറാൻ (24), ദക്ഷിണ കൊറിയ (27), ആസ്ട്രേലിയ (29), സൗദി അറേബ്യ (54).
പോട്ട് 2
ഇറാഖ് (67), യു.എ.ഇ (72), ഒമാൻ (73), ഉസ്ബകിസ്താൻ (74), ചൈന (81), ജോർഡൻ (84).
പോട്ട് 3
ബഹ്റൈൻ (85), സിറിയ (90), ഫലസ്തീൻ (93), വിയറ്റ്നാം (95), കിർഗിസ്താൻ (96), ലബനാൻ (99)
പോട്ട് 4
ഇന്ത്യ (101), തജികിസ്താൻ (109), തായ്ലൻഡ് (114), മലേഷ്യ (138), ഹോങ്കോങ് (147), ഇന്തോനേഷ്യ (149).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.