ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം
text_fieldsദോഹ: വാരാന്ത്യത്തിൽ ശക്തമായ കാറ്റിനും കാഴ്ചാപരിധി കുറയാനും സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
ഏപ്രിൽ 13 മുതൽ ഏപ്രിൽ 15 ശനിയാഴ്ച വരെ ഇടവിട്ട മഴ, ഇടിമിന്നൽ, പൊടിക്കാറ്റ് എന്നിവക്ക് സാധ്യതയുണ്ട്. അന്തരീക്ഷം മേഘാവൃതമായിരിക്കും- കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
ദോഹ ഉൾപ്പെടെയുള്ള രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ പ്രത്യേകിച്ചും വടക്കൻ പ്രദേശങ്ങളിൽ ഈ ആഴ്ച നേരിയ മഴ ലഭിച്ചിരുന്നു.
വാരാന്ത്യ ദിവസങ്ങളിൽ ഏറ്റവും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 31 ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്നും കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച വടക്ക് ദിശയിൽ 20-30 നോട്ടിക്കൽ മൈൽ വേഗതയിൽ കാറ്റടിക്കാൻ ഇടയുണ്ട്. ഇത് 40 വരെ ഉയരാനും സാധ്യതയുണ്ട്. അതോടൊപ്പം കടലിൽ രണ്ടടി മുതൽ അഞ്ചടി വരെ ഉയരത്തിൽ തിരമാലക്കും ഉൾക്കടലിൽ 12 അടി വരെയുള്ള തിരമാലക്കും സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ കേന്ദ്രം അറിയിപ്പിൽ വ്യക്തമാക്കി. അസ്ഥിരമായ കാലാവസ്ഥയിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും ഇടിമിന്നലുള്ള സമയത്ത് സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാനും സിവിൽ ഏവിയേഷൻ അതോറിറ്റി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.