2022ൽ ഖത്തറിന് വൻ സമ്പത്തിക വളർച്ചയെന്ന് ലോകബാങ്ക്
text_fieldsദോഹ: ഫുട്ബാൾ ലോകകപ്പിലൂടെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രത്തിലേക്കുയരുന്ന ഖത്തറിന് 2022 സാമ്പത്തിക വളർച്ചയിൽ കൂടുതൽ കുതിപ്പ് സമ്മാനിക്കുമെന്ന് ലോകബാങ്കിന്റെ റിപ്പോർട്ട്.
കോവിഡ് പ്രതിസന്ധിയെ അതിജീവിക്കുകയും ലോകകപ്പ് ഫുട്ബാളിലൂടെ ശക്തമായ മുന്നേറ്റം നേടുകയും ചെയ്യുന്ന രാജ്യത്തിന് ആഭ്യന്തര ഉൽപാദനത്തില് 4.9 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം മൂന്ന് ശതമാനമായിരുന്നു ആഭ്യന്തര വളർച്ച രേഖപ്പെടുത്തിയത്.
ആഗോളതലത്തില്‍ വാതക ഇന്ധനത്തിന്റെ ആവശ്യകത കൂടുന്ന സാഹചര്യത്തില്‍ എൽ.എൻ.ജി കയറ്റുമതി കൂട്ടുന്നതോടെ സാമ്പത്തിക വളർച്ച കൂടുതൽ അനായാസം കൈവരിക്കാനാകുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ലോകത്ത് സൃഷ്ടിക്കുന്ന തിരിച്ചടി എണ്ണ-പ്രകൃതി വാതക കയറ്റുമതിയിൽ ഖത്തറിന് ഗുണകരമാവും. പ്രകൃതി വാതക മേഖലയിലെ പര്യവേക്ഷണവും ഉൽപാദനവും വർധിപ്പിക്കാനുള്ള നീക്കവും റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
രാജ്യത്തെ ജനങ്ങളുടെ വാങ്ങല്‍ശേഷി ഉയര്‍ന്നുനില്‍ക്കുന്നതും സാമ്പത്തിക വളര്‍ച്ചയുടെ സൂചനയാണ്. ലോകകപ്പ് ഫുട്ബാളിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന് സാമ്പത്തിക മേഖലയിലെ കുതിപ്പ് കൂടുതല്‍ ഊര്‍ജം നല്‍കും. അതേസമയം, കോവിഡിന് മുമ്പത്തെ സാമ്പത്തിക അവസ്ഥയിലേക്ക് തിരികെയെത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും. 2023നുശേഷം മാത്രമേ ഈ വളർച്ചയിലേക്ക് ഉയരാനാവൂ.
കോവിഡ് മഹാമാരിയിൽനിന്ന് മുക്തരായതിന്റെ മികവ് മിഡിലീസ്റ്റ്, വടക്കേ ആഫ്രിക്ക മേഖലയിലും പ്രകടമാവുമെന്നും റിപ്പോർട്ടിൽ പറയുന്നു. ആകെ 5.2 ശതമാനമാണ് വളർച്ച. 2016ന് ശേഷം മേഖല കൈവരിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക വളർച്ചയാണിത്. എണ്ണവിലക്കയറ്റം തന്നെയാണ് തിരിച്ചുവരവിലെ പ്രധാന ഘടകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.