ലോകകപ്പ് അരങ്ങൊഴിഞ്ഞു; എക്സ്പോയെ വരവേറ്റ് മെട്രോ
text_fieldsദോഹ: ലോകകപ്പിന്റെ ലോഗോയും നിറങ്ങളും ഭാഗ്യചിഹ്നങ്ങളും പേറി അടിമുടി ഫുട്ബാൾ ലഹരിയിലായിരുന്ന ദോഹ മെട്രോകൾക്ക് ഇനി പുതിയ രൂപവും ഭാവവും. കഴിഞ്ഞ ഏതാനും വർഷമായി ലോകകപ്പ് ഫുട്ബാളിന്റെ പ്രധാന ആകർഷണമായിരുന്ന അലങ്കരിച്ച ദോഹ മെട്രോ ഇപ്പോൾ, പുതിയ വിരുന്നിനെ വരവേൽക്കാനായി മാറിക്കഴിഞ്ഞു. ഒക്ടോബറിൽ തുടങ്ങി ആറുമാസം നീണ്ടു നിൽക്കുന്ന ദോഹ എക്സ്പോയെ വരവേൽക്കുന്നതിനായി മെട്രോകളുടെ അലങ്കാരങ്ങൾ ആരംഭിച്ചതായി ഖത്തർ റെയിൽ അറിയിച്ചു.
മെട്രോ സ്റ്റേഷനിലെ ചില്ലു മതിലുകൾ, കോണിപ്പടികൾ, എസ്കലേറ്റർ, ലിഫ്റ്റിനോടു ചേർന്ന മതിലുകൾ, കവാടങ്ങൾ... അങ്ങനെ ദോഹ എക്സ്പോയുടെ നിറങ്ങളും സന്ദേശങ്ങളും എഴുതിയും പകർത്തിയും ലോകത്തെ വലിയ ഹോർട്ടികൾചറൽ പ്രദർശനത്തെ വരവേൽക്കുകയാണ് മെട്രോ.
മിഡിൽ ഈസ്റ്റിലും വടക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടുന്ന മിന മേഖലയിലുമായി ആദ്യമായെത്തുന്ന എക്സ്പോയുടെ സന്ദേശങ്ങൾ പകരുന്ന വിധത്തിൽ അലങ്കാരങ്ങൾ തീർത്തതായി ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഖത്തർ റെയിൽ അറിയിച്ചു.
നേരത്തെ ലോകകപ്പ് ഫുട്ബാളിന്റെ പ്രധാന കേന്ദ്രമായിരുന്നു ദോഹ മെട്രോ. ഇതേ മാതൃകയിൽ, ട്രെയിനും സ്റ്റേഷനും മറ്റും അടിമുടി ലോകകപ്പ് ബ്രാൻഡിങ്ങിനായി മാറിയതുമുതൽ കളി തുടങ്ങിയപ്പോഴും മെട്രോ പ്രധാന കേന്ദ്രമായി. 14 ലക്ഷത്തോളം ആരാധകർക്ക് ലോകകപ്പ് വേദികളിലേക്ക് സുഗമമായ യാത്രക്കുള്ള വേദിയും മെട്രോ തന്നെയായി മാറി. അതേ മാതൃകയിൽ തന്നെയാവും ദോഹ എക്സിബിഷൻ സമയത്തും മെട്രോയുടെ സേവനങ്ങൾ. ഒക്ടോബർ രണ്ടിന് തുടങ്ങി 2024 മാർച്ച് 28 വരെ നീണ്ടുനിൽക്കുന്ന ദോഹ എക്സ്പോയിൽ 30 ലക്ഷത്തോളം സന്ദർശകരെയാണ് ഖത്തർ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.