കാൽപന്തിെൻറ വിശ്വപോര് രണ്ട് കൊല്ലം അരികെ
text_fieldsദോഹ: ലോകം ഖത്തറിലേക്ക് ചുരുങ്ങുന്ന കാൽപന്തിെൻറ വിശ്വപോരിന് ഇനി കൃത്യം രണ്ടുവർഷം മാത്രം. 2022 നവംബർ 21ന് ദോഹ സമയം ഉച്ചക്ക് ഒന്നിന് അൽബെയ്ത് സ്റ്റേഡിയത്തിൽ ഫിഫ ലോകകപ്പിന് ആദ്യവിസിൽ മുഴങ്ങും. കണ്ണും കാതും കൂർപ്പിച്ചുള്ള കാത്തിരിപ്പാണ് ഇനിയുള്ള രണ്ടുവർഷം. കോവിഡ് തീർത്ത പ്രതിസന്ധികൾക്കിടയിലും ഒരുക്കം തടസ്സമില്ലാതെ നീങ്ങുന്നു. ആകെ എട്ട് സ്റ്റേഡിയങ്ങൾ. ഖലീഫ, അൽ ജനൂബ്, എജുക്കേഷൻ സിറ്റി സ്റ്റേഡിയങ്ങൾ ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. അൽ െബയ്ത്, റയ്യാൻ സ്റ്റേഡിയങ്ങൾ ഉടൻ തുറക്കും.
60,000 പേർക്കിരിക്കാവുന്ന അൽബെയ്ത് സ്റ്റേഡിയത്തിെൻറ വിസ്മയക്കാഴ്ചകളിലേക്ക് കൂടിയാണ് ഉദ്ഘാടനമത്സരം മിഴിതുറക്കുക. ലോകത്തിലെ ഏറ്റവും വലിയ ടെൻറിെൻറ മാതൃകയിലാണ് സ്റ്റേഡിയം. നിർമാണപ്രവൃത്തികൾ അവസാനഘട്ടത്തിൽ.
ഉച്ച തിരിഞ്ഞ് 1.00, 4.00 വൈകീട്ട് 7.00, രാത്രി 10.00 എന്നിങ്ങനെയാണ് ഗ്രൂപ്പ് മത്സരങ്ങളുടെ കിക്കോഫ് സമയം. ടീമുകൾക്ക് വിശ്രമിക്കാൻ ആവശ്യമായ സമയം കിട്ടുന്ന തരത്തിൽ 12 ദിവസമായാണ് ഗ്രൂപ്പ് ഘട്ടം. ദിവസം നാല് മത്സരങ്ങൾ. നോക്കൗട്ട് റൗണ്ട് മത്സരങ്ങൾ വൈകീട്ട് 6.00നും 10.00നും നടക്കും. മൂന്നാം സ്ഥാനക്കാരെ കണ്ടെത്തുന്നതിനായുള്ള പ്ലേ ഓഫ് മത്സരത്തിന് ഖലീഫ രാജ്യാന്തര സ്റ്റേഡിയം ഡിസംബർ 17ന് വേദിയാകും. ഖത്തർ ദേശീയദിനമായ ഡിസംബർ 18ന് വൈകീട്ട് ആറിന് ലുസൈൽ സ്റ്റേഡിയത്തിലാണ് ഫൈനൽ പോരാട്ടം. 80,000 കാണികൾക്കിരിക്കാൻ ശേഷിയുള്ളതാണ് ഈ സ്റ്റേഡിയം. ഇന്ത്യക്കാർക്ക് ഏറെ അനുയോജ്യമായ സമയത്താണ് മത്സരങ്ങൾ എന്നതിനാൽ ടെലിവിഷനിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ കാണുന്ന ലോകകപ്പായിരിക്കും ഇത്. മലയാളികളടക്കമുള്ള റെക്കോഡ് ഇന്ത്യക്കാർ നേരിട്ടും കളി കാണാൻ എത്തും.
എല്ലാ ലോകകപ്പ് സ്റ്റേഡിയങ്ങളും അടുത്തടുത്തായാണുള്ളത്. അതിനാൽ റോഡുമാർഗവും ദോഹ മെട്രോ വഴിയും സ്റ്റേഡിയങ്ങളിലേക്ക് എളുപ്പത്തിലെത്താം.ലോകകപ്പ് ഫൈനൽ റൗണ്ടിലേക്കുള്ള യോഗ്യതാ റൗണ്ട് അവസാനിക്കുന്ന 2022 മാർച്ച് അവസാനത്തോടെ പങ്കെടുക്കുന്ന ടീമുകളുടെ അവസാന ചിത്രം തെളിയും. മാർച്ചിന് ശേഷമായിരിക്കും ടീമുകളുടെ ഗ്രൂപ്പ് നറുക്കെടുപ്പ്.ലോകകപ്പ് ടിക്കറ്റുകൾ FIFA.com/tickets എന്ന വെബ്സൈറ്റ് വഴി മാത്രമായിരിക്കും വിൽപന നടത്തുക. മത്സരങ്ങളുടെ സമയം, ടിക്കറ്റ് നിരക്ക് തുടങ്ങിയ വിവരങ്ങൾ പിന്നീട് പുറത്തുവിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.