നാളുകളെണ്ണി ഫുട്ബാൾ ലോകം; ഇനി 400 നാൾ
text_fieldsകെ. ഹുബൈബ്
ദോഹ: നാളുകളെണ്ണി 400െലത്തി. വിശ്വമേളക്ക് പന്തുരുളുന്നതിെൻറ കാത്തിരിപ്പുദിനങ്ങൾ കുറഞ്ഞുവരുന്നു. അറബ് മണ്ണിലെ ആദ്യ ലോകകപ്പിനെ വരവേൽക്കാൻ ഖത്തർ അടിമുടി ഒരുങ്ങിക്കഴിഞ്ഞു. കോവിഡിെൻറ ഭീതിയകന്ന് ജീവിതതാളം വീണ്ടെടുക്കപ്പെട്ടത്തോടെ ഖത്തറും ഉണരുകയാണ്. ഈ ഒക്ടോബറിൽ ഫുട്ബാളിെൻറ ചെറിയ പൂരത്തിന് തിരിതെളിയും. 22ന് അൽ തുമാമ സ്റ്റേഡിയത്തിൽ നടക്കുന്ന ഖത്തർ ആഭ്യന്തര ചാമ്പ്യൻഷിപ്പായ അമീർ കപ്പിെൻറ ഫൈനൽ അങ്കം വിശ്വമേളയിലേക്കുള്ള വിളംബരമാവും. ശേഷം, അടുത്ത മാസം നവംബർ. ഖത്തർ ലോകത്തിന് മുന്നിൽ വിസ്മയച്ചെപ്പ് തുറക്കുന്ന മാസം. 16 അറബ് ടീമുകൾ മാറ്റുരക്കുന്ന ഫിഫ അറബ് കപ്പ് ചാമ്പ്യൻഷിപ്പോടെ കളിയാരവങ്ങൾക്ക് കിക്കോഫ് കുറിക്കുകയായി. നവംബർ 30ന് തുടങ്ങി ഡിസംബർ 18വരെ നീളുന്ന അറബ് കപ്പ് വിശ്വമേളയുടെ ടെസ്റ്റ് ഡോസായിരിക്കും എന്നാണ് സംഘാടകർ പ്രഖ്യാപിച്ചത്. ലോകകപ്പിനുള്ള എട്ടിൽ ആറ് വേദികളിലും അറബ് കപ്പിെൻറ പന്തുരുളും. ലോകകപ്പിെൻറ ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയം ഒഴികെ എല്ലാം അറബ് കപ്പിനു മുേമ്പ പൂർണമായും സജ്ജമാവും. നിർമാണങ്ങളെല്ലാം കഴിഞ്ഞെങ്കിലും ലുസൈലിലെ കളിമുറ്റം അടുത്തവർഷത്തോടെ മാത്രമേ ഉദ്ഘാടനം ചെയ്യപ്പെടുകയുള്ളൂ.
അറബ് കപ്പിനും ഒരാഴ്ച മുന്നേ ഖത്തർ വിശ്വമേളയിലേക്കുള്ള ഒരു വർഷ കൗണ്ട് ഡൗണിന് നവംബർ 21ന് കിക്കോഫ് കുറിക്കും. ശേഷം മാസങ്ങൾ, ആഴ്ചകളാവും. ആഴ്ചകൾ, ദിവസങ്ങളും മണിക്കൂറുകളുമായി എണ്ണിത്തീരുന്ന 2022 നവംബർ 21ലേക്കാണ് ലോകത്തിെൻറ മുഴുവൻ കാത്തിരിപ്പ്.
കോവിഡും കടന്ന്
മഹാമാരിയിൽ ലോകം പ്രതിസന്ധിയിലായപ്പോഴും ഖത്തറിെൻറ ലോകകപ്പ് ഒരുക്കങ്ങൾ ഒരിക്കൽപോലും മുടങ്ങിയിട്ടില്ല. അതിെൻറ ഫലമെന്നോണമാണ് ഒരു വർഷം മുേമ്പ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുങ്ങിയത്. മുൻകഴിഞ്ഞ ലോകകപ്പും ഒളിമ്പിക്സും ഉൾപ്പെടെ വലിയ മഹാമേളകളുടെ ചരിത്രത്തിെലാന്നുമില്ലാത്ത വേറിട്ടപാതയാണ് ഖത്തർ തുറന്നുനൽകിയത്.
ഓർമയില്ലേ ബ്രസീൽ വേദിയായ 2014 ലോകകപ്പും 2016 റിയോ ഒളിമ്പിക്സും. 2018 റഷ്യ ലോകകപ്പും 2017ൽ ഇന്ത്യവേദിയായ അണ്ടർ 17 ഫിഫ ലോകകപ്പുമെല്ലാം. വേദിനിർമാണങ്ങളുടെ കാലതാമസവും അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകളും കൊണ്ട് ഫിഫക്കും രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിക്കുമെല്ലാം പ്രാദേശിക സംഘാടകർക്കെതിരെ പല ഭീഷണി മുറകളും ഇറക്കേണ്ടിവന്നിരുന്നു. എന്നാൽ, ഖത്തറിൽ ചിത്രം വേറെയാണ്. ലോകകപ്പിലേക്ക് ഒരുവർഷത്തിലേറെ ഇനിയുമുണ്ടെങ്കിലും സംഘാടകർ അറ്റൻഷനായി നിൽക്കുന്നു.
അണിഞ്ഞൊരുങ്ങി തുമാമ; ഫാൻ ഐഡിയുടെ
അരങ്ങേറ്റം
ലോകകപ്പ് ആരവങ്ങളിലേക്ക് ഖത്തർ വാതിൽ തുറക്കുകയാണ്. ഒക്ടോബർ 22ന് നടക്കുന്ന അമീർ കപ്പ് ഫൈനൽ വിശ്വമേളയുടെ ആറാമത്തെ വേദിയായ അൽ തുമാമ സ്റ്റേഡിയത്തിെൻറ ഉദ്ഘാടനമായി പ്രഖ്യാപിച്ചാണ് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി രാജ്യത്ത് കളിയുടെ ആവേശത്തിന് തിരികൊളുത്തുന്നത്. മിനുക്കുപണികളും കഴിഞ്ഞ് വിളക്ക് തെളിയിച്ച് ഖത്തറിെൻറ കാഴ്ചകൾക്ക് സൗന്ദര്യം വർധിപ്പിക്കുകയാണ് തുമാമ സ്റ്റേഡിയം. പരമ്പരാഗത അറബ് തൊപ്പിയായ 'തഖിയ'യുടെ രൂപത്തിൽ നിർമിച്ച സ്റ്റേഡിയം ആതിഥേയ രാജ്യത്തിെൻറ പ്രൗഢിയും പാരമ്പര്യവും വിളംബരം ചെയ്യുന്നു.
ലോകകപ്പ് മുന്നിൽ കണ്ടുള്ള പരീക്ഷണങ്ങൾക്കും അമീർ കപ്പ് വേദിയാവും. ഫാൻ ഐഡിയാണ് അതിൽ പ്രധാനം. മത്സരങ്ങൾക്ക് ടിക്കറ്റെടുക്കുന്ന കാണികൾക്ക് നൽകുന്ന തിരിച്ചറിയൽ രേഖയാണ് ഫാൻ ഐഡി. 2018 റഷ്യ ലോകകപ്പിൽ പ്രാദേശിക സംഘാടകർ അവതരിപ്പിച്ച് വിജയിച്ച ഫാൻ ഐഡിക്ക് പുതുമയും സാങ്കേതികത്തികവും നൽകിയാണ് ഖത്തർ അവതരിപ്പിക്കുന്നത്. അമീർകപ്പിന് ടിക്കറ്റ് എടുത്തവർ, ക്യൂ.എഫ്.എയുടെ വെബ്സൈറ്റ് വഴി അപേക്ഷിച്ചശേഷം, നേരിട്ട് വാങ്ങുന്ന ഫാൻ ഐഡിയിലൂടെ മാത്രമായിരിക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനം. ഈ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് മത്സര ദിവസം ദോഹ മെട്രോയിൽ ഉൾപ്പെടെ സൗജന്യയാത്ര ലഭിക്കും.
തൊട്ടുപിന്നാലെ അറബ് കപ്പിലും പരീക്ഷിക്കുന്ന ഫാൻ ഐഡി തീർത്തും കുറ്റമറ്റതാക്കിമാറ്റി ലോകകപ്പിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.