ഫർണിച്ചറുകളുടെ ലോകം വരുന്നു
text_fieldsദോഹ: ഫർണിച്ചർ എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്ന ചില ചിത്രങ്ങളുണ്ട്. മേശയും കസേരയും സോഫയും ഉൾപ്പെടെ നമ്മൾ കണ്ടു ശീലിച്ച ഫർണിച്ചറുകൾ. എന്നാൽ, നിർമിത ബുദ്ധിയുടെ കാലത്ത് ഫർണിച്ചർ ലോകവും ആശയ സമ്പന്നവും ആകർഷകവുമാണെന്ന് ബോധ്യപ്പെടാൻ ദോഹയിലൊരു പ്രദർശനമെത്തുന്നു. ഖത്തർ മ്യൂസിയംസിനു കീഴിലെ എം സെവൻ സംഘടിപ്പിക്കുന്ന ഈ മേളയിലെത്തിയാൽ കാഴ്ചക്കാരന്റെ സങ്കൽപമെല്ലാം മാറുമെന്നുറപ്പ്.
ജർമനിയിലെ വിട്ര ഡിസൈൻ മ്യൂസിയത്തിന്റെ പങ്കാളിത്തത്തോടെ ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഫർണിച്ചർ ഡിസൈൻ ശേഖരങ്ങളുടെ പ്രദർശനമാണ് ഖത്തറിലെത്തുന്നത്. മാസ്റ്റർപീസ് ഓഫ് ഫർണിച്ചർ ഡിസൈൻ എന്ന പേരിൽ സെപ്തംബർ എട്ട് മുതൽ ഡിസംബർ ഒമ്പത് വരെയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
വിട്ര ഡിസൈൻ മ്യൂസിയം ഡയറക്ടർ ഡോ. മാറ്റിയോ ക്രൈസ് ക്യുറേറ്റ് ചെയ്ത പ്രദർശനത്തിൽ മ്യൂസിയത്തിന്റെ പ്രശസ്തമായ ശേഖരത്തിൽ നിന്നുള്ള 52 ആധുനിക ഫർണിച്ചറുകളിലൂടെ 18ാം നൂറ്റാണ്ട് മുതൽ ഇന്ന് വരെയുള്ള 200 വർഷത്തിലേറെയുള്ള ഫർണിച്ചർ ഡിസൈനുകളുടെ മാറ്റങ്ങളാണ് അവതരിപ്പിക്കുന്നത്.
ആധുനിക ഡിസൈനിലെ ഏറ്റവും പ്രമുഖരായ ഡിസൈനർമാരും ആർകിടെക്ടടുകളുമായ ലെ കർബുസിയർ, ചാൾസ് ആന്റ് റേ ഈമസ്, േഫ്ലാറൻസ് നോൾ, അൽവർ ആൾടോ, ഷാർലെ പെറിയാൻഡ്, മാഴ്സൽ ബ്രൂവർ, വിർജിൽ അബ്ലോഹ് എന്നിവരുടെ സൃഷ്ടികളും പ്രദർശനത്തിലുണ്ടാവും.
‘മാസ്റ്റർപീസ് ഓഫ് ഫർണിച്ചർ ഡിസൈൻ’ ഏറെ അഭിാമനത്തോടെയാണ് ഖത്തറിലെ സന്ദർശകർക്ക് മുമ്പാകെ എം സെവൻ അവതരിപ്പിക്കുന്നതെന്ന് ഡയറക്ടർ മഹ ഗാനിം അൽ സുലൈതി പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ഫർണിച്ചർ ഡിസൈനുകളുടെ ശേഖരം ദോഹയിലേക്ക് എത്തുകയാണ്. മേഖലയിൽ ആദ്യമായി ഇത്തരമൊരു പ്രദർശനമെത്തിക്കുന്നതിൽ വിട്ര ഡിസൈൻ മ്യൂസിയവുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. ദൈനംദിന ജീവിതത്തെ രൂപപ്പെടുത്തിയ ഫർണിച്ചർ ഡിസൈനിന്റെ രൂപമാറ്റം കാണാൻ കാത്തിരിക്കുന്നവർക്ക് വേറിട്ട അനുഭവമായിരിക്കും ഈ പ്രദർശനം -അൽ സുലൈത്തി പറഞ്ഞു.
കലാരൂപങ്ങൾ, കരകൗശല വസ്തുക്കൾ, ആർട്ട് നോവൗ, ബൗഹൗസ്, ഓർഗാനിക് ഡിസൈൻ, പോപ്പ്, സ്‌കാൻഡിനേവിയൻ, ഇറ്റാലിയൻ ആധുനികത ഡിസൈനുകൾ, ഉത്തരാധുനികത തുടങ്ങി നിരവധി ശൈലികളും കലാ ആശയങ്ങളും ഡിജിറ്റൽ യുഗത്തിന്റെ സ്വാധീനവും പ്രദർശനത്തിൽ വിശകലനം ചെയ്യും.
ഏഴ് മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് മാസ്റ്റർ പീസ് ഓഫ് ഫർണിച്ചർ ഡിസൈൻ പ്രദർശനം സംഘടിപ്പിക്കുക. പ്രദർശനങ്ങൾക്ക് പിന്നിലെ ആശയങ്ങളെയും രൂപകൽപനയുടെ രീതികളെയും കുറിച്ചുള്ള പശ്ചാത്തല വിവരങ്ങൾ നൽകുന്ന വിട്ര ഡിസൈൻ മ്യൂസിയത്തിലെ മറ്റു രേഖകളും പ്രദർശനത്തിനുണ്ടാകും. ആധുനിക ഫർണിച്ചർ ഡിസൈനിന്റെ ചരിത്രത്തെക്കുറിച്ച സമഗ്ര അവലോകനമായ അറ്റലസ് ഓഫ് ഫർണിച്ചർ ഡിസൈനൊപ്പമാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഇതിന്റെ രണ്ടാം പതിപ്പ് പ്രദർശനത്തിലെ റീഡിംഗ് കോർണറിൽ പ്രദർശിപ്പിക്കുകയും ഗിഫ്റ്റ് ഷോപ്പിൽ വാങ്ങാൻ ലഭ്യമാക്കുകയും ചെയ്യും. 540ലധികം ഡിസൈനർമാരുടെ 1740 സൃഷ്ടികൾ ഡോക്യുമെന്റ് ചെയ്ത് 20 വർഷത്തിലേറെ നീണ്ട ഗവേഷണത്തിന്റെ ഫലമായുള്ള അറ്റ്‌ലസിന് 1000ലധികം പേജുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.