ചൂടിൽ വേവാതെ നടക്കാനുണ്ട് പാർക്കുകൾ
text_fieldsചൂടിനൊപ്പം ജൂൺ പിറന്നു. ഇനി അകവും പുറവും ചുട്ടുപൊള്ളിക്കുന്ന ചൂടുകാലമാണ്. പുറത്തിറങ്ങി നടന്നാലും, വാഹനത്തിൽ കയറി യാത്രചെയ്താലും ചൂടിൽ നിന്ന് രക്ഷയില്ല. പൊടിക്കാറ്റ് കൂടിയെത്തുന്നതോടെ ജൂലൈ, ആഗസ്റ്റ് മാസങ്ങൾകൂടി കൊടുംചൂടിന്റെ കാലമായി. വീടിനകത്തിരുന്നാലും അതിരാവിലെയോ വൈകുന്നേരമോ പുറത്തിറങ്ങിയാലും ചൂടുകുറഞ്ഞൊരിടമില്ല എന്നതാണ് അറബ് നാട്ടിലെ പ്രത്യേകത. എന്നാൽ, ഖത്തറിൽ ചൂടുകാലത്തും പുറത്തിറങ്ങി ഇളം തണുപ്പോടെ സമയം ചെലവഴിക്കാനും വ്യായാമം ചെയ്യാനും കുടുംബത്തിനൊപ്പം ഉല്ലസിക്കാനും ചില ഇടങ്ങളുണ്ട്. പുറത്ത് 45 ഡിഗ്രിക്ക് മുകളിലാണ് ചൂടെങ്കിലും 26-28 ഡിഗ്രി തണുപ്പിൽ നടന്നുല്ലസിക്കാവുന്ന ഇടങ്ങൾ.
അൽ ഗറാഫ പാർക്ക്
ഖത്തറിലെ ആദ്യ എയർകണ്ടീഷൻഡ് പാർക്കാണ് അൽ ഗറാഫ പാർക്ക്. നല്ല ശീതീകരിച്ച ജോഗിങ്-വാക്കിങ് ട്രാക്കുകളുള്ള ഗറാഫയിൽ പ്രവേശനം സൗജന്യമാണ്. പച്ചപ്പും, തണുത്തകാറ്റ് എത്തുന്ന മേൽക്കൂരയും വശങ്ങളിലെ കവറിങ്ങുമെല്ലാമായി പൊതു ഇടത്തിലൊരു എ.സി പാർക്ക്. ദിവസം 3000 ത്തോളം പേർക്ക് എത്തിച്ചേരാൻ കഴിയുന്ന സൗകര്യങ്ങളോടെയാണ് അരലക്ഷം ചതുരശ്ര മീറ്റർ വിസ്താരമുള്ള പാർക്ക് സജ്ജമാക്കിയത്. ഇതിനൊപ്പം കുട്ടികൾക്ക് കളിയിടം, മരങ്ങൾ, വ്യായാമം ചെയ്യാനുള്ള സംവിധാനങ്ങൾ ഉൾപ്പെടെ വിപുലമായ സംവിധാനങ്ങളുമുണ്ട്.
ഉമ്മു അൽ സനീം പാർക്ക്
അൽ റയ്യാൻ മുനിസിപ്പാലിറ്റിക്കു കീഴിൽ വാദി അൽ തീബിയ സ്ട്രീറ്റിലാണ് ജോഗിങ്ങിനും നടക്കാനുമുള്ള എയർകണ്ടീഷൻഡ് ട്രാക്കുകളോടെ ഉമ്മു അൽ സനീം പാർക്കുള്ളത്. ഏറ്റവും വലിയ എ.സി ഔട്ട്ഡോർ പാർക്ക് എന്ന പേരിൽ ഗിന്നസ് വേൾഡ് റെക്കോഡിന് അവകാശി കൂടിയാണ് ഇവിടം. 1.143 കി.മീ നീളമാണ് ഈ ഔട്ട്ഡോർ എ.സി നടപ്പാതക്കുള്ളത്. പ്രവേശനം സൗജന്യമാണ്.
ഓക്സിജൻ പാർക്ക്
എയർകണ്ടീഷൻഡ് നടപ്പാതകളോടെയുള്ള ഓക്സിജൻ പാർക്ക് എജുക്കേഷൻ സിറ്റിക്കുള്ളിലാണ്. താമസക്കാർക്കും വിദ്യാർഥികൾക്കും സന്ദർശകർക്കുമെല്ലാം പ്രിയപ്പെട്ട ഇടം കൂടിയാണ് ഓക്സിജൻ പാർക്ക്. പ്രകൃതി ഭംഗിയുള്ള ചുറ്റുപാടിനൊപ്പം ഏത് ചൂടിലും തണലേറ്റ് കുളിരോടെ നടക്കാനും വ്യായാമം ചെയ്യാനും ഒഴിവു സമയം ചെലവഴിക്കാനുമുള്ള സംവിധാനങ്ങൾ ഇവിടെയുണ്ട്. കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, വാട്ടർ ഫൗണ്ടെയ്ൻ അങ്ങനെ നിരവധി ആകർഷണങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.